പെൺകുട്ടിയെ കാമുകൻ മർദിക്കുന്ന ദൃശ്യം | Screengrab: Youtube.com|News18 Bihar Jharkhand
റാഞ്ചി: ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ കാമുകനായ യുവാവ് അറസ്റ്റില്‍. പട്ന സ്വദേശിയായ അഭിഷേക് ഠാക്കൂര്‍ എന്നയാളെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ ഇറങ്ങിതിരിച്ചവരാണ് പ്രതിയും പെണ്‍കുട്ടിയുമെന്ന് പോലീസ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചതില്‍ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഫെയ്സ്ബുക്ക് ചാറ്റിനൊപ്പം ഫോണ്‍വിളിയും പതിവായിരുന്നു. മുംബൈയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടി തന്റെ സമ്പാദ്യത്തില്‍നിന്ന് പണംമുടക്കി കാമുകന് ബൈക്കും വാങ്ങിച്ചുനല്‍കി. ഏകദേശം മൂന്ന് വര്‍ഷത്തോളമായി തുടര്‍ന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
ജാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടി മുംബൈയിലായിരുന്നു താമസം. ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് കാമുകനായ അഭിഷേക് ഠാക്കൂറും മുംബൈയിലെത്തി. തുടര്‍ന്ന് തന്റെ സ്വദേശമായ പാട്നയിലേക്ക് പോകാമെന്നും വീട്ടുകാരോട് നേരിട്ട് കാര്യം അവതരിപ്പിക്കാമെന്നും കാമുകന് പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും പട്നയിലേക്ക് യാത്രതിരിച്ചെങ്കിലും പാതിവഴിയില്‍ എത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
യാത്രയ്ക്കിടെ ഗോഡ്ഡയില്‍ എത്തിയപ്പോള്‍ യുവാവിന്റെ മനസ്സ് മാറി. സ്വന്തം വീട്ടിലേക്ക് പോകാന്‍ യുവാവിന് താത്പര്യമില്ലാതായതോടെ പെണ്‍കുട്ടി ഇതിനെ ചോദ്യംചെയ്തു. ഇതോടെ പെണ്‍കുട്ടിയെ ഇയാള്‍ വഴക്കുപറയുകയും മര്‍ദിക്കുകയുമായിരുന്നു. ഗോഡ്ഡയില്വെച്ചുണ്ടായ ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഒന്നരലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നശേഷം യുവാവ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഉടന്‍തന്നെ അഭിഷേക് ഠാക്കൂറിനെ പിടികൂടി. നഷ്ടപ്പെട്ട പണവും ആഭരണങ്ങളും ഇയാളില്‍നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
Content Highlights: jharkhand girl thrashed and robbed by facebook lover
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..