Screengrab: Youtube.com|SanmargLive
രാംഘട്ട്: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹസരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയും ഗോഡ്ഡ സ്വദേശിയുമായ 22-കാരിയുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ പത്രാതു ഡാമില്‍നിന്ന് കണ്ടെടുത്തത്.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കരയ്ക്കെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹസരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ചയാണ് പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ആരോ ഡാമില്‍ എറിഞ്ഞതാണെന്നും പോലീസ് കരുതുന്നു. ഡാമിന്റെ സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ ബാഗും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
മൃതദേഹം കണ്ടെടുത്തതോടെ വിദ്യാര്‍ഥിനിയുടെ കുടുംബത്തെ പോലീസ് വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പത്രാതു ഡാമിലെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ പെണ്‍കുട്ടി കോളേജിലുണ്ടായിരുന്നതായി മെഡി. കോളേജ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് മണിയോടെ റാഞ്ചിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കോളേജില്‍നിന്ന് പോയതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്തെന്നും ബലാത്സംഗം നടന്നോ എന്നതുള്‍പ്പെടെ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും ഡി.ഐ.ജി. എ.വി. ഹോംകാര്‍ പറഞ്ഞു.
Content Highlights: jharkand medical students dead body found from dam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..