പ്രതീകാത്മക ചിത്രം | Photo: Reuters
ഹൈദരാബാദ്: ഒന്നരക്കിലോ സ്വർണമടങ്ങിയ ബാഗ് മഴവെള്ളത്തിൽ ഒലിച്ചുപോയെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നു. സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് പോലീസ് കണ്ടെടുത്തെങ്കിലും സ്വർണം മാത്രം കിട്ടിയില്ല. ഇതോടെ സ്വർണം കൊണ്ടുപോയെ ജൂവലറി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. സംഭവം മോഷണമാണെന്നാണ് പോലീസിന്റെ സംശയം.
ദിവസങ്ങൾക്ക് മുമ്പാണ് ഹൈദരാബാദിലെ ജൂവലറി ഉടമയും ജീവനക്കാരനും സ്വർണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ജൂബിലി ഹിൽസിലെ ജൂവലറിയിൽനിന്ന് ബഷീർബാഗിലെ ഓഫീസിലേക്ക് സ്വർണം കൊണ്ടുവരുന്നതിനിടെ സ്വർണമടങ്ങിയ ബാഗ് മഴവെള്ളത്തിൽ ഒലിച്ചുപോയെന്നായിരുന്നു പരാതി. ജീവനക്കാരനായ പ്രദീപ് കുമാർ ബോഡ്ഗെ സ്കൂട്ടറിലാണ് സ്വർണമടങ്ങിയ ബാഗ് കൊണ്ടുവന്നിരുന്നത്. ബഞ്ചറാഹിൽസിൽവെച്ച് സ്കൂട്ടർ വെള്ളക്കെട്ടിൽനിന്ന് പോയെന്നും മഴവെള്ളത്തിൽ ബാഗ് ഒലിച്ചുപോയെന്നുമാണ് പ്രദീപ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ജൂവലറി ഉടമയും ജീവനക്കാരനും പോലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് പിന്നീട് കണ്ടെടുത്തു. സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്നാണ് കാലിയായ ബാഗ് കണ്ടെത്തിയത്. ഇതോടെയാണ് സംഭവം മോഷണമാണെന്ന സംശയത്തിൽ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും വിശദവിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
Content Highlights:jewelry owner and employee filed complaint gold washed away in storm water
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..