ഇരകള്‍ ആണുങ്ങള്‍, ഷാഫിയുടെ അതേ മനോനില; ആരാണ് ജെഫ്രി ഡാമര്‍? ആ സീരിയല്‍ കില്ലര്‍ക്ക് സംഭവിച്ചത്‌..


സ്വന്തം ലേഖിക

ഇലന്തൂർ കൊലപാതകക്കേസിലെ പ്രതി ഷാഫി, അമേരിക്കൻ പരമ്പര കൊലയാളി ജെഫ്രി ഡാമർ

രകളായ സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുക, അവരുടെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള അവയവഭാഗങ്ങളില്‍ പൈശാചികമായി മുറിവേല്‍പിക്കുക, ജീവനോടെ വെട്ടിമുറുക്കി കഷണങ്ങളാക്കുക...മന്ത്രവാദനോവലുകളോ പൈശാചികനോവലുകളോ പോലുള്ള ത്രില്ലറുകളിലോ ഹൊറര്‍ സിനിമകളിലോ മാത്രം വായിച്ചോ കണ്ടോ പരിചയമുള്ള രംഗങ്ങള്‍ കേരളം പോലൊരു സംസ്ഥാനത്ത് നടന്നേക്കാനിടയുണ്ടെന്ന് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും മുതിരാത്ത മലയാളികള്‍ പൊടുന്നനെയൊരുദിവസമാണ് മുഹമ്മദ് ഷാഫിയെന്ന കൊടുംക്രൂരനിലേക്കെത്തുന്നത്. എന്ത്, എങ്ങനെ, എപ്പോള്‍ എന്നൊക്കെ ആദ്യം അന്ധാളിച്ചെങ്കിലും ലൈംഗിക വൈകൃതത്തിന്റെ പാരമ്യതലത്തില്‍ ആറാടി നടന്നിരുന്ന ഷാഫിയെ കുറിച്ച് അന്വേഷണസംഘവും മാധ്യമങ്ങളും ജനങ്ങളും വിവരങ്ങള്‍ തേടി. 75 കാരിയെ പോലും ബലാംത്സംഗം ചെയ്ത, അറുപതുകാരിയുമായി അടുപ്പത്തിലായ, മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ കണ്‍മുന്നില്‍ തന്നെ രതിയിലേര്‍പ്പെട്ട അത്യപൂര്‍വ്വ മനോനിലയുള്ള ഷാഫിയെ കുറിച്ച് നിരവധി വാര്‍ത്തകള്‍ തുടരെ പുറത്തെത്തി.

ബലി എന്ന് കേള്‍ക്കുമ്പോള്‍ കഴുത്തറുത്ത് കൊല്ലുന്ന രംഗമാവും ചിന്തയിലേക്കെത്തുന്നത്. എന്നാല്‍ ഇലന്തൂരില്‍ ബലി നല്‍കിയ സ്ത്രീകളെ കൊന്നത് ഒറ്റ വെട്ടിന് കഴുത്തറുത്തല്ല. ജനനേന്ദ്രിയത്തില്‍ കത്തികുത്തിയിറക്കാനും ചീറ്റുന്ന ചോര ശേഖരിക്കാനും ജീവനോടെ മാറിടവും മറ്റ് ശരീരഭാഗങ്ങളും മുറിച്ചെടുക്കാനും ഒടുവില്‍ കഴുത്തറുക്കാനും വെട്ടിനുറുക്കാനും നിര്‍ദേശിക്കുന്ന കൊടുംക്രിമിനല്‍. വ്യാജ ഐഡിയിലൂടെ ഭഗവല്‍സിങ്ങിനെ അടുപ്പത്തിലാക്കി അയാളേയും അയാളുടെ ഭാര്യയേയും തന്റെ ക്രിമിനല്‍ മാനസികതലത്തിലേക്കെത്തിച്ച് (അവരും ചിലപ്പോള്‍ ക്രിമിനല്‍ മാനസികാവസ്ഥ ഉള്ളവരാകാം) തന്റെ ആജ്ഞകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനുള്ള പാകത്തിലാക്കിയ ഷാഫി അതിവിദഗ്ധനായ ഒരു ദുര്‍മന്ത്രവാദി തന്നെയാണ്. ഇറച്ചിവെട്ടുകാരനായും മോര്‍ച്ചറിയില്‍ സഹായിയായും പ്രവര്‍ത്തിച്ച ഷാഫിയ്ക്ക് മാംസവും ചോരയുമൊക്കെ കണ്ട് അറപ്പുമാറിയിട്ടുണ്ടാവും. കൊല ചെയ്യുമ്പോള്‍ അയാള്‍ അനുഭവിക്കുന്നത് ഒരു പക്ഷെ രതിമൂര്‍ച്ഛയ്ക്ക് സമാനമായ ആനന്ദവും സംതൃപ്തിയുമായിരിക്കണം. കൊല്ലപ്പെട്ട സ്ത്രീകളുടെ മരണവേദനയില്‍ ഒരുപക്ഷെ ഷാഫി അത്യന്തം ആഹ്‌ളാദം അനുഭവിച്ചിട്ടുണ്ടാവണം.ജെഫ്രി ഡാമറിന് ഷാഫിയുമായി എന്താണ് ബന്ധം?

അമേരിക്കന്‍ സീരിയല്‍ കില്ലറായ ജെഫ്രി ഡാമറുമായി ഷാഫിയുടെ പ്രവൃത്തികള്‍ക്ക് ഏറെ സാമ്യതയുണ്ട്. ലൈംഗികവൈകൃതവും നരഭോജനവും ഡാമറിനുണ്ടായിരുന്നു. 1978നും 1991 നും ഇടയിലായി ഡാമര്‍ ചെയ്തത് 17 കൊലപാതകങ്ങളാണ്. അത്രയും കൊലപാതകങ്ങളാണ് കണ്ടെത്തിയത് എന്നുവേണമെങ്കില്‍ പറയാം. ചിലപ്പോള്‍ അതിലേറെ പേര്‍ ഡാമറിന്റെ ഇരകളായിട്ടുണ്ടാവാം. ഡാമറിന്റെ ഇരകളെല്ലാം തന്നെ ആണ്‍കുട്ടികളും പുരുഷന്‍മാരുമായിരുന്നു. അവസാനം ചെയ്ത കൊലപാതകങ്ങളിലെല്ലാം തന്നെ നെക്രോഫീലിയയും (മൃതദേഹത്തെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കല്‍), കാനിബാളിസവും (നരഭോജനം) സ്പഷ്ടമായി തെളിയിക്കപ്പെട്ടിരുന്നു. ഇരകളുടെ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന രീതിയും ഡാമര്‍ തുടര്‍ന്നിരുന്നു. ചില കേസുകളില്‍ മുഴുവനായോ മറ്റു ചിലപ്പോള്‍ അസ്ഥികൂടം മാത്രമോ ഡാമര്‍ സൂക്ഷിച്ചു പോന്നു. കുട്ടിക്കാലത്ത് തന്നെ ഡാമര്‍ മൃഗങ്ങളുടെ അസ്ഥികള്‍ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും തത്പരനായിരുന്നു.

മാതാപിതാക്കളുടെ അസ്വാരസ്യങ്ങള്‍ മാത്രം നിറഞ്ഞ ദാമ്പത്യം ഡാമറിന്റെ മാനസികനിലയെ ഏറെ സ്വാധീനിച്ചിരുന്നു. തുമ്പികളേയും നിശാശലഭങ്ങളേയും പിടികൂടി സൂക്ഷിക്കുന്ന പതിവും ഡാമര്‍ തുടര്‍ന്നിരുന്നു. പിന്നീട് ചത്ത മൃഗങ്ങളെ കൊണ്ടുവന്ന് കീറിമുറിയ്ക്കാനും സൂക്ഷിക്കാനും തുടങ്ങി. പതിനാലാം വയസ്സില്‍ മദ്യപാനം ആരംഭിച്ച ഡാമര്‍ ക്ലാസ് സമയങ്ങളില്‍ പോലും മദ്യപിച്ചിരുന്നു. പ്രായപൂര്‍ത്തിയായ കാലത്താണ് താനൊരു ഗേ ആണെന്ന് ഡാമര്‍ തിരിച്ചറിയുന്നത്. പുരുഷന്‍മാരോടാണ് തനിക്ക് പ്രണയവും കാമവും തോന്നുന്നതെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ തന്നെ ആകര്‍ഷിക്കുന്ന പുരുഷന്‍മാരെ കുറിച്ച് അവരുടെ ശരീരം കീറിമുറിക്കുന്നതുള്‍പ്പെടെയുള്ള സങ്കല്‍പങ്ങള്‍ ഡാമറിനുണ്ടായിരുന്നു. പതിനാറാമത്തെ വയസ്സില്‍ സ്ഥിരമായി കാണുന്ന ഒരു യുവാവിനെ ലൈംഗികമായി ഉപയോഗപ്പെടുത്തണമെന്ന ആഗ്രഹത്തോടെ അയാളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ആ ശ്രമം പരാജയപ്പെടുകയും ചെയ്തതായി ഡാമര്‍ പിന്നീട് മൊഴി നല്‍കിയിരുന്നു.

1978 ലാണ് ഡാമര്‍ ആദ്യകൊലപാതകം ചെയ്യുന്നത്. 19 കാരനായ മാര്‍ക് ഹിക്‌സിന്റെ വിടര്‍ന്ന മാറിടത്തില്‍ ആകൃഷ്ടനായാണ് ഡാമര്‍ അയാളുമായി ചങ്ങാത്തത്തിലാവുന്നത്. മദ്യപിക്കാനെന്ന വ്യാജേന ഹിക്‌സിനെ വീട്ടിലെത്തിച്ച ഹാമറിന് ഹിക്‌സിന്റെ പെണ്‍പ്രണയകഥകള്‍ അരോചകമായി. ഹിക്‌സ് തന്നെ വിട്ടുപോകാതിരിക്കാന്‍ ഹാമറിന് അയാളെ കൊല്ലുക മാത്രമായിരുന്നു വഴിയായി തോന്നിയത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഹിക്‌സിന്റെ ശരീരത്തില്‍ നിന്ന് വസ്ത്രങ്ങള്‍ നീക്കി, അയാളുടെ മാറിടത്തില്‍ തഴുകി ഡാമര്‍ സ്വയംഭോഗം ചെയ്തു. അടുത്ത ദിവസം മൃതശരീരം കീറിമുറിച്ച് കുഴിച്ചുമൂടി. ദിവസങ്ങള്‍ക്ക് ശേഷം കുഴിയില്‍ നിന്ന് അസ്ഥികള്‍ പെറുക്കിയെടുത്തു. അഴുകിയ മാംസഭാഗങ്ങള്‍ ആസിഡില്‍ ലയിപ്പിച്ച ക്ലോസറ്റിലൊഴിച്ചു. അസ്ഥികള്‍ പൊടിച്ച് വീടിന് സമീപത്തെ കാട്ടില്‍ വിതറി. പഠനത്തില്‍ പിന്നാക്കമായിരുന്ന ഡാമര്‍ അച്ഛന്റെ നിര്‍ദേശപ്രകാരം സൈനികസേവനത്തില്‍ പ്രവേശിച്ചു. പക്ഷെ അതിലും പരാജയപ്പെട്ട ഡാമര്‍ 1981 ല്‍ വിരമിച്ചു. ഡാമറിന്റെ അമിതമദ്യപാനവും അതിനുകാരണമായി. പിന്നീട് പല ജോലികളിലും പ്രവേശിച്ചെങ്കിലും ഒന്നിലും ഉറച്ചുനില്‍ക്കാനായില്ല.

ഗേ ബാറുകളിലും മറ്റും ചുറ്റിത്തിരിഞ്ഞ് തനിക്ക് പറ്റിയ പങ്കാളികളെ കണ്ടെത്തി താമസസ്ഥലത്തെത്തിച്ച് മയക്കുമരുന്ന് നല്‍കി അവര്‍ ഉറങ്ങാനായി കാത്തിരിക്കുകയായിരുന്നു ഡാമറിന്റെ പതിവ്. പണം നല്‍കാമെന്ന വാഗ്ദാനത്തിലാണ് പലപ്പോഴും പങ്കാളികളെ ഡാമര്‍ പ്രലോഭിച്ചിരുന്നത്. അതിനുശേഷമായിരുന്നു അയാളുടെ ലൈംഗികപ്രകടനങ്ങള്‍. പിന്നീട് മൃതദേഹം മോഷ്ടിച്ച് കൊണ്ടുവന്ന് ലൈംഗികത നടത്താനാരംഭിച്ചു. ഡാമറിന്റെ ലൈംഗിക വൈകൃതങ്ങള്‍ പലപ്പോഴും പരാതികളായി തീരുകയും ഇയാള്‍ പിടിക്കപ്പെടുകയും ചെയ്തിരുന്നു. 1991 ലാണ് ഡാമര്‍ സീരിയല്‍ കില്ലര്‍ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഇയാള്‍ നടത്തിയ കൊലപാതകങ്ങള്‍ പുറത്തറിയുന്നത്. ഇയാളുടെ താമസസ്ഥലത്ത് നിന്ന് മുറിച്ചെടുത്ത കൈകള്‍, അസ്ഥികൂടങ്ങള്‍, ലിംഗങ്ങള്‍, തലയോട്ടികള്‍, ശരീരഭാഗങ്ങള്‍ ആസിഡില്‍ അലിയിക്കാന്‍ ഉപയോഗിച്ച ഡ്രമ്മുകള്‍, ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മനുഷ്യ ഹൃദയങ്ങള്‍, കൈകളുടെ പേശികള്‍, കൈകാലുകള്‍ വെട്ടിമാറ്റിയ ഉടല്‍, വിവിധ അവയവങ്ങള്‍ എന്നിവ പോലീസ് കണ്ടെത്തി. മിക്ക കൊലപാതകങ്ങള്‍ക്ക് ശേഷവും മൃതദേഹവുമായി ലൈംഗികബന്ധം നടത്തിയതായി ഡാമര്‍ കുറ്റസമ്മതം നടത്തി. 16 ജീവപര്യന്തങ്ങളാണ് (947 കൊല്ലം) ഡാമറിന്റെ 17 കൊലക്കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ചത്. 1994 ല്‍ സഹത്തടവുകാരന്റെ അടിയേറ്റായിരുന്നു ആ കൊടുകുറ്റവാളിയുടെ മരണം.

ജെഫ്രി ഡാമറിന്റെ മനോവികാരതലമാണോ ഷാഫിയ്ക്ക്?

ഷാഫിയിലും ഒരു പരമ്പര കൊലയാളി ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വളറെ ആസൂത്രിതമായി തന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ശേഷിയുള്ള ഷാഫിയെ അതിവിദഗ്ധനായ ഒരു ക്രിമിനലായി തന്നെ കരുതേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കൊലപാതകങ്ങള്‍ കൂടാതെ ചിലപ്പോള്‍ വേറെയും കുറ്റകൃത്യങ്ങള്‍ ഷാഫി ചെയ്തിട്ടുണ്ടാവാം. കൊലപ്പെടുത്തിയ പത്മയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് കാശുവാങ്ങാനും ഷാഫി മടിച്ചില്ല എന്നത് അയാളിലെ നരാധമനെ വെളിപ്പെടുത്തുന്നു. കൊലപ്പെടുത്തിയവരുടെ മാംസം പാകം ചെയ്ത് ഷാഫി കഴിച്ചതായും പറയപ്പെടുന്നു. അത് ഭക്ഷിക്കുമ്പോള്‍ അയാളില്‍ എന്ത് വികാരമാണുണ്ടായിരുന്നതെന്നത് അവ്യക്തമാണ്. ഒരുപക്ഷെ അതിലും അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നിരിക്കാം. മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈല മൊഴി നല്‍കിയിരുന്നു. റോസിലിന്റെ ആന്തരികാവയവങ്ങള്‍ അപ്രത്യക്ഷമായിരുന്നു. ഷാഫിയുടെ നിര്‍ദേശമനുസരിച്ചതായിരിക്കാം ലൈലയും ഭഗവല്‍ സിങ്ങും. സത്യമെന്തെന്ന് തിരിച്ചറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഷാഫിയുടെ ക്രൂരതയുടെ ഇനിയുമേറെ കഥകള്‍ ചിലപ്പോള്‍ വെളിച്ചത്തുവന്നേക്കാം. തികഞ്ഞൊരു സൈക്കോപാത്ത് എന്നാണ് ഷാഫിയെ പോലീസ് വിശേഷിപ്പിച്ചത്-ഇരകളുടെ വേദനയില്‍ ആനന്ദമൂര്‍ച്ഛ നേടുന്ന മനോവൈകൃതമുള്ളവന്‍.

ഷാഫിയെ പോലെ മനോവികാരമുള്ള ഒരാള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്ന് ഫാന്റസിലോകത്തായിരിക്കും ജീവിക്കുന്നതെന്ന് അമിറ്റി യൂണിവേഴ്‌സിറ്റിയിലെ ഫൊറന്‍സിക് സയന്‍സ് ആന്‍ഡ് സൈക്കോളജി വിഭാഗം പ്രൊഫസറായ ഡോക്ടര്‍ രജത് മിത്ര ഫസ്റ്റ്‌പോസ്റ്റിനോട് പ്രതികരിച്ചു. നരഭോജനം പോലുള്ള പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് അയാള്‍ പൂര്‍ണമായും വിഭ്രാന്തിയുടെ ലോകത്താണുള്ളതെന്നാണ്. വെട്ടി നുറുക്കുന്നതും പാകം ചെയ്ത് ഭക്ഷിക്കുന്നതും സൂചിപ്പിക്കുന്നത് ആ പ്രവൃത്തികളില്‍ അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു എന്നതാണെന്നും ഡോക്ടര്‍ മിത്ര പറഞ്ഞു. സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി ചീറ്റുന്ന രക്തം കണ്ട് ആനന്ദിച്ച് ഇരകളുടെ വേദന കണ്ട് ആഹ്‌ളാദിക്കുന്ന ഒരുവന്‍ ഒരു യഥാര്‍ഥ സൈക്കോപാത്ത് തന്നെയാവണം. ഷാഫിയെ കുറിച്ചുള്ള സത്യമെന്തെന്ന് അടുത്തുതന്നെ അന്വേഷണസംഘം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ഒരു പക്ഷെ കേരളം കണ്ട ഏറ്റവും വലിയ സൈക്കോ ക്രിമിനലാവാം ഷാഫിയെന്ന സത്യമാണോ നമ്മെ തേടിയെത്തുന്നതെന്ന് കാത്തിരുന്ന് കാണാം.

Content Highlights: Jeffrey Dahmer, Shafi Elanthoor, Human Sacrifice, Serial Killer, Serial Killings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented