'പല്ലുകടിച്ച് കൈനീട്ടി എന്തോ പറയാന്‍ശ്രമിച്ചു, ശേഷം കിടക്കയിലേക്കുവീണു'; ജയലളിതയുടെ അവസാനനിമിഷങ്ങള്‍


ജയലളിത, വി.കെ ശശികല | Photo:ANI

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത 75 ദിവസം നീണ്ട ആശുപത്രി വാസത്തിനിടെ കടന്നുപോയത് കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയും ശാരീരിക ബുദ്ധിമുട്ടുകളിലൂടെയുമെന്ന് റിപ്പോർട്ട്. ജയലളിതയുടെ മരണത്തേക്കുറിച്ചുള്ള ജസ്റ്റിസ് അറുമുഖസ്വാമി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തില്‍ തോഴി ശശികല ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ ജയലളിത തന്നോടു പറഞ്ഞ കാര്യങ്ങളേക്കുറിച്ച് കമ്മിഷന് മുന്‍പാകെ ശശികല തന്റെ ഭാഗം എഴുതി നല്‍കിയിരുന്നു. ജയലളിതയേക്കുറിച്ച് 'അക്കാ' എന്ന് അഭിസംബോധനചെയ്താണ് ശശികല തന്റെ മൊഴി എഴുതിനല്‍കിയത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നു. തനിക്ക് ശാരീരിക ബുദ്ധിമുട്ടും ക്ഷീണവും അനുഭവപ്പെടുന്നുവെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നതായി ശശികല പറയുന്നു.2016 മുതല്‍ അക്കയ്ക്ക് ശരീരമാകെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭപ്പെട്ടിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ പോലും വളരെയേറെ കഷ്ടപ്പെട്ടിരുന്നു.ചില സ്റ്റിറോയിഡുകള്‍ ചെറിയ അളവില്‍ നല്‍കിയിരുന്നു. പിന്നീട് ചെറിയ ആശ്വാസം ലഭിച്ചുതുടങ്ങിയപ്പോള്‍ മരുന്നിന്‍റെ അളവ് കുറയ്ക്കുകയായിരുന്നു- ശശികല പറയുന്നു. പിന്നീട് ഒരിക്കല്‍ പനി ബാധിച്ച് വീട്ടിലെത്തിയ അക്കയോട് ആശുപത്രിയില്‍ പോകാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല. ശശി എനിക്ക് വളരെ ക്ഷീണം തോന്നുന്നു എന്ന് പറഞ്ഞ് അക്ക എന്റെ തോളിലേക്ക് വീണുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ അവസാന നാളുകളില്‍ വളരെയധികം ഭക്തി ഗാനങ്ങള്‍ ജയലളിത കേട്ടിരുന്നു. തന്റെ ഇഷ്ട ദൈവങ്ങളുടെ ചിത്രങ്ങളും ചെറിയ പ്ലാസ്റ്റിക് ചെടികളും ആശുപത്രി കിടക്കയ്ക്ക് സമീപം സൂക്ഷിച്ചിരുന്നു. സര്‍ക്കാര്‍ സംബന്ധമായ യോഗങ്ങളിലും പതിവായി പങ്കെടുത്തിരുന്നതും ആശുപത്രിയില്‍ നിന്നാണ്. ഒരു ഘട്ടത്തില്‍ ആശുപത്രിവാസം അവസാനിപ്പാക്കമെന്ന അവസ്ഥയിലേക്ക് എത്തിയിരുന്നുവെന്നും ശശികല പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

തന്നെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ ഒരാളോട് മാവോ സെതുങ്ങിന്റെ പുസ്തകം വായിക്കാന്‍ നിര്‍ദേശിച്ചിരുന്നു. നേതൃത്വ ഗുണങ്ങള്‍ പഠിക്കാന്‍ ഈ പുസ്തകം വളരെയധികം സഹായിക്കുമെന്നും അതുകൊണ്ടാണ് പുസ്തകം വായിക്കാന്‍ നിര്‍ദേശിക്കുന്നതെന്നും ഡോക്ടറോട് പറഞ്ഞിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഭക്ഷണം നല്‍കുന്നത് ട്യൂബ് വഴിയായിരുന്നു. ഇത് മാറ്റണമെന്നും തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ജയലളിത ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.

അക്കയുടെ ആഗ്രഹപ്രകാരം അപ്പോളോ ആശുപത്രിയില്‍ ഇഡലി, പൊങ്കല്‍, വട തുടങ്ങിയവയാണ് കഴിക്കാന്‍ ചെറിയ അളവില്‍ നല്‍കിയിരുന്നത്. ഒരിക്കല്‍ അക്കാ എന്ന് ചെവിയില്‍ വിളിക്കാന്‍ ഡോക്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടു. അപ്രകാരം ചെയ്തപ്പോള്‍ അക്ക കണ്ണ് തുറന്ന് നോക്കിയ ശേഷം വീണ്ടും അടച്ചു. ഇതിന് പിന്നാലെ അക്കയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും തന്നോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെന്നും ശശികല പറയുന്നു. തുടര്‍ന്ന് അലറിക്കരഞ്ഞ താന്‍ ബോധരഹിതയായെന്നും ശശികല പറയുന്നു. ഡിസംബര്‍ 4ന് ആയിരുന്നു ഇത്.

ഭക്ഷണം സൂക്ഷിച്ചിരുന്ന ട്രോളി അക്കയുടെ അടുത്തേക്ക് നീക്കാന്‍ ശ്രമിച്ചപ്പോള്‍ നാവ് പുറത്തേക്ക് തള്ളിയിരുന്നു. പല്ലുകള്‍ കടിച്ചമര്‍ത്തി എന്തോ പറയാന്‍ ശ്രമിച്ചു, അക്കാ അക്കാ എന്ന് വിളിച്ചപ്പോള്‍ രണ്ട് കൈകളും എനിക്കുനേരെ നീട്ടിയശേഷം കിടക്കയിലേക്ക് വീണു. ഈ സമയം ഞാന്‍ ഓടിപ്പോയി താങ്ങിപ്പിടിക്കുകയായിരുന്നു, പെട്ടെന്ന് ഡോക്ടര്‍മാര്‍ എത്തി ഉടന്‍ ചികിത്സ നല്‍കിയതാണ് അവസാനനിമിഷങ്ങളില്‍ സംഭവിച്ചതെന്നും ശശികല പറയുന്നു.

എഡിഎംകെ ഇടക്കാല അധ്യക്ഷയായിരുന്ന ശശികലയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ജയലളിതയുടെ ചികിത്സയ്ക്കിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പല വൈരുധ്യങ്ങളുമുള്ളതായും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിലുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം അടക്കമുള്ളവര്‍ നിരവധി ആരോപണങ്ങളുമായി മുന്‍പ് രംഗത്തുവന്നിരുന്നു. പ്രധാനമായും വി.കെ ശശികലയ്ക്കെതിരെയായിരുന്നു ആരോപണങ്ങള്‍.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്ന് അധികാരത്തിലുണ്ടായിരുന്ന അണ്ണാ ഡി.എം.കെ സര്‍ക്കാര്‍, ജസ്റ്റിസ് അറുമുഖസ്വാമി അധ്യക്ഷനായ ഒരു ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. നിരവധി കണ്ടെത്തലുകളാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജയലളിതയുടെ മരണസമയവുമായി ബന്ധപ്പെട്ടതാണ് പ്രധാന വൈരുധ്യം. 2016 ഡിസംബര്‍ 5-ന് രാത്രി 11.30നാണ് ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിന് ഒന്നര ദിവസം മുന്‍പ് അവര്‍ മരിച്ചിരുന്നുവെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍. ഡിസംബര്‍ നാലിന് വൈകുന്നേരം മൂന്നിനും 3.50നും ഇടയിലുള്ള സമയത്ത് മരണം സംഭവിച്ചുവെന്നാണ് കമ്മിഷന്‍ കണ്ടെത്തയിരിക്കുന്നത്.

അതോടൊപ്പം, ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.വിദേശത്തുനിന്നുള്ള ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം സ്ത്രക്രിയ ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ലെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Content Highlights: jayalalitha, vk sasikala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented