ജാൻവി | Screengrab: Youtube.com|Timesnow
മുംബൈ: പുതുവത്സരാഘോഷത്തിനിടെ യുവതി മരിച്ചസംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തു. രണ്ടുപേരെ അറസ്റ്റുചെയ്തു. മുംബൈയ്ക്കടുത്ത് ഖര്‍ വെസ്റ്റില്‍ ഭഗവതി ഹൈറ്റ്സ് എന്ന കെട്ടിടത്തിന്റെ ടെറസില്‍ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് ജാന്‍വി കുക്രേജയെന്ന പത്തൊമ്പതുകാരി കൊല്ലപ്പെട്ടത്.
ജാന്‍വിയുടെ സുഹൃത്തുക്കളായ ശ്രീ ജോഗ്ധന്‍കര്‍ (22), ദിയ പദങ്കര്‍ (19) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ജാന്‍വിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീ വിരുന്നിനിടെ ദിയയുമായി അടുത്തിടപഴകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തില്‍ ശ്രീയെ ജാന്‍വി ചോദ്യം ചെയ്തു. ഇയാളും ദിയയും ചേര്‍ന്ന് ജാന്‍വിയെ മര്‍ദ്ദിച്ചു. താഴെയിറങ്ങുന്നതിനിടെ തള്ളിയിടുകയും ചെയ്തു. ജാന്‍വിയ്ക്കു പരിക്കു പറ്റിയെന്നറിഞ്ഞപ്പോള്‍ ഇരുവരും സ്ഥലം വിട്ടു. മറ്റു കൂട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള ബാബ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജാന്‍വിയെ രക്ഷിക്കാനായില്ല.
വഴക്കിനിടെ അബദ്ധത്തില്‍ ജാന്‍വി താഴെ വീണതാണെന്നാണ് കരുതിയിരുന്നതെങ്കിലും ശ്രീയും ദിയയും ചേര്‍ന്ന് തള്ളിത്താഴെയിട്ടതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. പുതുവത്സരത്തലേന്ന് രാത്രി വൈകിയാണ് ജാന്‍വിയെ വിരുന്നു നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയതെന്ന് അമ്മ നിധി കുക്രേജ പറഞ്ഞു.
കുടുംബവുമൊത്ത് അച്ഛന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന മകളെ ദിയ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. അരമണിക്കൂറിനകം തിരികെയെത്തിക്കാമെന്നാണ് പറഞ്ഞിരുന്നത്. കാണാതിരുന്നപ്പോള്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. മറ്റൊരു കൂട്ടുകാരിയുടെ രക്ഷിതാക്കളാണ് മകള്‍ക്ക് അപകടം പറ്റിയ കാര്യം രാവിലെ അറിയിച്ചത്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജാന്‍വി അപകടത്തില്‍പ്പെട്ടത്. അപ്പോള്‍ത്തന്നെ തങ്ങളെ വിവരം അറിയിച്ചിരുന്നെങ്കില്‍ മകളെ രക്ഷിക്കാനാകുമായിരുന്നെന്ന് നിധി പറയുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കൂട്ടുകാര്‍ ചെയ്തത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രി വൈകിയുള്ള വിരുന്നുകള്‍ക്ക് വിലക്കുണ്ടായിരുന്നു. അതു ലംഘിച്ചതിന് പരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ജാന്‍വിയടക്കം ഒമ്പതു പേരാണ് വിരുന്നില്‍ പങ്കെടുത്തത്.
Content Highlights: janvi death on new year eve in mumbai two arrested in murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..