മത്തേവോ മെസ്സീന ദിനാറോയുടെ പുതിയ ചിത്രം(ഇടത്ത്) പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയുള്ള ദൃശ്യം(വലത്ത്) | Photo: AP
'ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാം. അതെ, മത്തേവോ മെസ്സീന ദിനാറോ.'
പലേർമോയിലെ ക്ലിനിക്കിന് മുന്നിൽവെച്ച് പോലീസുകാരൻ പേര് ചോദിച്ചപ്പോൾ ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ തലവനായ മത്തേവോ മെസ്സീന ദിനാറോ പറഞ്ഞത് ഇത്ര മാത്രമായിരുന്നു. തുടർന്ന് ഒരെതിർപ്പും പ്രകടിപ്പിക്കാതെ മത്തേവോ മെസ്സീന പോലീസുകാർക്കൊപ്പം നീങ്ങി. സമീപത്തായി നിലയുറപ്പിച്ചിരുന്ന സായുധരായ നൂറുകണക്കിന് പോലീസുകാർ ഇതുകണ്ട് അമ്പരന്നു. കഴിഞ്ഞ 30 വർഷമായി എല്ലാ അന്വേഷണ ഏജൻസികളെയും വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന മാഫിയ ബോസ് തന്നെയാണോ പിടിയിലായതെന്ന് ഒരു നിമിഷം അവരും സംശയിച്ചു. വർഷങ്ങളോളം ഇറ്റലിയിലെ മാഫിയകളെ നിയന്ത്രിച്ച, ആഡംബരത്തിന്റെ പരകോടിയിൽ കഴിഞ്ഞിരുന്ന മാഫിയ ബോസ് ഒരു ചെറുത്തുനിൽപ്പിനു പോലും മുതിരാതെയാണ് പോലീസിന് പിടികൊടുത്തത്.
നീണ്ട മുപ്പതു വര്‍ഷമാണ് മത്തേവോ മെസ്സീന ദിനാറോ എന്ന മാഫിയ തലവന്‍ ഇറ്റലിയിലെ അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടാതെ കഴിഞ്ഞത്. ഒപ്പമുണ്ടായിരുന്നവരും സഹായികളുമെല്ലാം പല ഘട്ടങ്ങളിലായി പോലീസിന്റെ പിടിയിലായിട്ടും മത്തേവോ മെസ്സീനയെ മാത്രം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒളിവിലിരുന്നും ഇറ്റലിയിലെ മാഫിയകളെ നിയന്ത്രിച്ച, മാഫിയ തലവന്മാരുടെ തലവന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന മത്തേവോ മെസ്സീനയ്ക്ക് 60-ാം വയസിലാണ് വിലങ്ങ് വീണത്. നിരവധി കൊലപാതകങ്ങള്‍, മയക്കുമരുന്ന് കടത്ത്, പണം തട്ടിയെടുക്കല്‍... അങ്ങനെ കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയാണ് മത്തേവോയുടെ പേരിലുള്ളത്.
കുറ്റകൃത്യങ്ങളുടെ നാട്ടില്‍
1962-ല്‍ സിച്ചിലിയിലെ കാസ്റ്റെല്വെട്രാനോയിലാണ് മത്തേവോയുടെ ജനനം. പിതാവും ബന്ധുക്കളുമെല്ലാം പ്രദേശത്തെ മാഫിയ സംഘത്തിന്റെ ഭാഗമായിരുന്നു. കൗമാരം പിന്നിട്ടതോടെ സ്വാഭാവികമായി മത്തേവോയും കുറ്റകൃത്യങ്ങളുടെ ലോകത്തെത്തി. 1989-ല്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തായിരുന്നു 'അരങ്ങേറ്റം'. പിന്നീടങ്ങോട്ട് ചോര കണ്ട് കൊതി തീരാത്തവനെപ്പോലെ അഴിഞ്ഞാടി. അയാളുടെ കൈകള്‍ കൊണ്ട് നിരവധി ജീവനുകള്‍ പിടഞ്ഞുവീണു.
.jpg?$p=daee72f&&q=0.8)
1989-ല്‍ ആദ്യമായി ഒരു കൊലക്കേസില്‍ മത്തേവോ പ്രതിയായി. ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയതിനായിരുന്നു ആ കേസ്. മാഫിയകള്‍ക്കെതിരേ ജീവനക്കാരിയോട് നിരന്തരം പരാതിപ്പെട്ടിരുന്ന ഹോട്ടൽ ഉടമയാണ് അയാളുടെ കൊലക്കത്തിക്കിരയായത്. നിര്‍ഭാഗ്യവശാല്‍ ഹോട്ടൽ ഉടമ തന്റെ ആവലാതി പങ്കുവെച്ച ജീവനക്കാരി മത്തേവോയുമായി പതിവായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീയായിരുന്നു.
കൊന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ട് സെമിത്തേരി നിറയ്ക്കും...
ദിവസവും കൊലപാതകങ്ങള്‍ എന്ന രീതിയിലായിരുന്നു മത്തേവോ അഴിഞ്ഞാടിയിരുന്നതെന്നാണ് ഇറ്റലിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. താന്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ കൊണ്ട് സെമിത്തേരി നിറയ്ക്കുമെന്നും കൊടുംക്രൂരനായ മത്തേവോ വീമ്പിളക്കിയിരുന്നു. ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ സംഘമായ നോസ്ത്രയുടെ തലവനായിരുന്ന സാല്‍വദോര്‍ റിന്നയുടെ അടുത്ത അനുയായിയായിരുന്നു മത്തേവോ. 1993-ല്‍ റിന്ന അറസ്റ്റിലായതിന് പിന്നാലെ മത്തേവോ ഒളിവില്‍പോയി. പിന്നീടങ്ങോട്ട് 30 വര്‍ഷം ഒരു അന്വേഷണ ഏജന്‍സിക്കു പോലും പിടികൊടുക്കാതെയായിരുന്നു ഓപ്പറേഷന്.
ഇറ്റലിയെ ഞെട്ടിച്ച കൊടുംക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും മത്തേവോയുടെ സാന്നിധ്യമുണ്ടായിരുന്നു. മാഫിയ സംഘാംഗവും പിന്നീട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കുകയും ചെയ്ത ഡി മത്തേവോയുടെ 11 വയസ്സുള്ള മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതും മെസ്സീനയുടെ നേതൃത്വത്തിലായിരുന്നു. 11 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘം, രണ്ടു വര്‍ഷത്തോളമാണ് കുട്ടിയെ തടവില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആസിഡ് ബാരലിലിട്ട് അലിയിപ്പിക്കുകയും ചെയ്തു.
.jpg?$p=7b364d9&&q=0.8)
ആന്റി മാഫിയ പ്രോസിക്യൂട്ടര്‍മാരായിരുന്ന ജിയോവന്നി ഫാല്‍ക്കോണി, പൗളോ ബോര്‍സെലിനോ എന്നിവരെ കൊലപ്പെടുത്തിയ കേസിലും മത്തേവോ പ്രതിയാണ്. 1992-ലായിരുന്നു ഈ സംഭവം. 1993-ല്‍ റോമിലും ഫ്ളോറന്‍സിലും മിലാനിലും മറ്റിയോയും സംഘവും നടത്തിയ ബോംബാക്രമണത്തില്‍ പത്തു പേരാണ് കൊല്ലപ്പെട്ടത്. എതിര്‍സംഘത്തിന്റെ തലവനായ വിന്‍സെന്‍സോ മിലാസോയെയും ഇയാളുടെ കാമുകിയെയും 1992 ജൂലായില്‍ കൊലപ്പെടുത്തി. മൂന്നു മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം രണ്ട് മൃതദേഹങ്ങളും കുഴിച്ചിട്ടു.
1993 മുതല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മത്തേവോ ലഹരിമരുന്ന് കടത്തും ആയുധക്കടത്തും നിര്‍ബാധം തുടര്‍ന്നു. ആഡംബരപ്രിയനായിരുന്ന മത്തേവോ വില കൂടിയ സ്യൂട്ടുകളും ഗ്ലാസുകളുമാണ് ധരിച്ചിരുന്നത്. റോളക്സ് വാച്ചുകളും വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന കുപ്രസിദ്ധ നായകന് നിരവധി കാമുകിമാരുമുണ്ടായിരുന്നു. വന്‍കിട വ്യവസായികളും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ ഇയാള്‍ക്ക് വന്‍തോതില്‍ പണം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.
എവിടെ മത്തേവോ? വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം
പോലീസിനെയും അന്വേഷണ ഏജന്‍സികളെയും വെട്ടിച്ച് ഒളിവില്‍ കഴിയുന്നതിനിടെയും മത്തേവോ വിദേശരാജ്യങ്ങളിലേക്കടക്കം യാത്രകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. വെനസ്വേല, സ്പെയിന്, ബ്രസീല്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലടക്കം മത്തേവോ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, അയാളെ പിടികൂടാന്‍ മാത്രം കഴിഞ്ഞില്ല. ഇതേസമയം, സിച്ചിലിയിലും അതിനപ്പുറത്തുമുള്ള മാഫിയ ശൃംഖലകളുടെ പിന്തുണയിലും സംരക്ഷണയിലും മത്തേവോ സുഖലോലുപനായി കഴിയുകയും ചെയ്തു.
ചില രേഖാചിത്രങ്ങളും ശബ്ദശകലങ്ങളും മാത്രമാണ് മത്തേവോയെ തിരിച്ചറിയാനായി അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നത്. അതിനാല്‍തന്നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ കൂട്ടാളികളുടെ കൂടി സഹായത്തോടെയാണെന്നാണ് പലരും വിശ്വസിക്കുന്നത്. അര്‍ബുദബാധിതനായി, അനാരോഗ്യം വേട്ടയാടുന്ന ബോസിനെക്കൊണ്ട് ഇനി കാര്യമായ മെച്ചമില്ലെന്ന് കരുതി കൂട്ടാളികള്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയെന്നാണ് ഒരു വിഭാഗം കരുതുന്നത്. അതേസമയം, ഇത്തരത്തിലുള്ള ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ഇത്തരം വാദങ്ങള്‍ പോലീസ് നിഷേധിക്കുകയും ചെയ്തു.
പഴയ രീതിയിലുള്ള അന്വേഷണരീതികളും ആധുനിക സാങ്കേതികവിദ്യകളും സംയോജിപ്പിച്ചുള്ള അന്വേഷണത്തിലൂടെയാണ് ഏറ്റവുമൊടുവില്‍ കൊടുംക്രൂരനായ കുറ്റവാളിയെ പിടികൂടാന്‍ കഴിഞ്ഞതെന്നാണ് പോലീസിന്റെ വാദം. മത്തേവോ മെസ്സീനയുമായി അടുപ്പം പുലര്‍ത്തുന്നവരും ഇയാള്‍ക്ക് സഹായം നല്‍കുന്നവരുമെല്ലാം വര്‍ഷങ്ങള്‍ക്കിടെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മത്തേവോക്ക് സംരക്ഷണം ഒരുക്കുകയോ സഹായം നല്‍കുകയോ ചെയ്തെന്ന് സംശയിക്കുന്ന എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. മത്തേവോയുടെ സഹോദരി ഉള്‍പ്പെടെ ഇതുവരെ നൂറിലേറെ പേരെയാണ് പോലീസ് ഇത്തരത്തില്‍ പിടികൂടിയത്. 150 മില്യണ്‍ യൂറോയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
കാലക്രമേണ മത്തേവോ എന്ന കൊടുംകുറ്റവാളിയുടെ ശൃംഖലയില്‍ ഉള്‍പ്പെട്ടെ കണ്ണികളെയെല്ലാം വലയിലാക്കുകയെന്ന ദൗത്യമാണ് അന്വേഷണസംഘം ഏറ്റെടുത്തത്. മാഫിയ ശൃംഖലയുമായി ബന്ധപ്പെട്ട മിക്കവരും പോലീസ് വലയിലായതോടെ മത്തേവോ ഒറ്റപ്പെട്ടുതുടങ്ങി. ഏതു നിമിഷവും അന്വേഷണ ഏജന്‍സികളുടെ പിടിയിലാകുമെന്ന സ്ഥിതിയായി.
മത്തേവോയുടെ ബന്ധുക്കളുടെ ഫോണ്‍ സംഭാഷണങ്ങളെല്ലാം പോലീസ് ചോര്‍ത്തിയിരുന്നു. എന്നാല്‍, ഫോണ്‍ ചോര്‍ത്തുമെന്ന് ഉറപ്പിച്ചിരുന്ന ഇവരെല്ലാം ഒരു കാര്യവും സംഭാഷണങ്ങളില്‍ വിട്ടുപറഞ്ഞിരുന്നില്ല. ഇതിനിടെയാണ് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട ചില വാക്കുകളും പ്രയോഗങ്ങളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന മത്തേവോ അസുഖബാധിതനാണെന്ന അഭ്യൂഹവും ഫോണ്‍ സംഭാഷണങ്ങളിലെ ചില സൂചനകളും വഴിത്തിരിവായി. മത്തേവോയുടെ ചില കൂട്ടാളികള്‍ കാന്‍സര്‍ രോഗത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ വിശദാംശങ്ങളും ലഭിച്ചു. ഇതോടെയാണ് വര്‍ഷങ്ങളായി തിരയുന്ന കൊടുംകുറ്റവാളി കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്ന നിഗമനത്തിലെത്തിയത്.
കൂട്ടാളികള്‍ ഇന്റര്‍നെറ്റ് അടക്കം ഉപയോഗിച്ചിരുന്നെങ്കിലും മത്തേവോ ഇത്തരം വിവര സാങ്കേതികവിദ്യകളോടെല്ലാം മുഖം തിരിച്ചു. ഫോണ്‍ ഉപയോഗിച്ചാല്‍ പോലും താന്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഇയാള്‍, രഹസ്യകോഡുകള്‍ കടലാസില്‍ എഴുതി നല്‍കിയും മറ്റുമാണ് ആശയവിനിമയം നടത്തിയിരുന്നത്.
സിച്ചിലിയ്ക്ക് സമീപം 1962-ല്‍ ജനിച്ച കാന്‍സര്‍ രോഗികളായ പുരുഷന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു അന്വേഷണത്തിന്റെ അടുത്തഘട്ടം. ഇതിലൂടെ ലഭിച്ച വിവരങ്ങളില്‍നിന്ന് സംശയിക്കുന്ന പത്തു പേരുടെ പട്ടികയുണ്ടാക്കി. ഇത് പിന്നീട് അഞ്ചു പേരിലേക്ക് ചുരുങ്ങി. ഈ അഞ്ചു പേരില്‍നിന്നാണ് ആന്ദ്രിയ ബോണഫെഡി എന്ന പേര് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
.jpg?$p=c8e5126&&q=0.8)
അന്തരിച്ച മുന്‍ മാഫിയ തലവനായ ലിയോണാര്‍ഡോ ബോണഫെഡിന്റെ സഹോദരനായിരുന്നു ആന്ദ്രിയ. 2020-ലും 2021-ലും ഇയാള്‍ പലേര്‍മോയില്‍ രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വ്യക്തമായി. എന്നാല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ശസ്ത്രക്രിയക്ക് വിധേയനായത് യഥാര്‍ഥ ആന്ദ്രിയ അല്ലെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടന്ന ദിവസം യഥാര്‍ഥ ആന്ദ്രിയയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പലേര്‍മോയില്‍നിന്ന് ഏറെ അകലെയായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെയാണ് ആന്ദ്രിയ എന്നയാള്‍ 30 വര്‍ഷമായി തങ്ങള്‍ അന്വേഷിക്കുന്ന മത്തേവോയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബലപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച ആന്ദ്രിയയുടെ പേരില്‍ പലേര്‍മോയിലെ ക്ലിനിക്കില്‍ കീമോതെറാപ്പിക്ക് ബുക്ക് ചെയ്തിരുന്നു. ഈ വിവരം സ്ഥിരീകരിച്ചതോടെ ഇതാണ് അവസരമെന്ന് അന്വേഷണസംഘം മനസിലാക്കി. തിങ്കളാഴ്ച രാവിലെ സായുധരായ നൂറിലേറെ ഉദ്യോഗസ്ഥര്‍ ക്ലിനിക്കിനും ചുറ്റും നിലയുറപ്പിച്ചു. ക്ലിനിക്കിന് സമീപത്തെ കഫേയിലേക്ക് നടന്നു പോകുന്നതിനിടെ തന്നെ മത്തേവോ പ്രദേശത്തെ പോലീസ് സാന്നിധ്യം ശ്രദ്ധിച്ചിരുന്നു. കൂടുതല്‍ പോലീസുകാര്‍ തെരുവ് വളഞ്ഞെങ്കിലും ഓടി രക്ഷപ്പെടാന്‍ പോലും അയാള്‍ മുതിര്‍ന്നില്ല. ഒടുവില്‍ പോലീസുകാരന് പേര് ചോദിച്ചെത്തിയപ്പോള്‍ നിങ്ങള്‍ അന്വേഷിക്കുന്നയാള്‍ താന്‍ തന്നെയാണെന്ന് സമ്മതിച്ച് കീഴടങ്ങുകയായിരുന്നു.
സാധാരണക്കാരനായി താമസം, റെയ്ഡ്
അറസ്റ്റിന് പിന്നാലെ മത്തേവോയെ ലാ അക്വിലയിലെ ജയിലിലേക്ക് മാറ്റി. കൊടുംകുറ്റവാളിയുമായി സൈനികവിമാനത്തിലായിരുന്നു അന്വേഷണസംഘത്തിന്റെ യാത്ര. അതിനിടെ, പലേര്‍മോയില്‍നിന്ന് 116 കിലോ മീറ്റര്‍ അകലെയുള്ള ഒരുവീട്ടിലാണ് ഏറെക്കാലമായി മത്തേവോ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നടത്തിയ റെയ്ഡില്‍ ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. എന്നാല്‍, വിലകൂടിയ പെര്‍ഫ്യൂമുകളും വസ്ത്രങ്ങളും ഷൂസുകളും കോണ്ടങ്ങളും വയാഗ്രയും കണ്ടെടുത്തു. പോലീസിന്റെ പിടിയിലായ സമയത്ത് 35,000 യൂറോ വിലയുള്ള വാച്ചാണ് മത്തേവോ ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
.jpg?$p=70fc63a&&q=0.8)
കാംപോബെല്ലോ ഡി മസാറയിലെ വീട്ടില്‍ താമസിക്കുന്നത് കൊടുംകുറ്റവാളിയായ മത്തേവോ ആണെന്ന് സമീപവാസികള്‍ക്കൊന്നും തിരിച്ചറിയാനായില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. ഒരു ജെന്റില്മാന് എന്നാണ് അയല്‍ക്കാരനായ ഒരാള്‍ മത്തേവോയെ വിശേഷിപ്പിച്ചത്. രാവിലെയും വൈകിട്ടും അഭിവാദ്യം ചെയ്യുന്ന, വിശേഷങ്ങള്‍ തിരക്കുന്ന അയല്‍ക്കാരനാണെന്നും ഇദ്ദേഹം പറഞ്ഞു. അതിനിടെ, മത്തേവോയെ താമസിപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലില്‍ സുരക്ഷാസംവിധാനങ്ങള്‍ വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിതനായ മത്തേവോയ്ക്ക് തുടര്‍ചികിത്സ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: italian mafia boss matteo messina denaro how caught by police after 30 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..