ഇറ്റലിയിലെ ടി.വി. ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ. Screengrab: Youtube.com|The News
ബാരി(ഇറ്റലി): രോഗം ഭേദമാക്കാനെന്ന് പറഞ്ഞ് രോഗികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഇറ്റലിയിലെ ഡോക്ടര്‍ അറസ്റ്റില്‍. ബാരിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ജിയോവന്നി മിനീലോ(60)യാണ് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പോലീസിന്റെ പിടിയിലായത്. രോഗികളെ തെറ്റിദ്ധരിപ്പിച്ച് ഡോക്ടര്‍ നടത്തുന്ന ലൈംഗികാതിക്രമത്തെ സംബന്ധിച്ച് ഇറ്റലിയിലെ ടി.വി. ഷോയില്‍ വീഡിയോ സഹിതം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് ഡോക്ടറെ പിടികൂടിയത്.
ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയാണ് സംഭവത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഇവര്‍ ടി.വി. ഷോ സംഘത്തെ സമീപിക്കുകയായിരുന്നു. ടി.വി. സംഘം നടത്തിയ ഓപ്പറേഷനിലാണ് ഡോക്ടറുടെ തനിനിറം വെളിച്ചത്തായത്.
ഡോ. മാജിക് ഫ്‌ളൂട്ട് എന്ന പേരിലാണ് ഡോ. ജിയോവന്നി മിനീലോ അറിയപ്പെടുന്നത്. വന്ധ്യതാചികിത്സയുടെ ഭാഗമായാണ് യുവതി ഡോക്ടറുടെ അടുത്ത് ചികിത്സയ്‌ക്കെത്തിയത്. യുവതിക്ക് എച്ച്.പി.വി. അണുബാധയുണ്ടെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തല്‍. കാന്‍സറിന് വരെ ഇത് കാരണമാകാമെന്നും പറഞ്ഞിരുന്നു. താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ രോഗം ഭേദമാകുമെന്നും ഡോക്ടര്‍ അവകാശപ്പെട്ടു. എന്നാല്‍ യുവതി പിന്നീട് നടത്തിയ പരിശോധനയില്‍ എച്ച്.പി.വി. ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ഡോക്ടറുടെ ഇടപെടലില്‍ യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നിയമോപദേശം തേടുകയും ഡോക്ടറുമായി നടത്തിയ സംഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്ത് ടി.വി. ചാനലിന് നല്‍കുകയുമായിരുന്നു.
ഡോക്ടറെക്കുറിച്ചുള്ള ആരോപണവുമായി യുവതി വന്നതോടെ ടി.വി. സംഘം സ്റ്റിങ് ഓപ്പറേഷന്‍ ആരംഭിച്ചു. രോഗിയാണെന്ന വ്യാജേന ഒരു മോഡലിനെ ഡോക്ടറുടെ അടുത്തേക്ക് അയച്ചു. നേരത്തെ യുവതിയോട് പറഞ്ഞ അതേ കാര്യങ്ങളാണ് ഡോക്ടര്‍ മോഡലിനോടും ആവര്‍ത്തിച്ചത്. രോഗം ഭേദമാകാന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുള്ള ചികിത്സ വേണമെന്നും നിര്‍ദേശിച്ചു. ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ രോഗപ്രതിരോധ ശേഷി ഉള്‍പ്പെടെ വര്‍ധിക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് മോഡലായ യുവതിയെ ഒരു ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ ഇതെല്ലാം രഹസ്യക്യാമറകളില്‍ ടി.വി. സംഘം പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഹോട്ടല്‍മുറിയില്‍വെച്ച് ഡോക്ടര്‍ വിവസ്ത്രനായതോടെ പുറത്തുകാത്തിരുന്ന ടി.വി. സംഘം മുറിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.
തന്റെ പഠനത്തിന്റെ ഭാഗമായാണ് ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീകളെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. ഫലമുണ്ടായിട്ടാണ് ഇത്തരമൊരു ചികിത്സാമാര്‍ഗം നിര്‍ദേശിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി നൂറുകണക്കിന് സ്ത്രീകളെ താന്‍ വിജയകരമായി ചികിത്സിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം, ഡോക്ടറെ സംബന്ധിച്ചുള്ള ടി.വി. ഷോ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ 15 യുവതികള്‍ കൂടി സമാന പരാതിയുമായി രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികബന്ധത്തിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് ഡോക്ടര്‍ തങ്ങളെയും ചൂഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു ഇവരുടെയും പരാതി.
Content Highlights: italian gynaecologist who proposed sex with him to cure caught on camera
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..