കൊല്ലപ്പെട്ട അഷിക്കുൽ ഇസ്ലാം, അറസ്റ്റിലായ പരേഷ്‌നാഥ് മണ്ഡൽ
ഇരിക്കൂര്‍: മറുനാടന്‍ തൊഴിലാളി അഷിക്കുല്‍ ഇസ്ലാമിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി പരേഷ്‌നാഥ് മണ്ഡലി(26)നെ കണ്ണൂര്‍ സി.ജെ.എം. കോടതി (ഒന്ന്) മജിസ്ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒരു പ്രതിയെക്കൂടി കിട്ടാനുണ്ട്. കൊലപാതകം നടന്നത് ജൂണ്‍ 28-ന് ഉച്ചയ്ക്കാണെന്ന് പ്രതി മൊഴി നല്‍കി. ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍, പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകളിലെ മുറിയില്‍വെച്ചായിരുന്നു കൊലപാതകം. കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചുമാണിത്. അന്ന് അഷിക്കാലും പരേഷ്നാഥും പിടികിട്ടാനുള്ള ഗണേഷും മാത്രമേ ഈ വീട്ടില്‍ തേപ്പുപണിക്കുണ്ടായിരുന്നുള്ളൂ. ഇസ്ലാമിന്റെ കൈയിലെ പണം തട്ടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം.
മൃതദേഹം കോണിപ്പടിവഴി താഴേക്ക് കൊണ്ടുവരുന്നത് കാണാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു. ഇസ്ലാമിനെ കാണാനില്ലെന്ന വിവരം മട്ടന്നൂരില്‍ ജോലിചെയ്യുന്ന സഹോദരന്‍ മോമിനെ പ്രതി തന്നെയാണ് അറിയിച്ചത്.
സഹോദരനെ തിരയുന്ന മോമിനോടൊപ്പം കൊലയാളികളായ രണ്ടുപേരും ചേര്‍ന്നു. മാത്രമല്ല, മോമിന്‍ അന്ന് രാത്രി താമസിച്ചതും ഇവരുടെ മുറിയിലായിരുന്നു. രണ്ടുദിവസം തിരഞ്ഞിട്ടും ഇസ്ലാമിനെ കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ 30-ന് ഇരിക്കൂര്‍ പോലീസില്‍ പരാതി നല്‍കി.
പണത്തിനുവേണ്ടി കൂടെ താമസിക്കുന്ന അസം സ്വദേശിയെ കൊന്ന് കുഴിച്ചുമൂടിയ കേസ് ഇതേ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഊരത്തൂരില്‍ മൂന്നുവര്‍ഷം മുമ്പുണ്ടായിരുന്നു. അതിനാല്‍ അത്തരം സാധ്യതകള്‍കൂടി കണക്കിലെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശവും വന്നു. തുടര്‍ന്ന്, പോലീസ് രണ്ടുപേരുടെയും വിശദമായ മൊഴിയെടുത്തു.
ഇതിനിടെ, ജൂലായ് ഒന്നിന്, വസ്ത്രങ്ങള്‍പോലുമെടുക്കാതെ ഇവര്‍ രണ്ടുപേരും അപ്രത്യക്ഷമാവുകയും ചെയ്തതോടെ അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായി. പിടികിട്ടേണ്ട പ്രതി ഗണേഷ് പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടേയില്ല. മണ്ഡല്‍ ഒരുഘട്ടമെത്തിയപ്പോള്‍ സിംകാര്‍ഡ് മാറ്റി. പിന്നീട് ഇയാളുടെ ഭാര്യയുടെ നമ്പറിലേക്കുവരുന്ന ഫോണ്‍ കേന്ദ്രീകരിച്ചായി അന്വേഷണം. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണം വിജയംകണ്ടു. ഇരിട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ബിനോയിക്കാണ് അന്വേഷണച്ചുമതല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..