ഫ്‌ളാറ്റിൽ ഹൈഡ്രോ കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ
ബെംഗളൂരു: ബിഡദിയിലെ ഫ്‌ളാറ്റില്‍ ഇറാന്‍ പൗരന്‍ കഞ്ചാവ് കൃഷി ആരംഭിച്ചത് ലഹരിക്ക് അടിമയായതിന് പിന്നാലെയെന്ന് പോലീസ്. ഇറാന്‍ സ്വദേശിയായ ജാവേദ് റൊസ്താംപൗര്‍ ഘോത്ബ് അല്‍ദിന്‍(34) ആണ് ബിഡദിയിലെ ഈഗിള്‍ടൗണ്‍ ഗോള്‍ഫ് വില്ലേജിലെ തന്റെ ഫ്‌ളാറ്റില്‍ ആധുനിക സംവിധാനങ്ങളോടെ കഞ്ചാവ് വളര്‍ത്തിയിരുന്നത്. പഠനകാലം മുതല്‍ ലഹരിക്ക് അടിമയായ ഇയാള്‍, പിന്നീട് സ്വയം കഞ്ചാവ് കൃഷി ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.
അല്‍ദിന്‍ ഉള്‍പ്പെടെ നാലുപേരെയാണ് കഴിഞ്ഞദിവസം ലഹരിമരുന്നുമായി ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇറാന്‍ സ്വദേശിയായ മുഹമ്മദി ബാരോഘ്(35) ബെംഗളൂരു ഹെഗ്‌ഡെനഗര്‍ സ്വദേശി മുഹമ്മദ് മുഹസിന്‍ ഉസ് സമന്‍(31) ബെംഗളൂരു ഫ്രേസര്‍ടൗണ്‍ സ്വദേശി മുഹസിന്‍ ഖാന്‍(30) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരില്‍നിന്ന് കഞ്ചാവും എല്‍.എസ്.ഡി. സ്റ്റാമ്പുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
ആര്‍.ടി. നഗറിന് സമീപം കാവേരിനഗറില്‍ ലഹരിമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോളാണ് നാലംഗസംഘം ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അല്‍ദിന്റെ ഫ്‌ളാറ്റിലെ ഞെട്ടിപ്പിക്കുന്ന കഞ്ചാവ് കൃഷി കണ്ടെത്തിയത്.
മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നാണ് അല്‍ദിന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. കഞ്ചാവ് ഉപയോഗത്തില്‍ ആനന്ദം കണ്ടെത്തിയതോടെ പിന്നീട് സ്വയം കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഓണ്‍ലൈനില്‍നിന്ന് പുസത്കങ്ങള്‍ ഉള്‍പ്പെടെ വാങ്ങി. ഇന്റര്‍നെറ്റിലും തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കഞ്ചാവ് ചെടി വളര്‍ത്തുന്നത് സംബന്ധിച്ച് എല്ലാകാര്യങ്ങളും മനസിലാക്കിയത്.
എവിടെനിന്ന് കഞ്ചാവ് വിത്ത് ലഭിക്കും, എങ്ങനെയുള്ള പരിസ്ഥിതിയിലാണ് വളര്‍ത്തേണ്ടത്, എങ്ങനെ പരിപാലിക്കണം, എങ്ങനെയാണ് കഞ്ചാവ് ഉണക്കേണ്ടത്, കീടങ്ങളുടെ ശല്യം ഒഴിവാക്കാന്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്റര്‍നെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും പഠിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷണമെന്നരീതിയില്‍ കമ്മനഹള്ളിയിലെ വാടകവീട്ടില്‍ ആദ്യം കഞ്ചാവ് കൃഷി ആരംഭിച്ചു. വീട്ടിലെ ഫിഷ് ടാങ്കിലാണ് ഹൈഡ്രോ കഞ്ചാവ് കൃഷി തുടങ്ങിയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഞ്ചാവ് ചെടികള്‍ തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിലേ വളരുകയുള്ളൂ. സൂര്യപ്രകാശം തട്ടിയാല്‍ ചെടികള്‍ വളരില്ല. അന്തരീക്ഷ താപനിലയും നിയന്ത്രിക്കണം. അതിനാല്‍ ചട്ടികളില്‍ ചകിരിച്ചോറ് നിറച്ച് എ.സി.യും കൃത്രിമപ്രകാശവും സജ്ജീകരിച്ചാണ് അല്‍ദിന്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്.
പരീക്ഷണവളര്‍ത്തല്‍ വിജയകരമായതോടെ അല്‍ദിന്‍ കൂടുതല്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങി. ഇവയെല്ലാം പാകമാകുമ്പോള്‍ വിളവെടുത്ത് വില്‍ക്കാനും ആരംഭിച്ചു. നഗരത്തിലെ സെലിബ്രറ്റികളും ഉന്നത കുടുംബങ്ങളില്‍പ്പെട്ടവരും ഇയാളുടെ ഉപഭോക്താക്കളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
കഞ്ചാവ് വില്‍പ്പന വിപുലീകരിച്ചതിന് പിന്നാലെയാണ് സ്വന്തം നാട്ടുകാരനായ മുഹമ്മദി ബാരോഘുമായി അല്‍ദിന്‍ ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് ലഹരിവില്‍പ്പന സംഘം രൂപവത്കരിക്കുകയും നഗരത്തില്‍ കച്ചവടം പൊടിപൊടിക്കുകയും ചെയ്തു. പിടിയിലായ മുഹമ്മദ് മുഹ്‌സിന്‍ ഉസ് സമാനും മുഹ്‌സിന്‍ ഖാനും ഇവരുടെ സഹായികളായിരുന്നു.
പിടിയിലായ ഇറാന്‍ പൗരന്മാര്‍ ബിരുദ പഠനത്തിനായാണ് ഇന്ത്യയിലേക്ക് വന്നതെന്നാണ് പോലീസ് പറയുന്നത്. സ്റ്റുഡന്റ് വിസയില്‍ ബെംഗളൂരുവിലെത്തിയ ഇരുവരും പിന്നീട് ഇവിടെ താമസം തുടരുകയായിരുന്നു. 2010-ല്‍ ഉന്നതപഠനത്തിനായാണ് അല്‍ദിന്‍ ബെംഗളൂരുവിലെത്തുന്നത്. ബാനസ് വാഡിയിലെ കോളേജില്‍നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കിയെങ്കിലും അതിനോടകം ലഹരിമരുന്നിന് അടിമയായിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ ഭയമായി. തന്റെ ലഹരിമരുന്ന് ഉപയോഗം പിടിക്കപ്പെട്ടാല്‍ ഇറാനില്‍ വധശിക്ഷ വരെ ലഭിച്ചേക്കുമെന്നതും ഭയത്തിന് കാരണമായി. തുടര്‍ന്നാണ് ബെംഗളൂരുവില്‍ താമസം തുടര്‍ന്ന് കഞ്ചാവ് കൃഷിയും ലഹരിമരുന്ന് വില്‍പ്പനയും ആരംഭിച്ചത്.
Content Highlights: iranian cultivated hydro ganja in his flat in bengaluru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..