Photo Courtesy: News 18
ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത ആള്‍ദൈവം വിരേന്ദര്‍ ദേവ് ദീക്ഷിതിനെതിരേ ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ്. നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ ഒളിവില്‍പോയ വിരേന്ദറിനെ പിടികൂടാനായാണ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
79-കാരനായ വിരേന്ദര്‍ ഡല്‍ഹി രോഹിണിയിലെ ആശ്രമത്തില്‍ സ്ത്രീകളെ തടങ്കലിലാക്കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. 2017 ഡിസംബറില്‍ ഡല്‍ഹി പോലീസും വനിത കമ്മീഷനും ആശ്രമത്തില്‍ റെയ്ഡ് നടത്തി സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 67 പേരെ ഇവിടെനിന്ന് മോചിപ്പിച്ചിരുന്നു. സ്ത്രീകളെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വീട്ടുകാരെ കാണാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.
ആശ്രമത്തിലെ പീഡനത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ 2017-ല്‍ തന്നെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ ഡല്‍ഹി പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിനിടെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 2019-ല്‍ സി.ബി.ഐ വിരേന്ദറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് ഹൈക്കോടതി നിയോഗിച്ച സമിതിയെ ആശ്രമത്തില്‍ തടഞ്ഞെന്ന കേസിലും സി.ബി.ഐ സംഘം കുറ്റപത്രം നല്‍കി. എന്നാല്‍ വിരേന്ദറിനെ മാത്രം പിടികൂടിയില്ല.
നേരത്തെ ബ്ലൂകോര്‍ണര്‍ നോട്ടീസിനൊപ്പം വിരേന്ദറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ, വിരേന്ദര്‍ നേപ്പാളിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതോടെ നേപ്പാളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് വിരേന്ദറിനെ പിടികൂടാനാകുമെന്നും തുടര്‍ന്ന് ഇന്ത്യയിലേക്ക് കൈമാറാനാകുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Content Highlights: interpol red corner notice against virender deo dixit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..