തസ്ലീമ
സുല്‍ത്താന്‍ബത്തേരി: പലിശരഹിത വായ്പ വാഗ്ദാനം നല്‍കി ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ സ്ത്രീയെ സുല്‍ത്താന്‍ബത്തേരി പോലീസ് അറസ്റ്റുചെയ്തു. സുല്‍ത്താന്‍ ബത്തേരി പൂതിക്കാട് കുറുക്കന്‍ വീട്ടില്‍ നഫീസുമ്മ എന്ന തസ്ലീമ(47)യെയാണ് അറസ്റ്റുചെയ്തത്. തട്ടിപ്പിനിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തട്ടിപ്പിന് ഇരയായവരുടെ 13 പരാതികളാണ് സുല്‍ത്താന്‍ബത്തേരി പോലീസിന് കിട്ടിയിട്ടുള്ളത്. ഒരാളുടെ പരാതിയില്‍ മാത്രമാണ് കേസെടുത്തിട്ടുള്ളത്. വെങ്ങപ്പള്ളി സ്വദേശിയുടെ പക്കല്‍നിന്ന് ഒരുലക്ഷം രൂപയാണ് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കാമെന്ന് പറഞ്ഞ് മേയില്‍ വാങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി അറുപതോളം പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
പാവപ്പെട്ടവര്‍ക്ക് വീടുവെച്ചുനല്‍കാനും, മക്കളുടെ കല്ല്യാണ ആവശ്യത്തിനുമായി പലിശരഹിത വായ്പ നല്‍കുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ആളാണന്ന് പറഞ്ഞാണ് നഫീസുമ്മ പണം തട്ടിയതെന്നാണ് പോലീസ് പറയുന്നത്. പലരില്‍ നിന്നും അമ്പതിനായിരം രൂപമുതല്‍ രണ്ടര ലക്ഷം രൂപവരെ ഇവര്‍ വാങ്ങിയിട്ടുണ്ട്. പത്തുലക്ഷം രൂപ ലഭിക്കാന്‍ ആദ്യം രണ്ടര ലക്ഷവും, അഞ്ചു ലക്ഷം രൂപ ലഭിക്കാന്‍ ഒരു ലക്ഷവുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ പണം നല്‍കിയാല്‍ 90 ദിവസത്തിനകം നല്‍കുന്ന പണത്തിന്റെ തോത് അനുസരിച്ചുള്ള പലിശരഹിത വായ്പ നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പെന്നും പോലീസ് പറയുന്നു.
90 ദിവസമാകുമ്പോള്‍ ലോണ്‍ ശരിയായില്ലെന്ന് പറഞ്ഞ് പണം തിരികെ നല്‍കി വിശ്വാസ്യത കൂട്ടാനും ഇവര്‍ ശ്രമിച്ചു. ഇങ്ങനെ പണം തിരികെ നല്‍കുന്നവരെ ഉപയോഗിച്ച് കൂടുതല്‍ പേരെ ഇവരിലേക്ക് ആകര്‍ഷിക്കാനും ശ്രമിക്കും. കുറി നടത്തിപ്പിന്റെ പേരും ഇവര്‍ ഉപയോഗിച്ചതായും ഇത്തരത്തില്‍ ഏകദേശം 30 ലക്ഷം രൂപയോളം തട്ടിയതായുമാണ് പോലീസ് നിഗമനം.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. മറ്റുളളവരുടെ പരാതി അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എസ്.ഐ.ജെ. ഷജീം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..