Reuters
വെല്ലിങ്ടൺ: ന്യൂസീലന്‍ഡില്‍ പള്ളിയില്‍ വംശീയ വെറിമൂത്ത് 51 പേരെ കൂട്ടക്കൊല ചെയ്ത ഇരുപത്തൊമ്പതുകാരന്‍ നിഷ്ഠൂരനും നിര്‍ദയനുമെന്ന് കോടതി. പരോളില്ലാത്ത ജീവപര്യന്ത തടവാണ് കോടതി കുറ്റവാളിക്ക് ശിക്ഷയായി വിധിച്ചത്. ന്യൂസീലന്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു കഠിനശിക്ഷ വിധിക്കുന്നത്.
"പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ പിതാവിന്റെ കാലില്‍ പറ്റി നിന്ന മൂന്ന് വയസ്സുള്ള കുഞ്ഞിനെ നിങ്ങള്‍ മനപ്പൂര്‍വ്വം കൊന്നു. നിങ്ങളുടെ പ്രവൃത്തി നിര്‍ദയവും നിഷ്ഠൂരവും ആണ്..", എന്നാണ് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ നിരീക്ഷിച്ചത്. "ടാരന്റിന്റെ വക്രീകരിക്കപ്പെട്ട സിദ്ധാന്തം അടിസ്ഥാനപരമായി വിദ്വേഷമാണ്. അതാണ് നിരായുധരായ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. ഇത്തരം അതിക്രൂരമായ ദുഷ്ടചിന്തകളെ തള്ളിക്കളയുന്ന തരത്തില്‍ പ്രതികരിക്കേണ്ടത് കോടതിയുടെ കടമയായി ഞാന്‍ കാണുന്നു. അത് നിഷ്ഠൂരമായിരുന്നു, അതീവ ക്രൂരവും മൃഗീയവുമായിരുന്നു." ജഡ്ജി കൂട്ടിച്ചേര്‍ത്തു.
ന്യൂസീലന്‍ഡിന്റെ ക്രിമിനല്‍ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ക്രൂരതയാണീ സംഭവം എന്നാണ് പ്രോസിക്യൂട്ടര്‍ മാര്‍ക്ക് സരീഫെ സംഭവത്തെ വിശേഷിപ്പിച്ചത്. "കുടിയേറ്റ വിരുദ്ധതയും വംശീയ വിദ്വേഷവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിനുള്ള കാരണം. ന്യൂസീലന്‍ഡ് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ കൊലയാണ് ഇയാള്‍ ചെയ്തത്. അതിനാല്‍ തന്നെ ജീവിതകാലം മുഴുവന്‍ അഴിക്കുള്ളിലാല്‍ കഴിയേണ്ടതാണ് ഇയാള്‍ക്ക് ലഭിക്കേണ്ട ശിക്ഷ", പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ദുരന്തത്തിന്റെ ഇരകളുടെ സങ്കടങ്ങള്‍ അവര്‍ കോടതിക്കു മുമ്പാകെ കണ്ണീരോടെ പറഞ്ഞപ്പോഴെല്ലാം ടാരന്റ് നിര്‍വ്വികാരനായാണ് നിലകൊണ്ടത്. "എന്റെ ഭര്‍ത്താവും മകനും മരണപ്പെട്ടതില്‍ പിന്നെ ഞാന്‍ നന്നായുറങ്ങിയിട്ടില്ല, ഇനി ഒരിക്കലും എനിക്ക് കഴിയുമെന്നും തോന്നുന്നില്ല. ഇയാളുടെ ശിക്ഷ ഇങ്ങനെ തന്നെ തുടരണം." വിധവയായ അംബ്രീന്‍ നയീം പറഞ്ഞു.
content highlights: Inhuman, says Judge during the judgement of New Zealand Mosque shooting sentence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..