അറസ്റ്റിലായ പ്രതികൾ | Screengrab: Youtube.com|TV9Kannada
ബെംഗളൂരു: ആശുപത്രികളില്‍നിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ കുഞ്ഞുങ്ങളെ വാങ്ങി വില്‍ക്കുകയും ചെയ്തിരുന്ന അന്തസ്സംസ്ഥാന സംഘത്തിലെ അഞ്ചുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരുവില്‍ താമസിക്കുന്ന ദേവി ഷണ്‍മുഖം, രഞ്ജന ദേവി ദാസ്, മഹേഷ് കുമാര്‍, ധനലക്ഷ്മി, ജനാര്‍ദനന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ചാമരാജ്പേട്ടിലെ ബി.ബി.എം.പി. ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ കാണാതായ കേസിന്റെ തുടരന്വേഷണത്തിലാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ പിടികൂടിയത്.
കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരെയും കുട്ടികളെ വില്‍ക്കാന്‍ തയ്യാറായിട്ടുള്ള ദമ്പതിമാരെയും കണ്ടെത്തിയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആശുപത്രികളില്‍നിന്ന് നവജാത ശിശുക്കളെ മോഷ്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംഘം പത്തു ദിവസം മുതല്‍ മൂന്നു മാസം വരെ പ്രായമുള്ള 28 കുട്ടികളെ വിറ്റതായാണ് വിവരം. മൂന്നു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഒരു കുട്ടിക്ക് ഇവര്‍ വാങ്ങിയിരുന്നത്. കേരളം, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ വിറ്റിരുന്നതെങ്കിലും നിയമവിരുദ്ധമാണെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ പറഞ്ഞു. കുട്ടികളുടെ യഥാര്‍ഥ രക്ഷിതാക്കള്‍ക്കും ദത്തെടുത്ത രക്ഷിതാക്കള്‍ക്കും ഇടനിലക്കാര്‍ക്കും എതിരേ കേസെടുത്തെങ്കിലും കുട്ടികളെ ബാധിക്കുമെന്നതിനാല്‍ രക്ഷിതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.സി.പി. അറിയിച്ചു. രക്ഷപ്പെടുത്തിയ 15 കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി.) മുമ്പില്‍ ഹാജരാക്കിയ ശേഷം ദത്തെടുത്ത രക്ഷിതാക്കള്‍ക്ക് കൈമാറി.
കഴിഞ്ഞ വര്‍ഷം മേയ് 29-ന് ചാമരാജ്പേട്ടിലെ ബി.ബി.എം.പി. ആശുപത്രിയില്‍ നിന്ന് 45 ദിവസം പ്രായമായ കുഞ്ഞിനെ കാണാതായ സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘം പിടിയിലായത്. സംഭവത്തില്‍ ഡോക്ടര്‍ക്കും പങ്കുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ ഡോ. രശ്മി ശശികുമാറിനെ (31) അറസ്റ്റു ചെയ്തിരുന്നു. കുഞ്ഞിനെ മോഷ്ടിച്ച ശേഷം വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള ദമ്പതിമാര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവര്‍.
കഴിഞ്ഞ ദിവസം മുംബൈയില്‍നിന്ന് കുട്ടിയെ വില്‍ക്കാനായി ബെംഗളൂരുവിലെത്തിയ ശങ്കര്‍, വനിത എന്നിവരെ കെ.എസ്.ആര്‍. റെയില്‍വേ സ്റ്റേഷനില്‍ ഇടനിലക്കാരെന്ന വ്യാജേനയെത്തിയ പോലീസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ദേവി ഷണ്മുഖം എന്നയാളാണ് കുട്ടിയെ വാങ്ങാനിരുന്നതെന്ന് കണ്ടെത്തി. ദേവി ഷണ്മുഖത്തെ അറസ്റ്റു ചെയ്തതോടെ സംഘത്തിലെ മറ്റു പലരെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.
ജയനഗര്‍ എ.സി.പി.യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ സൂത്രധാരനായ വിജയനഗര്‍ സ്വദശി കോവിഡ് ബാധിച്ച് മരിച്ചത് അന്വേഷണത്തെ ബാധിച്ചിരുന്നതായി പോലീസ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..