Photo: twitter.com/OsintUpdates
ഭോപാല്‍: മധ്യപ്രദേശിലെ മദ്യവ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ റായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 39 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ പണമായി എട്ട് കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്തു. നിരവധി രേഖകളും ആദായനികുതി വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.
ശങ്കര്‍ റായിയുടെ ദമോഹിലെ വീട്ടിലും കുടുംബാംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ഇവിടങ്ങളില്‍നിന്നാണ് ആകെ എട്ട് കോടി രൂപ പിടിച്ചെടുത്തത്. ഇതില്‍ ഒരു കോടി രൂപ വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചനിലയിലായിരുന്നു. നോട്ടുകെട്ടുകള്‍ ബാഗിനുള്ളിലാക്കിയാണ് വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചിരുന്നത്. റെയ്ഡിന് ശേഷം ഉദ്യോഗസ്ഥര്‍ ഈ നോട്ടുകെട്ടുകള്‍ ഉണക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശങ്കര്‍ റായിയുടെ കുടുംബവുമായി ബന്ധപ്പെട്ട പത്തിടങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ആദായനികുതി വകുപ്പ് ജോയന്റ് കമ്മീഷണര്‍ മുന്മുന് ശര്‍മ പ്രതികരിച്ചു. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധന അവസാനിച്ചിട്ടുണ്ട്. ഇനി പിടിച്ചെടുത്ത രേഖകളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും. ഇതിനുശേഷം മാത്രമേ സ്വത്ത് സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിലെ പ്രമുഖ വ്യവസായിയായ ശങ്കര്‍ റായ് കോണ്‍ഗ്രസ് നേതാവാണ്. ഇദ്ദേഹം മുനിസിപ്പാലിറ്റിയിലെ മുന്‍ അധ്യക്ഷന്‍ കൂടിയാണെന്നാണ് സീ ന്യൂസിന്റെ റിപ്പോര്‍ട്ട്. ശങ്കര്‍ റായിയുടെ സഹോദരന് കമല്‍ റായി ബി.ജെ.പി. നേതാവാണെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മദ്യവ്യവസായത്തിന് പുറമേ ട്രാന്‍സ്പോര്‍ട്ട്, ഹോട്ടല്‍ രംഗത്തും ശങ്കര്‍ റായിയുടെ കുടുംബത്തിന് സ്ഥാപനങ്ങളുണ്ട്. ഒട്ടേറെ പെട്രോള്‍ പമ്പുകളും ഇവരുടേതായി പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമേ പണമിടപാട് സ്ഥാപനങ്ങളും ശങ്കര്‍ റായിക്കുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Content Highlights: income tax raid at liquor businessman shankar rai home seized eight crore and gold
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..