കാക്കനാട് ഫ്ളാറ്റിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തപ്പോൾ
കാക്കനാട്: അനധികൃതമായി ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് വില്പന നടത്തിക്കൊണ്ടിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കാക്കനാട് ഈച്ചമുക്കിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍നിന്ന് എറണാകുളം ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗമാണ് മരുന്നുകള്‍ പിടിച്ചത്.
ഇവിടത്തെ ഒരു ഫ്‌ളാറ്റ് മരുന്ന് വില്പന കേന്ദ്രത്തിന്റെ മാതൃകയിലാക്കി ക്യൂ ലൈഫ് ഫാര്‍മ എന്ന സ്ഥാപനമാണ് മരുന്നുകള്‍ വില്പനയ്ക്കായി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നതെന്ന് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജു ജോണ്‍ പറഞ്ഞു.
വന്‍ സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുള്ള ഫ്‌ളാറ്റ് സമുച്ചയമായതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് കെട്ടിടത്തില്‍ കയറുന്നത് എളുപ്പമല്ല. ഇതിന്റെ മറവില്‍ മരുന്നുകള്‍ നിയമവിരുദ്ധമായി വില്പന നടത്തിവരികയായിരുന്നു.
ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് ചട്ടങ്ങള്‍ ലംഘിച്ച് മരുന്നു വ്യാപാരം നടത്തിയതിന് സ്ഥാപനത്തിനെതിരേ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഴുവന്‍ മരുന്നുകളും രേഖകളും പിടിച്ചെടുത്ത് കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ലൈസന്‍സില്ലാതെ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്. പരിശോധനയില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഐ. ജോഷി, റ്റെസി തോമസ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..