-
വാമനപുരം(തിരുവനന്തപുരം): പാങ്ങോട് കാഞ്ചിനട തോട്ടുംപുറം ഭാഗത്ത് വാമനപുരം എക്‌സൈസ് നടത്തിയ തിരച്ചിലില്‍ 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസ് സംഘം പരിശോധനയ്ക്ക് വരുന്നത് കണ്ട പ്രതികള്‍ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു.
മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വന്‍ ലാഭം മുന്നില്‍ക്കണ്ടു നടത്തിവന്ന വ്യാജമദ്യ നിര്‍മാണ യൂണിറ്റാണ് എക്‌സൈസ് സംഘം തകര്‍ത്തത്.
പാങ്ങോട്, പാലോട് മേഖലയില്‍ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാങ്ങോട് കാഞ്ചിനട തോട്ടുംപുറം വനമേഖലയോടു ചേര്‍ന്നുള്ള വാറ്റു കേന്ദ്രം കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്. വാണിജ്യാടിസ്ഥാനത്തില്‍ ചാരായ വാറ്റു കേന്ദ്രം നടത്തിവന്ന പാങ്ങോട് കൊച്ചാലുംമൂട് ഇര്‍ഫാന്‍ മന്‍സിലില്‍ ഇര്‍ഷാദ്, കാഞ്ചിനട മൊട്ടോട്ടുകാല വടക്കുംകര പുത്തന്‍ വീട്ടില്‍ എക്കല്‍ ശശി എന്നു വിളിക്കുന്ന ശശി എന്നിവരെ പ്രതിയാക്കി അബ്കാരി കേസെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷമീര്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍, പി.ഡി. പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സ്‌നേഹേഷ്, അനിരുദ്ധന്‍, ദിലീപ് കുമാര്‍, ഷഹീനബീവി, ഡ്രൈവര്‍ സജീബ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: illegal liquor seized in vamanapuram thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..