ഇലയ്ക്കാട് നെച്ചിമറ്റം കുടക്കാംതടത്തിൽ കെ.എം.റെജിയുടെ ഉടമസ്ഥതയിലുള്ള പണി പൂർത്തിയാകാത്ത വീട്ടിൽനിന്ന് കുറവിലങ്ങാട് എക്സൈസ് റേഞ്ച് സംഘം പിടികൂടിയ വാഷും വാറ്റുപകരണങ്ങളും
കുറവിലങ്ങാട്: ബിവ്റേജസും ബാറും അടഞ്ഞപ്പോൾ സജീവമായ വാറ്റുകേന്ദ്രങ്ങൾ എക്സൈസിന് തലവേദനയായി. നേരത്തേ, വാറ്റിന്റെ പിടിയിലമർന്നപ്പോൾ എക്സൈസ് 'നിർവീര്യ' മാക്കിയ ഇടങ്ങളിലാണ് പൂർവാധികം ശക്തിയോടെ ചാരായം ഒഴുക്കുന്നത്.
നിർമിക്കുന്നത് ഒരു സ്ഥലത്താണെങ്കിൽ വില്പന പല സ്ഥലത്താണ്. ഇതുമൂലം വാറ്റു കേന്ദ്രങ്ങളിൽ കലക്കിവെച്ച വാഷാണ് അധികവും കിട്ടുന്നത്.
വാറ്റുചാരായത്തിലും വ്യാജൻ
വിദേശമദ്യം കിട്ടാതായതോടെ വൻവിലയ്ക്ക് വിൽക്കുന്ന ചാരായത്തിൽ വെള്ളം ചേർത്താണ് പലയിടത്തും വില്പന. ലിറ്ററിന് 1500 രൂപ മുതല്‍ 2500 രൂപയിലധിമാണ് പലരും ഈടാക്കുന്നത്. വാറ്റുകേന്ദ്രത്തിൽനിന്ന് വലിയ വില കൊടുക്കാതെ വാങ്ങുന്ന ചാരായം ഇടനിലക്കാർ കൈമാറി ആവശ്യക്കാരന്റെ കൈയിലെത്തുമ്പോഴേക്കും വില പതിന്മടങ്ങാകും. ഇങ്ങനെ വിൽക്കുന്ന പലരും വെള്ളം ചേർത്തും വില്പന നടത്തുന്നു. ഇതുവഴിയുള്ള ലാഭം വേറെയും കിട്ടും.
കോടയും വാറ്റുപകരണങ്ങളും വീട്ടിൽനിന്ന് കണ്ടെടുത്തു
ഇലയ്ക്കാട് നെച്ചിമറ്റം കുടക്കാംതടത്തിൽ കെ.എം.റെജിയുടെ ഉടമസ്ഥതയിലുള്ള പണി പൂർത്തിയാകാത്ത വീട്ടിൽനിന്ന് വാഷും വാറ്റുപകരണങ്ങളും കുറവിലങ്ങാട് എക്സൈസ് റേഞ്ച് സംഘം പിടികൂടി. രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
സ്റ്റൗവ്, ഗ്യാസ് സിലിൻഡർ എന്നിവയും പിടികൂടിയവയിൽപ്പെടുന്നു. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രതിയുടെ പന്നിവളർത്തൽ കേന്ദ്രത്തിന്റെ മറവിൽ ചാരായം നിർമാണവും വിപണനവും നടത്തുന്നുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം കിട്ടിയിരുന്നു.
റെയ്‌ഡിൽ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ്, പ്രിവന്റീവ് ഓഫീസർ കെ.വി.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്.സുമോദ്, കെ.എസ്.സുനിൽ കുമാർ, ബിനു പോൾ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.ആർ.രാജിമോൾ എന്നിവർ പങ്കെടുത്തു.
പരാതിപ്പെടാം
ലോക്ഡൗൺ സമയം ആയതിനാൽ വ്യാജമദ്യം സംബന്ധിച്ച പരാതികൾ എക്സൈസിനെ അറിയിക്കാം. ഫോൺ: 04822 231882.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..