ശരത്, സത്യൻ
തൃശ്ശൂർ: മൈസൂരുവിൽനിന്ന് പച്ചക്കറി വണ്ടിയിൽ മദ്യം കൊണ്ടുവന്ന് നാട്ടിൽ കുപ്പി ഒന്നിന് 3,500 രൂപയ്ക്ക് വിറ്റിരുന്ന ബന്ധുക്കളായ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മൈസൂരുനഞ്ചൻകോട്ട് താമസിക്കുന്ന കുറ്റൂർ പുതുക്കുളങ്ങര വീട്ടിൽ സത്യൻ(42), ഇയാളുടെ ബന്ധുവായ കുറ്റൂർ ചാമക്കാട് പുതുക്കുളങ്ങര വീട്ടിൽ ശരത് (26) എന്നിവരാണ് അറസ്റ്റിലായത്. ഒരു ലിറ്റർ വീതമുള്ള 45 കുപ്പികളാണ് പിടിച്ചെടുത്തത്.
ശരത്തിന്റെ ഉടമസ്ഥതയിൽ കുറ്റൂർ ചാമക്കാട് അമല റോഡിലെ പച്ചക്കറിക്കടയിലേക്ക് മൈസൂരുവിൽ നിന്ന് പച്ചക്കറി കൊണ്ടുവരുന്ന കൂട്ടത്തിലാണ് മദ്യം എത്തിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പച്ചക്കറിക്കടയിൽ ലോഡ് എത്തിയപ്പോഴാണ് കാത്തുനിന്ന എക്സൈസ് സംഘം രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ലോക്ഡൗൺ ആയതോടെ നാട്ടിൽ മദ്യലഭ്യത ഇല്ലാതായ അവസരം ഇരുവരും ചേർന്ന് മദ്യക്കടത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു.
വാളയാറിലെ ചെക്പോസ്റ്റിൽ പച്ചക്കറി വണ്ടികൾക്ക് ഗ്രീൻ ചാനൽ സൗകര്യം ഉള്ളതാണ് മദ്യം കൊണ്ടുവരുന്നതിന് ഇവർ ആശ്രയിച്ചിരുന്നത്. പിക്ക് അപ്പ് വാനിന്റെ അടിയിൽ കുപ്പികൾ നിരത്തി പുറത്ത് പച്ചക്കറി നിറച്ചാണ് അതിർത്തി കടക്കുന്നത്.
മദ്യം എത്തുന്ന തീയതിയും സമയവവും ആവശ്യക്കാരെ ഇവർ മുൻകൂട്ടി അറിയിക്കാറാണ് പതിവ്. അറസ്റ്റിലായ ശേഷവും സത്യന്റെയും ശരത്തിന്റെയും ഫോണുകളിലേക്ക് മദ്യം എത്തിയോ എന്നറിയാനുള്ള ഫോണുകളുടെ പ്രവാഹമായിരുന്നു.
തൃശ്ശൂർ ടൗൺ, പൂങ്കുന്നം , കൊട്ടേക്കാട്, കുറ്റൂർ എന്നിവിടങ്ങളിലാണ് കൊണ്ടുവരുന്ന മദ്യം ഏറെയും വിറ്റിരുന്നത്.
മൈസൂരുവിൽനിന്ന് കുപ്പിക്ക് 500 രൂപയ്ക്കാണ് ഇവർ മദ്യം വാങ്ങുന്നത്. നഞ്ചൻകോട്ട് സ്ഥിരതാമസമായ സത്യനാണ് വണ്ടിയുമായി നാട്ടിലെത്തുന്നത്. ഇതിനു മുമ്പും പലവട്ടം മദ്യം കൊണ്ടുവന്നിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പിക്ക് അപ്പ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
എക്സൈസ് കോലഴി റേഞ്ച് ഇൻസ്പെക്ടർ എസ്.ബിജുദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മണികണ്ഠൻ,സിജിൻ സൈമൺ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. ഷിബു, ടി.ജി. മോഹനൻ, ഒ.എസ്. സതീഷ്, സിവിൽ എക്സൈസ് ഓഫീസർ സിജോമോൻ, പ്രദീപൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..