അറസ്റ്റിലായ രാഹുൽ
അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിലെ വ്യാജമദ്യനിര്‍മാണകേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിനു ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുകൊണ്ടുവരുന്ന സ്പിരിറ്റ് കൃത്രിമ നിറങ്ങളും ചേരുവകളും ചേര്‍ത്ത് വിവിധ കമ്പനികളുടെ ലേബല്‍ പതിച്ച് വില്‍പ്പന നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിലെ പ്രധാനിയായ കരുമാടി ലക്ഷംവീട് രാഹുലിനെ (29) അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവരെക്കുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കരൂര്‍ കാഞ്ഞൂര്‍മഠം പ്രദേശത്ത് ആളൊഴിഞ്ഞ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യാജമദ്യനിര്‍മാണകേന്ദ്രത്തില്‍നിന്നു വെള്ളിയാഴ്ച രാത്രിയാണ് അമ്പലപ്പുഴ പോലീസ് 900 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തത്.
അമ്പലപ്പുഴ ആമയിട, കരൂര്‍ നിവാസികളായ ചിലരുടെ നേതൃത്വത്തിലാണ് വ്യാജമദ്യനിര്‍മാണം നടക്കുന്നത്. വിവിധ ബ്രാന്‍ഡുകളുടെ രുചിയും മണവുമുള്ള മദ്യം വ്യാജമായി നിര്‍മിക്കുകയും, കൃത്രിമമായി നിര്‍മിച്ച ലേബലുകളും വ്യാജ ഹോളോഗ്രാമുകളും പതിച്ച് വിവിധ അളവുകളിലുള്ള കുപ്പികളിലാക്കുന്നതാണ് സംഘത്തിന്റെ രീതി. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ചരക്കുവാഹനങ്ങളില്‍ മദ്യം വിവിധ ജില്ലകളില്‍ എത്തിച്ചുവരുകയുമായിരുന്നു. മദ്യം നിറയ്ക്കുവാന്‍ കരുതിവച്ചിരുന്ന പതിനായിരത്തിലേറെ പ്ലാസ്റ്റിക്ക് കുപ്പികളും ഒരുചാക്ക് അടപ്പുകളുമാണ് കേന്ദ്രത്തില്‍നിന്നു കണ്ടെത്തിയത്. സംഘത്തിനു പുറത്തുനിന്നു പിന്തുണ നല്‍കിയവരെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.
അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്‌കുമാര്‍, ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷ്, എസ്.ഐ.മാരായ ബൈജു, മാര്‍ട്ടിന്‍, എ.എസ്.ഐ.മാരായ എസ്. ഷൈലകുമാര്‍, സജിമോന്‍, സിബി, എസ്.സി.പി.ഒ. ബൈജു, സി.പി.ഒ.മാരായ വിഷ്ണു, അനൂപ്, മനീഷ്, സാബു, ബിജോയ്, ഹരികൃഷ്ണന്‍, ടോണി, എബി, തോമസ്, എം.കെ. വിനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വിവരങ്ങള്‍ അറിയിക്കാം
അനധികൃത മദ്യം, മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള രഹസ്യവിവരങ്ങള്‍ ജില്ലാ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കാം. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. എക്സൈസ് ഇന്‍സ്പെക്ടറെ 9400069433, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ 9496499245 എന്നീ നമ്പരുകളില്‍ വിവരം നല്‍കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..