എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ചാരായം
കുഴൽമന്ദം: സോഷ്യൽമീഡിയയിൽ നോക്കി ചാരായം വാറ്റുന്നതിനിടെ എക്സൈസ് സംഘമെത്തി. വാറ്റിയയാൾ ഓടി രക്ഷപ്പെട്ടു. വാറ്റിയ അഞ്ചുലിറ്റർ ചാരായവും പ്രതിയുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു. കുഴൽമന്ദത്താണ് സംഭവം. മാത്തൂർ ചെങ്ങണിയൂർക്കാവിലെ സുകേഷാണ് (35) ഓടി രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തെങ്ങിൻപൂക്കുലയും മുന്തിരിയുമിട്ട് വാറ്റിയാണ് ചാരായം നിർമിച്ചത്. ലോറി ഡ്രൈവറായ സുകേഷ് വീടിനോടുചേർന്ന പറമ്പിൽ പ്രഷർ കുക്കറും മറ്റും കൊണ്ടുപോയി രാത്രി സ്ഥിരമായി വാറ്റുന്നത് പതിവാണെന്നും ലിറ്ററിന് 1,800 രൂപ മുതൽ 2,000 രൂപവരെ വാങ്ങിയാണ് വിൽപനയെന്നും പറഞ്ഞു. ആവശ്യപ്പെടുന്നവർക്ക് വീട്ടിലെത്തിച്ചു നൽകുകയാണ് പതിവ്.
ലോക്ഡൗൺ കാലത്ത് സാമൂഹികമാധ്യമങ്ങളും ഇന്റർനെറ്റും നോക്കി വാറ്റുന്ന യുവാക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പഴങ്ങളും മറ്റുമുപയോഗിച്ചാണ് വാറ്റ് പതിവ്. ഇത്തരക്കാർക്കെതിരേ അന്വേഷണം ശക്തമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ സി. സെന്തിൽകുമാർ, പ്രിവന്റീവ് ഓഫീസർ പി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവകുമാർ, മധു, ആനന്ദ്, എം.എം. സ്മിത എന്നിവർ പരിശോധന നടത്തി.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..