ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ചെറുതോണി ടൗണിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/മാതൃഭൂമി
തൊടുപുഴ: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ മരണത്തിന് കാരണമായത് ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്തെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഈ കുത്ത് ഹൃദയത്തിന്റെ അറകള്‍ തകര്‍ത്തു. ശരീരത്തില്‍ ഒരൊറ്റ കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പോലീസ് പറഞ്ഞു.
ഒരു കുത്തില്‍ തന്നെ ധീരജിന്റെ മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് ധീരജിനൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്കും നെഞ്ചിന്റെ ഭാഗത്താണ് കുത്തേറ്റിരിക്കുന്നത്. എന്നാല്‍ പരിക്കേറ്റ മൂന്നാമത്തെ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കത്തി കൊണ്ടുള്ള മുറിവുകളില്ലെന്നും പോലീസ് പറയുന്നു.
അതിനിടെ, ധീരജിനെ കുത്തിയ ശേഷം ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞതായി പ്രതി നിഖില്‍ പൈലി പോലീസിന് മൊഴി നല്‍കി. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തേക്കാണ് ഓടിയത്. ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞു. തുടര്‍ന്ന് മറ്റൊരിടത്ത് പോയി വസ്ത്രം മാറി നേര്യമംഗലം ഭാഗത്തേക്കുള്ള ബസില്‍ കയറിപോയെന്നും പ്രതി വെളിപ്പെടുത്തി. സംഭവസമയത്ത് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെയും പോലീസ് തിരിച്ചറിഞ്ഞു.
യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിഖില്‍ പൈലി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ കോളേജിലേക്ക് വന്നത് എസ്.എഫ്.ഐ ക്കാര്‍ ചോദ്യംചയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാമ്പസിന്റെ കവാടത്തിന് സമീപത്തുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ മണിയാന്‍കുടിയിലുണ്ടായ ചില സംഘര്‍ഷങ്ങളിലും നിഖില്‍ പൈലി ഉള്‍പ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കത്തി കൈയില്‍ കരുതാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.
ധീരജ് വധക്കേസില്‍ നിലവില്‍ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന നാലുപേരെ കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരും വൈകാതെ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
Content Highlights: Idukki SFI activist Dheeraj Rajendran Murder Case; Police given details about post mortem report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..