മറയൂർ പെരിയകുടിയിൽ നടന്ന മുതുവാൻ സമുദായത്തിന്റെ ഗോത്രപഞ്ചായത്ത്
മറയൂര്‍: ബീഫ് കഴിച്ചതിന്റെപേരില്‍ 25 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്കിയ സംഭവത്തില്‍ ഗോത്രപഞ്ചായത്ത് ചേര്‍ന്ന് ഇളവുകള്‍ അനുവദിച്ചു. ബീഫ് കഴിച്ചെന്ന് സമ്മതിച്ച ആറുപേര്‍ക്ക് ആറുമാസം നല്ലനടപ്പ് ശിക്ഷ വിധിച്ചു. 18 പേരെ ഊരുവിലക്കില്നിന്ന് ഒഴിവാക്കി. ഗോത്രപഞ്ചായത്തില് ഹാജരാകാതിരുന്ന ഒരാളുടെ കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല.
ഡിസംബര്‍ ആദ്യവാരമാണ് സംഭവം. കന്നിയാര്‍ പുഴയിലെ പാലത്തിന് സമീപത്തെ ഷെഡ്ഡിലിരുന്ന് കുടിയിലെ യുവാക്കള്‍ മറ്റൊരാളോടൊപ്പം ബീഫ് കഴിച്ചു എന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. കുടികളുടെ ആചാരത്തിനെതിരാണെന്ന് ആരോപിച്ചായിരുന്നു ഊരുകൂട്ടങ്ങളുടെ നടപടി.
മറയൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ കമ്മാളംകുടി, കുത്തുകല്ല് കുടി, പെരിയ കുടി, വേങ്ങാപ്പാറ, നെല്ലിപ്പെട്ടി, കവക്കുടി എന്നിവിടങ്ങളിലെ യുവാക്കള്‍ക്കായിരുന്നു വിലക്ക്. തങ്ങള്‍ കഴിച്ചത് പന്നിയിറച്ചിയാണെന്നും ബീഫല്ലെന്നും യുവാക്കള്‍ കുടിക്കാരോട് പറഞ്ഞെങ്കിലും ഊരുക്കൂട്ടം ചെവിക്കൊണ്ടില്ല. രണ്ടാഴ്ചയായി ആരോപണമുയര്‍ന്ന 25 പേരും ഇതുവരെ കുടികളില്‍ കയറാതെ കൃഷിയിടങ്ങളിലെ കാവല്‍മാടങ്ങളിലും ദൂരെയുള്ള വീടുകളിലുമായാണ് കഴിഞ്ഞിരുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ വലിയ വിവാദമായി. ഊരുവിലക്കിയിട്ടില്ലെന്നും ഗോത്രപഞ്ചായത്ത് കൂടിയതിനുശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്നുമുള്ള വിശദീകരണവുമായി ഊരുമൂപ്പന്മാര് രംഗത്തെത്തി. തുടര്‍ന്നാണ് ശനിയാഴ്ച ഗോത്രപഞ്ചായത്തുകൂടി ഇളവുകള്‍ പ്രഖ്യാപിച്ചത്.
മറയൂര്‍ കൂടാതെ ഇടമലക്കുടി, വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍, അടിമാലി, ചിന്നക്കനാല്‍, തമിഴ്നാട്ടിലെ വാല്‍പ്പാറ മേഖലകളിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെടുന്ന നൂറിലധികം കുടികളിലെ തലൈവര്മാരും കാണിമാരുമെത്തി. അഞ്ഞൂറിലധികം പേര് പങ്കെടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഗോത്രപഞ്ചായത്താണ് ഇത്തവണ നടന്നത്.
ഈ കുടികളില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയോ, ബീഫ് കഴിക്കുകയോ, മറ്റ് സമുദായങ്ങളില്‍നിന്ന് വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയാണ് പതിവ്. മരണ- വിവാഹ ചടങ്ങുകളില്‍ അവരെ പങ്കെടുപ്പിക്കില്ല. മുന്‍ മറയൂര്‍ പഞ്ചായത്തംഗവും പെരിയകുടി സ്വദേശിയുമായ ചിദംബരത്തിനെതിരേ ബീഫ് കഴിച്ചു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഊരുവിലക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഊരുവിലക്ക് പിന്‍വലിച്ചത്. അതുവരെ ചിദംബരം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..