നിഖിൽ പൈലിയെ കോടതിയിൽ എത്തിച്ചപ്പോൾ (ഇടത്ത്) കോടതിക്ക് പുറത്ത് പ്രതികൾക്കെതിരേ നടന്ന പ്രതിഷേധം(വലത്ത്) | Screengrab: Mathrubhumi News
കട്ടപ്പന: ധീരജ് അടക്കമുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജില്‍ എത്തിയതെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം അഭിജിത്തിനെയാണ് പ്രതികള്‍ കുത്തിപരിക്കേല്‍പ്പിച്ചത്. ഇത് തടയാന്‍ ശ്രമിച്ചപ്പോളാണ് ധീരജിനെ കുത്തിയതെന്നും പോലീസ് കട്ടപ്പന ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടുക്കി ധീരജ് വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരെയും ബുധനാഴ്ച കട്ടപ്പന കോടതിയില്‍ ഹാജരാക്കി. രണ്ടുപ്രതികളെയും ജനുവരി 25 വരെ റിമാന്‍ഡ് ചെയ്തു.
അതേസമയം, നിരവധിപേര്‍ ആക്രമിക്കാനെത്തിയപ്പോള്‍ താന്‍ ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്ന് മുഖ്യപ്രതി നിഖില്‍പൈലി കോടതിയില്‍ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് രണ്ടാംപ്രതി ജെറിന്‍ ജോജായും കോടതിയില്‍ വ്യക്തമാക്കി. കത്തിക്കുത്ത് നടന്നത് താന്‍ അറിഞ്ഞിരുന്നില്ല. കുത്തേറ്റയാളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് താന്‍ സംഭവം അറിയുന്നതെന്നും ജെറിന്‍ പറഞ്ഞു.
പ്രതികളെ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ കോടതിക്ക് പുറത്ത് ശക്തമായ പ്രതിഷേധവും അരങ്ങേറി. പ്രതികളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് നിരവധിപേരാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നത്. പോലീസ് വാഹനങ്ങള്‍ വന്നതോടെ ഇവര്‍ പാഞ്ഞടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് ഇവരെ നിയന്ത്രിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..