മർദനത്തിന്റെ ദൃശ്യം | Screengrab: Twitter.com|ANI
ഹൈദരാബാദ്: ഭർതൃമാതാവിനെ പരസ്യമായി മർദിച്ച മരുമകൾക്കെതിരെയും ഇവരുടെ മാതാവിനെതിരേയും പോലീസ് കേസെടുത്തു. ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂൺ നഗർ സ്വദേശികളായ ഉസ്മ ബീഗം, മാതാവ് ആസിഫ ബീഗം എന്നിവർക്കെതിരേയാണ് ഹുമയൂൺ നഗർ പോലീസ് കേസെടുത്തത്. ഇരുവരും ചേർന്ന് ഉസ്മയുടെ ഭർതൃമാതാവ് തസ്നീം സുൽത്താനയെ മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാർത്തയായതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. 55-കാരിയായ തസ്നീം സുൽത്താനയെ മരുമകളായ ഉസ്മ ബീഗം വലിച്ചിഴച്ച് തെരുവിലേക്കിറക്കുകയായിരുന്നു. തുടർന്ന് ഇവരെ ക്രൂരമായി മർദിച്ചു. ഉസ്മയുടെ മാതാവ് ആസിഫ ബീഗവും മകൾക്കൊപ്പം ചേർന്ന് 55-കാരിയെ ആക്രമിച്ചു. സംഭവം നടക്കുമ്പോൾ ഒരു ചെറിയ കുട്ടി മാത്രമാണ് സമീപത്തുണ്ടായിരുന്നത്. ഈ കുട്ടി മൊബൈൽ ഫോണിൽ മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിലുണ്ടായിരുന്നു.
ഉസ്മയും ഭർതൃമാതാവും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തസ്നീമിന്റെ മകൻ ഉബൈദ് അലി ഖാനും ഉസ്മ ബീഗവും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഉബൈദ് അലി ഖാൻ സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഉസ്മയും ഭർതൃമാതാവും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേച്ചൊല്ലി നേരത്തെ രണ്ടുപേരും പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചു. എന്നാൽ കഴിഞ്ഞദിവസം മരുമകൾ താമസിക്കുന്ന വീടിന്റെ മുകൾനിലയിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ തസ്നീം വിച്ഛേദിച്ചു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. വിവാഹം കഴിഞ്ഞത് മുതൽ ഭർതൃമാതാവ് ഉപദ്രവിക്കാറുണ്ടെന്നാണ് ഉസ്മ ബീഗത്തിന്റെ പ്രതികരണം. സൗദിയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാനോ ഭർത്താവുമായി ഫോണിൽ സംസാരിക്കാനോ ഇവർ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഉടൻതന്നെ തുടർനടപടികൾ സ്വീകരിക്കുമെന്നും ഹുമയൂൺ നഗർ ഇൻസ്പെക്ടർ അറിയിച്ചു.
Police says, "The incident happened in the Humayun Nagar area on October 8. A case has been registered and further investigation is underway." pic.twitter.com/FQgCSzjVbF
— ANI (@ANI) October 10, 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..