അഷ്റിൻ സുൽത്താന | Photo: ANI
ഹൈദരാബാദ്: 'രാജു കളിച്ചുവളര്‍ന്ന വീടാണിത്, ഇവിടെ താമസിക്കുമ്പോള്‍ ഞാന്‍ രാജുവിനൊപ്പമുണ്ടെന്ന തോന്നലാണുള്ളത്'- ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ സഹോദരനും കൂട്ടാളികളും തല്ലിക്കൊന്ന ഭര്‍ത്താവിന്റെ ഫോട്ടോ ചേര്‍ത്തുപിടിച്ച് അഷ്റിന് സുല്‍ത്താന വിതുമ്പി. ജീവന് തുല്യം സ്നേഹിച്ച പ്രിയതമന് ഇനി തിരികെവരില്ലെന്നറിഞ്ഞിട്ടും ഇനിയുള്ള കാലം ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ ജീവിക്കാനാണ് ഈ 21-കാരിയുടെ തീരുമാനം. താന്‍ മരിക്കുന്നത് വരെ ഭര്‍ത്താവ് നാഗരാജുവിന്റെ ഓര്‍മകളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ കഴിയുമെന്നും അഷ്റിന് പറയുന്നു.
അഷ്റിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് നാഗരാജു(25) എന്ന ദളിത് യുവാവിനെ അഷ്റിന്റെ സഹോദരനും കൂട്ടാളികളും നടുറോഡിലിട്ട് തല്ലിക്കൊന്നത്. കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിലെ സരൂര്‍നഗറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ദമ്പതിമാരെ തടഞ്ഞുനിര്‍ത്തിയ ശേഷം നാഗരാജുവിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അഷ്റിന്റെ കണ്മുന്നിലിട്ടാണ് അക്രമിസംഘം ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കാര്‍ ഷോറൂമിലെ ജീവനക്കാരനായ നാഗരാജുവും അഷ്റിന് സുല്‍ത്താനയും സ്കൂള്‍ പഠനകാലത്താണ് പ്രണയത്തിലാകുന്നത്. മതത്തിന്റെ അതിര്‍വരമ്പുകളൊന്നും ഇവരുടെ പ്രണയത്തിന് തടസമായില്ല. എന്നാല്‍ നാഗരാജുവുമായുള്ള ബന്ധത്തിന്റെ പേരില്‍ തന്റെ കുടുംബത്തില്‍നിന്ന് പലതവണ ഭീഷണിയുണ്ടായിരുന്നതായി അഷ്റിന് പറയുന്നു.
'എന്റെ കുടുംബത്തില്‍നിന്ന് എല്ലായ്പ്പോഴും ഭീഷണിയുണ്ടായിരുന്നു. പ്രശ്നം വഷളായതോടെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഞാന്‍ രാജുവിനോട് പറഞ്ഞിരുന്നു. രണ്ടുമാസത്തോളം അവനെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. ഒന്നുകില്‍ ഒരുമിച്ച് ജീവിക്കും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കും എന്നായിരുന്നു അവന്റെ മറുപടി. എനിക്ക് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും അവന് പറഞ്ഞു. പക്ഷേ, ഇന്ന് ഞാന്‍ കാരണം എന്റെ ഭര്‍ത്താവിന് ജീവന് നഷ്ടമായി. മറ്റൊരാളെ വിവാഹം കഴിക്കാന്‍ അവനെ അനുവദിച്ചിരുന്നെങ്കില്‍ അവന് ഇന്ന് ജീവനോടെയുണ്ടായേനെ'- അഷ്റിന് എന്‍.ഡി.ടി.വി.യോട് പറഞ്ഞു.
തന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ രംഗങ്ങള്‍ ഇപ്പോഴും അഷ്റിന്റെ കണ്ണുകളിലുണ്ട്. നടുക്കത്തോടെയാണ് ആ രംഗങ്ങള്‍ അഷ്റിന് ഓര്‍ത്തെടുത്തത്.
'ഞാനും ഭര്‍ത്താവും ബൈക്കില്‍ പോവുകയായിരുന്നു. ഒരു റോഡ് കടക്കാന്‍ വേണ്ടി അവന് ബൈക്കിന്റെ വേഗത അല്പം കുറച്ചു. ആ സമയത്താണ് പെട്ടെന്ന് രണ്ട് ബൈക്കുകള്‍ വന്നത്. അവര്‍ എന്റെ ഭര്‍ത്താവിനെ ബൈക്കില്‍നിന്ന് തള്ളിയിട്ടു. അതിലൊരാള്‍ എന്റെ സഹോദരനാണെന്ന് എനിക്ക് പോലും മനസിലായിരുന്നില്ല. പിന്നാലെ അവര്‍ രാജുവിനെ ഇരുമ്പ് വടി കൊണ്ട് മര്‍ദിക്കാന്‍ തുടങ്ങി. അവനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരന്റെ സുഹൃത്തുക്കള്‍ എന്നെ തള്ളി മാറ്റി. അവിടെ കൂടിയിരുന്നവരോടെല്ലാം ഞാന്‍ സഹായത്തിനായി കേണപേക്ഷിച്ചു. പക്ഷേ, അവരെല്ലാം വീഡിയോ പകര്‍ത്തുക മാത്രമാണ് ചെയ്തത്. 10-15 മിനിറ്റിനിടെ ഇരുമ്പ് വടി കൊണ്ട് ഏകദേശം 35 തവണയാണ് ഭര്‍ത്താവിന്റെ തലയില്‍ അടിച്ചത്. രക്തത്തില്‍ കുളിച്ച അവന്റെ തലയില്‍ ഞാന്‍ തൊട്ടുനോക്കിയപ്പോള്‍ തലച്ചോര്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഈ സമൂഹത്തെ വിശ്വസിച്ച്, അവരോട് സഹായം ചോദിച്ച് ഞാന്‍ എന്റെ സമയം പാഴാക്കിയെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഇരുപത് പേര് വന്നിരുന്നെങ്കില്‍ ആ നാലുപേരെ ആക്രമണത്തില്‍നിന്ന് തടയാമായിരുന്നു'- അഷ്റിന് പറഞ്ഞു.
ഭര്‍ത്താവിന്റെ മരണശേഷമാണ് അഷ്റിന് ആദ്യമായി നാഗരാജുവിന്റെ സ്വന്തം വീട്ടിലെത്തുന്നത്. ഇനിയുള്ള കാലവും നാഗരാജുവിന്റെ കുടുംബത്തോടൊപ്പം ജീവിക്കാനാണ് അഷ്റിന്റെ തീരുമാനം. 'ഭര്‍ത്താവില്ലാതെ ഒരുമിനിറ്റ് പോലും കഴിയാനാകില്ലെന്നാണ് ഞാന്‍ ഇതുവരെ കരുതിയിരുന്നത്. പക്ഷേ, ഞാന്‍ ഇപ്പോള്‍ ഈ വീട്ടിലാണ്. ഇവിടെയിരുന്ന് നിങ്ങളോട് സംസാരിക്കുന്നു. കാരണം എന്റെ സഹോദരനോട് അത്രയേറെ ദേഷ്യമുണ്ട്. എന്റെ ഭര്‍ത്താവ് എങ്ങനെ മരിച്ചുവോ അതുപോലെ അവരെല്ലാം കഷ്ടപ്പെടണമെന്നാണ് എന്റെ ആഗ്രഹം'- ഭര്‍ത്താവിന്റെ ഫോട്ടോ ചേര്‍ത്തുപിടിച്ച് അഷ്റിന് പറഞ്ഞു.
നാഗരാജുവുമായുള്ള വിവാഹത്തിന് മുമ്പ് സഹോദരന് തന്നെ ഉപദ്രവിച്ചിരുന്നതായും അഷ്റിന് എന്‍.ഡി.ടി.വി.യ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജനുവരി 30-നാണ് അഷ്റിനും നാഗരാജുവും വിവാഹിതരായത്. ഇതിന്റെ തലേദിവസം സഹോദരന് ക്രൂരമായി മര്‍ദിച്ചതായാണ് അഷ്റിന്റെ ആരോപണം. സഹോദരന് തന്നെ മുറിയില്‍ പൂട്ടിയിട്ടതായും സ്വയം തൂങ്ങിമരിക്കാന്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. പിറ്റേദിവസം വീട്ടില്‍നിന്ന് രക്ഷപ്പെട്ടാണ് അഷ്റിന് വിവാഹവേദിയിലെത്തിയത്.
അതേസമയം, നാഗരാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഷ്റിന്റെ സഹോദരന് സയ്യിദ് മൊബിന് മുഹമ്മദ്(30) മുഹമ്മദ് മസൂദ് അഹമ്മദ്(29) എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
Content Highlights: hyderabad saroornagar honour killing ashrin sulthana says about nagaraju murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..