പ്രതീകാത്മക ചിത്രം | Photo: Robert Cianflone | Getty Images
ഹൈദരാബാദ്: അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഡോക്ടറെ മണിക്കൂറുകൾ നീണ്ട ഓപ്പറേഷനൊടുവിൽ പോലീസ് മോചിപ്പിച്ചു. ഹൈദരാബാദിലെ ഡോക്ടറും വസ്തുക്കച്ചവടക്കാരനുമായ ബെഹ്ജാബ് ഹുസൈനെ(58)യാണ് തെലങ്കാന, ആന്ധ്രപ്രദേശ് പോലീസിന്റെ സംയുക്ത നീക്കത്തിനൊടുവിൽ സുരക്ഷിതമായി മോചിപ്പിച്ചത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടിയതായും ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് ബുർഖ ധരിച്ചെത്തിയ ഒരു സംഘം സൈബരാബാദിലെ വീട്ടിൽനിന്നും ഡോക്ടറെ തട്ടിക്കൊണ്ടുപോയത്. അജ്ഞാത സംഘം ഡോക്ടറെ തട്ടിക്കൊണ്ടുപോയെന്ന വിവരം ലഭിച്ചതോടെ പോലീസും അന്വേഷണം ഊർജിതമാക്കി. ഇതിനിടെ ഡോക്ടറെ വിട്ടുകിട്ടണമെങ്കിൽ പത്ത് കോടി ബിറ്റ്കോയിൻ വഴി നൽകണമെന്ന ഫോൺസന്ദേശം ലഭിച്ചു. തുടർന്ന് ഈ ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
മറാത്തി സംസാരിക്കുന്ന അഞ്ച് പേരാണ് ബുർഖ ധരിച്ചെത്തി ഡോക്ടറെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ഇവർ ഹൈദരാബാദിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കാണ് ഡോക്ടറെ എത്തിച്ചു. ഇവിടെവെച്ച് നാലംഗ സംഘത്തിന് ഡോക്ടറെ കൈമാറി. ഹൈദരാബാദിൽനിന്നും ബെംഗളൂരു ഭാഗത്തേക്കാണ് നാലംഗ സംഘം ഡോക്ടറുമായി പോയത്. ഇതിനിടെയാണ് തെലങ്കാന പോലീസ് നൽകിയ വിവരമനുസരിച്ച് ആന്ധ്രപ്രദേശിലെ അനന്ത്‌പുർ പോലീസ് വാഹനം തടഞ്ഞുനിർത്തി ഡോക്ടറെ മോചിപ്പിച്ചത്. ആദ്യം അനന്ത്‌പുരിൽ വെച്ച് പോലീസ് സംഘം വാഹനത്തെ തടഞ്ഞെങ്കിലും ഇവർ കനഗനപ്പള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ടു. തുടർന്ന് എല്ലാ റോഡുകളിൽനിന്നും പോലീസ് വാഹനങ്ങൾ പ്രതികളുടെ വാഹനത്തെ വളയുകയും ഡോക്ടറെ മോചിപ്പിക്കുകയുമായിരുന്നു.വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് പിടികൂടിയെങ്കിലും ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. വാഹനത്തിൽനിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Content Highlights:hyderabad doctor kidnapped and rescued by telangana andhra police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..