-
കോന്നി(പത്തനംതിട്ട): കോന്നി അട്ടച്ചാക്കില്‍ ഭാര്യയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആറ്റില്‍ച്ചാടി ആത്മഹത്യചെയ്തു. മുട്ടത്ത് വടക്കേതില്‍ കെ.ആര്‍.ഗണനാഥന്‍ (67) ഭാര്യ രമണി(65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടില്‍നിന്ന് റോഡിലേക്ക് പോകുമ്പോള്‍ ഗണനാഥന്‍ കാല്‍ തെറ്റി വീണിരുന്നു. സമീപവാസികളാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് റോഡിലേക്ക് എത്തിച്ചത്. ഇതിനിടെ ഭാര്യ മരണപ്പെട്ടെന്ന് മാത്രം പറഞ്ഞ് ഗണനാഥന്‍ നടന്നുപോവുകയും ചെയ്തു. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് രമണിയെ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ രക്തം തളംകെട്ടി നിന്നിരുന്നതിനാല്‍ രമണിയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ രമണിയുടെ മൃതദേഹത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
ഇതിനിടെ ഗണനാഥന്‍ അച്ചന്‍കോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടെന്ന് ചിലര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 11 മണിയോടെയാണ് പുഴയില്‍നിന്ന് ഗണനാഥന്റെ മൃതദേഹം കണ്ടെടുത്തത്. രമണിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: husband commits suicide after wife's death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..