ജോമോൻ
ചെങ്ങന്നൂർ: എട്ടുവയസ്സുകാരിയായ മകളുടെ കൺമുന്നിൽവെച്ച് ഭാര്യയുടെ ദേഹത്തു മണ്ണെണ്ണയൊഴിച്ച്, വെട്ടുകത്തികൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചശേഷം നാല്പതുകാരൻ തൂങ്ങിമരിച്ചു. പേരിശ്ശേരി ഗ്രേസ് കോട്ടേജിൽ ജോമോനാണ് മരിച്ചത്. തലയ്ക്കും കഴുത്തിനും മുഖത്തും പത്തോളം വെട്ടേറ്റ ഭാര്യ ജോമോൾ തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവിടെത്തന്നെ നഴ്സായി ജോലി ചെയ്യുന്ന ജോമോൾ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു. ഒന്നരവയസ്സുള്ള ഇവരുടെ മകൻ, സംഭവസമയത്ത് ജോമോളുടെ കുറ്റപ്പുഴയിലെ വീട്ടിലായിരുന്നു.
കുടുംബവഴക്കിനെത്തുടർന്ന് തിങ്കളാഴ്ചരാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപനും ലഹരിക്കടിമയുമാണ് ജോമോനെന്ന് നാട്ടുകാരും പോലീസും പറയുന്നു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കും ബഹളവും പതിവായിരുന്നു. തിങ്കളാഴ്ച മദ്യപിച്ചെത്തിയ ജോമോൻ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചത് ഭാര്യ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ മകളുടെയും ഭാര്യയുടെയും ദേഹത്തൊഴിച്ചു. ജോമോൾ ചെറുത്തുനിന്നതോടെ വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും വെട്ടേറ്റ ജോമോൾ മകളുമായി പ്രാണരക്ഷാർഥം പുറത്തേക്കോടി. പിന്തുടർന്നെത്തിയ ജോമോൻ ഇവരുടെ കഴുത്തിനു പിന്നിലും വെട്ടി.
ഗേറ്റടച്ചിരുന്നതിനാൽ മകളെയുംകൊണ്ട് മതിൽചാടി ജോമോൾ അയലത്തെ വീട്ടിൽ കയറാൻ ശ്രമിച്ചെങ്കിലും ജോമോൻ പിന്നാലെയെത്തി. തുടർന്ന് മറ്റൊരു വീട്ടിൽ ഓടിക്കയറിയ ജോമോൾ കുഴഞ്ഞുവീഴുകയായിരുന്നു. അതോടെ ജോമോൻ പിന്തിരിഞ്ഞു. വിവരമറിയിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചെങ്കിലും ആരുമെടുത്തില്ലെന്ന് സമീപവാസികൾ പറഞ്ഞു. അയൽക്കാരിലൊരാൾ സ്റ്റേഷനിലെത്തി പോലീസുകാരെ കൂട്ടിക്കൊണ്ടുവരുകയായിരുന്നു.
ജോമോളെ ആദ്യം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് ഇവർ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തുടർന്ന് ജോമോനെ തിരക്കി പോലീസ് വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഒൻപതുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ജോമോൻ മുൻപും ഉപദ്രവിച്ചിരുന്നതായി ഭാര്യ പരാതിപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മനോരോഗലക്ഷണം കാട്ടിയിരുന്ന ജോമോൻ പലതവണ ലഹരിവിമുക്ത ചികിത്സയ്ക്ക് വിധേയനായിട്ടുള്ളതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ചെങ്ങന്നൂരിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..