പ്രതീകാത്മക ചിത്രം | ഫോട്ടോ:എ.എഫ്.പി
കരുനാഗപ്പള്ളി : ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിന്‍ (30) ആണ് അറസ്റ്റിലായത്. സുബിന്റെ ഭാര്യ, തൊടിയൂര്‍ പുലിയൂര്‍വഞ്ചി ആതിരാലയത്തില്‍ ആതിര (26) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ആതിരയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതും ആത്മഹത്യപ്രേരണയും ചുമത്തിയാണ് സുബിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം സുബിന്‍ ആതിരയെ നിരന്തരമായി ദേഹോപദ്രവമേല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ആതിര സ്വന്തം വീട്ടിലേക്ക് പോയെങ്കിലും സ്‌നേഹം നടിച്ച് സുബിന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അഞ്ചുവര്‍ഷംമുമ്പാണ് ഇരുവരും വിവാഹിതരായത്. ആദ്യകാലത്ത് ഇവര്‍ നല്ല സ്‌നേഹത്തിലായിരുന്നു. പിന്നീട് സുബിന്‍ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചു തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കുട്ടികളില്ലാത്ത കാരണം പറഞ്ഞും സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞും നിരന്തരം പീഡിപ്പിച്ചിരുന്നതിനാല്‍ ആതിര കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആതിരയെ ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തലേദിവസം സുബിനും ആതിരയുമായി വഴക്കുണ്ടാക്കിയെന്നും സുബിന്‍ ആതിരയെ മര്‍ദിച്ചെന്നും പോലീസ് പറഞ്ഞു. മരിച്ചദിവസം ഉച്ചയ്ക്കും മര്‍ദിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായും പോലീസ് അറിയിച്ചു. ആതിരയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന്റെ നിര്‍ദേശപ്രകാരം എ.സി.പി. ഷൈനു തോമസിന്റെയും ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. മാരായ ജയശങ്കര്‍, അലോഷ്യസ് അലക്‌സാണ്ടര്‍, കെ.എസ്.ധന്യ, ഗ്രേഡ് എ.എസ്.ഐ. നിസാമുദ്ദീന്‍, എസ്.സി.പി.ഒ. ജിമിനി, സി.പി.ഒ. ഹാഷിം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: husband arrested in wifes suicide at kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..