അറസ്റ്റിലായ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥൻ ഷിജുവിനെ പൂമറ്റം വനാതിർത്തിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. ഇൻസെറ്റിൽ ഷിജു
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ തോക്കുമായി വേട്ടയ്ക്കിറങ്ങിയ കേസില്‍ ഒളിവിലായിരുന്ന തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശിയും എരുമാട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളുമായ ജെ. ഷിജു (43) തിങ്കളാഴ്ച രാവിലെ മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
2021 സെപ്റ്റംബര്‍ 10-ന് പുലര്‍ച്ചെ രണ്ടിന് മുത്തങ്ങ റെയ്ഞ്ചിലെ തോട്ടാമൂല സെക്ഷനിലെ മുണ്ടക്കൊല്ലി പൂമറ്റം വനമേഖലയിലാണ് സംഭവം നടന്നത്.
ഷിജുവിന്റെ നേതൃത്വത്തില്‍ ചിലര്‍ ഈ വനഭാഗത്ത് വേട്ടയ്ക്കിറങ്ങിയതിന്റെ ദൃശ്യങ്ങള്‍, കടുവ സെന്‍സസിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഹെഡ്ലൈറ്റും കൈയില്‍ തോക്കും അരയില്‍ കത്തിയുമായി ഷിജു കാട്ടിലൂടെ നടന്നുപോകുന്നതിന്റെ ചിത്രങ്ങളാണ് ലഭിച്ചത്. ക്യാമറയില്‍നിന്ന് ഫ്ളാഷ് അടിച്ചതോടെ വേട്ടയ്ക്കുള്ള ശ്രമം ഉപേക്ഷിച്ച് ഷിജു ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.
ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചിത്രത്തില്‍ കണ്ടത് ഷിജുവാണെന്നും ഇയാള്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞത്. കേരള വനംവകുപ്പ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ തമിഴ്നാട് കയ്യൂന്നി കൊരണ്ടിയാര്‍കുന്നില്‍ കെ.ജെ. ജിജോ (38) അറസ്റ്റിലായിരുന്നു.
വേട്ടയ്ക്കായി കൊണ്ടുവന്ന നാടന്‍തോക്ക്, നായാട്ടുസംഘത്തിലുള്പ്പെട്ട ജിജോ ഒളിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് ഇയാളെ അറസ്റ്റ്ചെയ്തത്. തോക്ക് തമിഴ്നാട്ടിലെ ചേരങ്കോട് കാരക്കൊല്ലിയിലെ തേയിലത്തോട്ടത്തില്‍, മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പന്നിഫാമിലെ മാലിന്യക്കുഴിയില്‍നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ചനിലയില്‍ കണ്ടെടുത്തിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ഷിജുവിനെ പൂമറ്റം വനഭാഗത്തും തമിഴ്നാട് അതിര്ത്തിപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പൂമറ്റം ഭാഗത്ത് കാടിനോടുചേര്‍ന്ന വഴിയരികില്‍ ഷിജു ഉപേക്ഷിച്ച ഹെഡ്ലൈറ്റ് കണ്ടെത്തി. ഇവിടെ ഉപേക്ഷിച്ച തിരകളുടെ അവശിഷ്ടങ്ങളും കത്തിയും കണ്ടെടുക്കാനായിട്ടില്ല. മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്ഡന് കെ.പി. സുനില്‍കുമാര്‍, തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..