Image for Representation. Photo: AP
നിലമ്പൂര്‍: വേട്ടനായ്ക്കളെയും വന്യമൃഗങ്ങളുടെ മാംസവും ഓണ്‍ലൈന്‍ വിപണനം നടത്തിയതായി വനംവകുപ്പിന്റെ പിടിയിലായ വേട്ടസംഘത്തിന്റെ വെളിപ്പെടുത്തല്‍. വിദേശയിനം നായ്ക്കളെ പരിശീലിപ്പിച്ച് നായാട്ടുനടത്തി വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചാണ് വിപണനം.
എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ഓപ്പറേഷന് 'ദൃശ്യം' എന്ന പേരില്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സൈബര്‍ കുറ്റകൃത്യത്തില്‍ വനംവകുപ്പ് എടുക്കുന്ന ആദ്യ കേസായിരിക്കും ഇത്.
അകമ്പാടം നമ്പൂരിപ്പൊട്ടിയിലെ ദേവദാസാണ് കേസില്‍ ഒന്നാംപ്രതി. 2019 ഡിസംബര്‍ മാസംമുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ വീഡിയോദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്. 10 പ്രതികളില്‍ മൂന്നുപേരെയാണ് പിടികൂടിയത്.
അമേരിക്കന്‍ ബുള്‍ഡോഗ്, ബുള്ളി, ഡോബര്മാന്, ലാബ്രഡോര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട വിദേശയിനം നായ്ക്കളെ വേട്ടയാടാന്‍ പരിശീലിപ്പിച്ച് നായാട്ട് നടത്തുകയാണ് പ്രതികള്‍ ചെയ്യാറ്. ഇത്തരം നായ്ക്കളെ ബ്രീഡ് ചെയ്യിപ്പിച്ച് അവയുടെ കുഞ്ഞുങ്ങളെ വന്‍തുകയ്ക്ക് ഓന്ലൈന് വില്പന നടത്തുകയും അതോടൊപ്പം വന്യജീവികളുടെ മാംസം വിപണനംനടത്തുകയും ചെയ്യുന്ന വന്‍ മാഫിയയാണ് ഇതിന്റെ പിന്നിലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസ്. നിര്‍ദേശങ്ങള്‍ അനുസരിച്ച് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.എന്‍. സജീവന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി.പി. ഹബ്ബാസ്, പി.എന്‍. ബീന, ജി. അനില്‍കുമാര്‍ എന്നിവര്‍ രഹസ്യാന്വേഷണത്തിന് നേതൃത്വംനല്കി. ഏഴുപ്രതികള്‍ ഒളിവിലാണ്.
Content Highlights: hunting by dogs in nilambur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..