മുഹമ്മദ് സലിം
ചെന്നൈ: രോഗം മാറാന്‍ ആറുമാസം പ്രായമുള്ള കുട്ടിയെ ബലിനല്‍കിയ സംഭവത്തില്‍ മലയാളി മന്ത്രവാദിയടക്കം മൂന്നുപേര്‍ തഞ്ചാവൂരില്‍ അറസ്റ്റിലായി. പാലക്കാട് സ്വദേശിയായ മുഹമ്മദ് സലിം (48), തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം (48), ഭര്‍ത്താവ് അസറുദ്ദീന്‍ (50) എന്നിവരാണ് പിടിയിലായത്. അസറുദ്ദീന്റെ രോഗം മാറുന്നതിന് സലിമിന്റെ ഉപദേശപ്രകാരം ഷര്‍മിള ബന്ധുവിന്റെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
വിദേശത്തായിരുന്ന അസറുദ്ദീന്‍ രോഗത്തെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. പല ചികിത്സകളും നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ പുതുക്കോട്ട ജില്ലയിലെ കൃഷ്ണഞ്ചിപട്ടണത്ത് മന്ത്രവാദങ്ങള്‍ ചെയ്തുവന്ന സലിമിന്റെ ഉപദേശം തേടുകയായിരുന്നു.
കോഴിയെയും ആടിനെയും ബലി നല്‍കാന്‍ നിര്‍ദേശിച്ച ഇയാള്‍ അത് ഫലം കണ്ടില്ലെങ്കില്‍ നരബലി നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ആദ്യ രണ്ട് ബലികൊണ്ടും പ്രയോജനമുണ്ടാകാതെ വന്നതോടെ ഷര്‍മിള തന്റെ സഹോദരിയുടെ മകന്‍ നസറുദ്ദീന്റെ ആറുമാസമുള്ള കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി നസറുദ്ദീന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീടിന് പിന്നിലുണ്ടായിരുന്ന മത്സ്യപ്പെട്ടിയില്‍ ഉപേക്ഷിച്ചു. കുട്ടിയുടെ കബറടക്കം കഴിഞ്ഞദിവസം നടത്തി. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പുറത്തെടുത്ത് വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി. വീട്ടുകാരെയും ഷര്‍മിള അടക്കം ബന്ധുക്കളെയും ചോദ്യം ചെയ്തതോടെ ബലി നല്‍കിയതാണെന്ന് തെളിയുകയായിരുന്നു. അഞ്ചുവര്‍ഷത്തിലേറെയായി കൃഷ്ണഞ്ചിപ്പട്ടണത്ത് മന്ത്രവാദം ചെയ്തുവന്നിരുന്ന സലിമിന്റെ ഉപദേശം തേടി ഒട്ടേറെ പേര്‍ എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.
നരബലി നല്‍കാന്‍ താന്‍ ഷര്‍മിളയെ ഉപദേശിച്ചിട്ടില്ലെന്നും കോഴിയെയോ ആടിനെയോ ബലി നല്‍കാനാണ് നിര്‍ദേശിച്ചതെന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഷര്‍മിളയുടെ മൊഴി ഇയാളുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ബലി നല്‍കിയതെന്നാണ്. അറസ്റ്റിലായ മൂന്നുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..