എളമക്കര പുതുക്കലവട്ടത്ത് മോഷണം നടന്ന വീട്ടിൽ പോലീസ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. മോഷ്ടാക്കൾ കുത്തിതുറന്ന പിൻവാതിലും കാണാം
കൊച്ചി: നഗരത്തിൽ പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. 11.11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് പുതുക്കലവട്ടത്തെ വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത്.
പൊതുമരാമത്ത് വകുപ്പിൽ ഇലക്ട്രിക്കൽ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി ചുള്ളിക്കലിലായിരുന്നു. ഈ സമയമാണ് മോഷണം നടന്നത്.
വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി അലമാരയിൽ നിന്നാണ് സ്വർണം കവർന്നത്. അലമാരയുടെ ലോക്ക് പൊളിച്ച ശേഷം അകത്തു നിന്ന് താക്കോൽ കണ്ടെത്തി ലോക്കർ തുറന്നാണ് സ്വർണമെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
വീടിന്റെ താക്കോൽ സമീപത്തെ ബന്ധുവിന്റെ പക്കൽ ഏല്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഈ വീട്ടിലെ കുട്ടി വന്ന് നോക്കിയപ്പോഴാണ് പിൻവാതിൽ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട ആഭരണങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് ഉടമയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
മോഷ്ടാവിനെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എളമക്കര പോലീസ് പറഞ്ഞു. പരിസര പ്രദേശത്ത് സി.സി.ടി.വി. ദൃശ്യങ്ങളില്ല. അതിനാൽ മറ്റിടങ്ങളിലെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രദേശത്തേക്കുള്ള വഴിയിലും മറ്റും രാത്രിയിൽ സംശയാസ്പദമായി കണ്ട ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
എളമക്കര സി.ഐ. വി.ആർ. സുനിൽ, എസ്.ഐ.മാരായ ബിബിൻ, രാജു, എ.എസ്.ഐ. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights:huge theft in kochi city elamakkara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..