അനസ്, വർഷ, ഫൈസൽ
അങ്കമാലി: രണ്ട് കാറുകളിലായി ആന്ധ്രയില്‍നിന്നു കൊണ്ടുവന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയില്‍ പോലീസ് പിടികൂടി. യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ അനസ് (41), ഒക്കല്‍ പടിപ്പുരയ്ക്കല്‍ വീട്ടില്‍ ഫൈസല്‍ (35), തിരുവനന്തപുരം ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ (22) എന്നിവരാണ് അറസ്റ്റിലായത്. വര്‍ഷ ഫൈസലിന്റെ ഭാര്യയാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവരെ പിടികൂടിയത്.
ആന്ധ്രയില്‍നിന്ന് പെരുമ്പാവൂരിലേക്കു കടത്തിയ കഞ്ചാവാണ് പിടിച്ചത്. ഫൈസലും വര്‍ഷയും ഒരു കാറിലും അനസ് മറ്റൊരു കാറിലുമാണ് വന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോലെയായിരുന്നു ഇവരുടെ വരവ്. അനസ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് കിലോയുടെ 113 പാക്കറ്റുകളില്‍ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലും സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചത്.
എസ്.പി. കെ. കാര്‍ത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഞ്ചാവ് കടത്ത് സംഘം നിരീക്ഷണത്തിലായിരുന്നു. വാഹന പരിശോധന നടത്തിയ ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ആന്ധ്രയില്‍നിന്ന് തുച്ഛ വിലയ്ക്ക് കഞ്ചാവ് വാങ്ങി ഇവിടെ വന്‍ വിലയ്ക്ക് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
ആന്ധ്രയില്‍ 6000, ഇവിടെ 30000
അങ്കമാലി: ആന്ധ്രയില്‍നിന്ന് ഏജന്റുമാര്‍ മുഖേന കഞ്ചാവ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തില്‍ വലിയ വിലയ്ക്കു വില്‍ക്കുകയാണ് ചെയ്യുന്നത്. വാഹനം ആന്ധ്രയിലെത്തിച്ച് ഏജന്റിന് കൈമാറും. ഏജന്റ് ഇതില്‍ കഞ്ചാവ് കയറ്റി തിരികെ എത്തിച്ചു കൊടുക്കും. ബ്രൗണ്‍ കളറിലുള്ള പേപ്പറിലാണ് കഞ്ചാവ് പൊതിയുന്നത്. എല്ലാ പൊതികള്‍ക്കും ഏതാണ്ട് ഒരേ തൂക്കമായിരിക്കും.
കിലോയ്ക്ക് 6000 രൂപയാണ് വില. കേരളത്തില്‍ വില്‍ക്കുമ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെ ലഭിക്കും. 100 കിലോ കേരളത്തിലെത്തിച്ച് വിറ്റാല്‍ ചെലവെല്ലാം കഴിച്ച് 15 ലക്ഷം രൂപയെങ്കിലും ലാഭം കിട്ടും. ആന്ധ്രയില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് വാടക വീടുകളിലാണ് സൂക്ഷിക്കുന്നത്. തുടര്‍ന്ന് ചില്ലറവില്പന നടത്തും. മാസത്തില്‍ ഒന്നുരണ്ട് വട്ടം ആന്ധ്രയില്‍നിന്ന് കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം. വാടകയ്‌ക്കെടുക്കുന്ന കാറുകളിലാണ് കഞ്ചാവ് കടത്താറുള്ളത്.
മുന്‍പും കഞ്ചാവ് കടത്തിയിട്ടുണ്ടെങ്കിലും സംഘം പിടിയിലാകുന്നത് ആദ്യമാണ്. ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് കടത്തുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഒരു വര്‍ഷത്തിനുള്ളില്‍ 425 കിലോയോളം കഞ്ചാവാണ് റൂറല്‍ ജില്ലയില്‍നിന്ന് പോലീസ് പിടിച്ചത്. എസ്.പി. കാര്‍ത്തിക്, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവന്‍കുട്ടി, എസ്.എച്ച്.ഒ.മാരായ സോണി മത്തായി, കെ.ജെ. പീറ്റര്‍, പി.എം. ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്ത് അന്വേഷിക്കുന്നത്.
പിന്നാലെ പോലീസ്; ഒടുവില്‍ പിടിയില്‍
അങ്കമാലി: കഞ്ചാവ് കടത്ത് സംഘത്തെ പോലീസ് വലയിലാക്കിയത് കൃത്യമായ ആസൂത്രണത്തിലൂടെ. വാളയാര്‍ മുതല്‍ പോലീസ് ഇവര്‍ വന്ന കാറുകള്‍ പിന്തുടരുന്നുണ്ടായിരുന്നു. വാഹനങ്ങളുടെ നമ്പറടക്കമുള്ള വിവരങ്ങള്‍ നര്‍ക്കോട്ടിക് സെല്ലിനും കൈമാറി. കറുകുറ്റിയില്‍ റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള നര്‍ക്കോട്ടിക് സെല്ലും അങ്കമാലി പോലീസും നിലയുറപ്പിച്ചു.
കഞ്ചാവുമായി എത്തിയ വാഹനങ്ങള്‍ പോലീസിനെ വെട്ടിച്ച് കടന്നുപോകാതിരിക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ വാഹനമിട്ടു. ആദ്യത്തെ വാഹനം പിടിക്കപ്പെട്ടു എന്ന് കണ്ടതോടെ കഞ്ചാവുമായെത്തിയ രണ്ടാമത്തെ വാഹനം വഴിമാറ്റി കൊണ്ടുപോകാന്‍ ശ്രമമുണ്ടായെങ്കിലും ആ നീക്കം വിജയിച്ചില്ല. തുടര്‍ന്ന് രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..