തട്ടിക്കൊണ്ടുപോയ സ്ത്രീകളെയും കുട്ടികളെയും പോലീസ് മോചിപ്പിച്ചപ്പോൾ | Photo: ANI
ജയ്പുര്‍: രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 38 പേരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി. ജാല്‍വറിലെ ഉന്‍ഹെര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ആലോത്തില്‍നിന്നുള്ളവരാണ് സ്ത്രീകളെയും കുട്ടികളെയും ബസില്‍ കടത്തിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ 38 പേരെയും പിന്നീട് മോചിപ്പിച്ചതായി പോലീസ് പറഞ്ഞു.
മധ്യപ്രദേശില്‍നിന്നുള്ള നൂറോളം പേരാണ് രാജസ്ഥാനിലെ ഗ്രാമത്തിലെത്തി അതിക്രമം കാണിച്ചത്. കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം ഗ്രാമത്തില്‍ അഴിഞ്ഞാടി. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് സംഘം ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്നുള്ളവര്‍ മധ്യപ്രദേശിലെത്തി സ്ഥിരമായി മോഷണവും അക്രമവും നടത്തുന്നതാണ് തട്ടിക്കൊണ്ടുപോകലിനും അതിക്രമത്തിനും കാരണമായതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍നിന്ന് ബസിലും മറ്റുവാഹനങ്ങളിലുമായാണ് നൂറോളം പേര്‍ രാജസ്ഥാനിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഇവര്‍ വരുന്ന വിവരമറിഞ്ഞ് ബാമന്‍ ഗ്രാമത്തിലെ പുരുഷന്മാര്‍ ഒളിവില്‍പോയി. ഇതോടെയാണ് അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും വാഹനങ്ങളില്‍ തട്ടിക്കൊണ്ടുപോയത്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും ജാല്‍വാര്‍ എസ്.പി. അറിയിച്ചു. നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എസ്.പി. പറഞ്ഞു.
Content Highlights: huge kidnap in rajasthan police rescued 38 kidnapped women and children
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..