'എന്റെ ഫീസ് മാതാപിതാക്കള്‍ക്ക് തിരികെനല്‍കണം'; ഇരച്ചെത്തി ആയിരങ്ങള്‍, ബസുകള്‍ കൂട്ടത്തോടെ കത്തിച്ചു


പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഞായറാഴ്ച വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്.

Photo: Twitter

ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ പൊട്ടിപ്പുറപ്പെട്ടത് വന്‍ സംഘര്‍ഷം. കള്ളക്കുറിച്ചി ചിന്നസേലം കനിയമൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലും പരിസരത്തുമാണ് വന്‍ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായത്. സ്‌കൂളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. സ്‌കൂളിലെ നിരവധി ബസുകളും മറ്റുവാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ നേരിടാനെത്തിയ പോലീസിന് നേരേയും ആക്രമണമുണ്ടായി. പോലീസ് വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. ഞായറാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അയവില്ല.

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഞായറാഴ്ച വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്. തുടര്‍ന്ന് ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല.

പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ ബുധനാഴ്ച രാവിലെയാണ് സ്‌കൂളിലെ ഹോസ്റ്റല്‍ വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞിരുന്നു.

സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അവഹേളിച്ചെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. മാതാപിതാക്കളും കൂട്ടുകാരും ക്ഷമിക്കണമെന്നും തന്റെ ട്യൂഷന്‍ ഫീസ് സ്‌കൂള്‍ മാനേജ്‌മെന്റ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പില്‍ എഴുതിയിരുന്നു.

അതേസമയം, കടലൂര്‍ സ്വദേശിനിയായ 17-കാരിയുടെ മരണത്തില്‍ അടിമുടി ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണതായി സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അരമണിക്കൂറിനുള്ളില്‍ പെണ്‍കുട്ടി മരിച്ചതായും ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ സ്‌കൂളില്‍നിന്ന് ആംബുലന്‍സില്‍ അല്ല, മറ്റൊരു വാഹനത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിനെ അറിയിക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ മൃതദേഹം കള്ളക്കുറിച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ചും കുടുംബം സംശയം ഉന്നയിക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ മരണവിവരമറിഞ്ഞ് നാട്ടുകാരായ നിരവധി പേരാണ് കഴിഞ്ഞദിവസം കള്ളക്കുറിച്ചിയില്‍ സംഘടിച്ചെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാവ് ചിന്നസേലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പോലീസിനെ അറിയിക്കാതെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിലും വിദ്യാര്‍ഥിനിയില്‍നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പിലും ദുരൂഹതകളുണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സ്‌കൂളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തത് സംബന്ധിച്ചും ഇവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

മരിച്ച 17-കാരി നേരത്തെ തന്നെ ശക്തി സ്‌കൂളില്‍നിന്ന് മാറാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ടി.സി. നല്‍കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, ഈ സ്‌കൂളില്‍ നേരത്തെ ഏഴ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിട്ടുണ്ടെന്ന വിവരം മകള്‍ പറഞ്ഞിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും തങ്ങള്‍ക്ക് സംശയമുണ്ടെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ സേലം-കള്ളക്കുറിച്ചി ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. പിന്നാലെ ഒരുസംഘം പ്രതിഷേധക്കാര്‍ സ്‌കൂളിലേക്കും ഇരച്ചെത്തി. സ്‌കൂളിലേക്കെത്തിയ അധ്യാപകരെ ഇവര്‍ വഴിയില്‍ തടഞ്ഞു. ഒടുവില്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ തിരിച്ചയച്ചത്.

സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കാതെ തങ്ങള്‍ പിന്‍വാങ്ങില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സംഭവത്തില്‍ നടപടിയെടുക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും പറഞ്ഞു. ഇതിനിടെയാണ് ഞായറാഴ്ച കൂടുതല്‍ നാട്ടുകാരും വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജനക്കൂട്ടം ഇരച്ചെത്തിയതോടെ ശക്തി സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

ബസുകള്‍ കൂട്ടത്തോടെ അടിച്ചുതകര്‍ത്തു, തീയിട്ടു...

ഞായറാഴ്ച രാവിലെ ശക്തി സ്‌കൂള്‍ വളപ്പിലേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് പേര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി ബസുകളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. ട്രാക്ടര്‍ ഉപയോഗിച്ചും ബസുകള്‍ തകര്‍ത്തു. ചില ബസുകള്‍ മറിച്ചിട്ട് അഗ്നിക്കിരയാക്കി. 13 സ്‌കൂള്‍ ബസുകളും മൂന്ന് പോലീസ് വാഹനങ്ങള്‍ക്കുമാണ് തീയിട്ടത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ആക്രമണത്തില്‍ ഒട്ടേറെ പോലീസുകാര്‍ക്കും പരിക്കേറ്റു.

ഏകദേശം രണ്ടായിരത്തിലേറെ ആളുകളാണ് സ്‌കൂള്‍ വളപ്പിലേക്ക് സംഘടിച്ചെത്തിയതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മരണം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള ആഹ്വാനമുണ്ടായത്. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ആഹ്വാനപ്രകാരമാണ് ഇത്രയധികം വിദ്യാര്‍ഥികളും നാട്ടുകാരും സ്‌കൂളിലേക്ക് എത്തിയതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധ്യാപകരെ ചോദ്യംചെയ്തു, അന്വേഷണം

പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന അധ്യാപകരെ ചോദ്യംചെയ്തു. സാധാരണ വിദ്യാര്‍ഥികളോട് പറയുന്നകാര്യങ്ങള്‍ മാത്രമാണ് 17-കാരിയോടും പറഞ്ഞിട്ടുള്ളതെന്നായിരുന്നു ഇവരുടെ മറുപടി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

സമാധാനം നിലനിര്‍ത്തണം, അന്വേഷണം പൂര്‍ത്തിയായാല്‍ നടപടി- സ്റ്റാലിന്‍

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. കലാപാന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. സമാധാനം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ഥിക്കുന്നു. ഡി.ജി.പി.യോടും ആഭ്യന്തര സെക്രട്ടറിയോടും കള്ളക്കുറിച്ചിയിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: huge clash in sakthi school kallakurichi on class 12 girl death

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented