ഫയൽചിത്രം|മാതൃഭൂമി
ആദ്യം അണലി, പിന്നെ മൂര്‍ഖന്‍. തന്നെ ജീവന് തുല്യം സ്നേഹിച്ച പ്രിയതമയെ കൊലപ്പെടുത്താന്‍ സൂരജ് ഉപയോഗിച്ചത് രണ്ടുപാമ്പുകളെ. ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും അയാളിലെ കൊലയാളി പിന്‍വാങ്ങിയില്ല. എല്ലാം മനസില്‍ കണക്കുക്കൂട്ടി വീണ്ടും ശ്രമിച്ചു. ഒടുവില്‍ അയാളുടെ ആസൂത്രണം ലക്ഷ്യംകണ്ടു. വിഷംചീറ്റിയ മൂര്‍ഖന്‍ ഉത്രയെ രണ്ടുതവണ കടിച്ചു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഭര്‍ത്താവില്‍നിന്ന് ജ്യൂസ് വാങ്ങി കുടിച്ച ഉത്ര അത് അറിഞ്ഞതുപോലുമില്ല. ഒന്നും അറിയാതിരിക്കാന്‍ ആ ജ്യൂസിലും അയാള്‍ മയക്കുഗുളികകള്‍ ചേര്‍ത്തിരുന്നു.
ഉത്രയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് മുതല്‍ സൂരജ് കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനാണ് പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം തിരഞ്ഞെടുത്തത്. ഇതിന് മുന്നോടിയായി ഇത്തരത്തിലുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. പാമ്പുകളെ കുറിച്ചും പാമ്പിന്റെ വിഷത്തെ സംബന്ധിച്ചും പഠിച്ചുമനസിലാക്കി. എങ്ങനെയാണ് പാമ്പ് കടിക്കുന്നതെന്നും പാമ്പ് കടിച്ചാല്‍ എങ്ങനെ മരണം സംഭവിക്കുമെന്നും വീഡിയോകളിലൂടെയും പഠിച്ചു. പാമ്പിനെ കൈകാര്യംചെയ്യുന്നരീതിയും മനസിലാക്കി. ഇതിനുശേഷമാണ് ഏനാത്തെ പാമ്പ് പിടിത്തക്കാരനായ സുരേഷിനെ ബന്ധപ്പെടുന്നത്.
യൂട്യൂബ് വീഡിയോകളിലൂടെയാണ് പാമ്പ് പിടിത്തക്കാരനായ സുരേഷിനെക്കുറിച്ച് സൂരജിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി സുരേഷിനെ വിളിച്ചു. 2020 ഫെബ്രുവരി 12-നായിരുന്നു സുരേഷിനെ ആദ്യമായി വിളിച്ച് പരിചയപ്പെട്ടത്. പാമ്പുപിടിത്തതിലും പാമ്പുകളെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളയാളാണെന്ന് പരിചയപ്പെടുത്തി. ഒരിക്കല്‍ ചാത്തന്നൂരില്‍വെച്ച് ഇരുവരും നേരില്‍കാണുകയും ചെയ്തു.

ഇതിനിടെ, വീട്ടുപരിസരത്ത് പാമ്പ് ശല്യം രൂക്ഷമാണെന്നും സൂരജ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ബോധവത്കരണ ക്ലാസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് സുരേഷ് ആദ്യമായി സൂരജിന്റെ വീട്ടിലെത്തുന്നത്. ഫെബ്രുവരി 26-നായിരുന്നു അത്. അന്ന് സുരേഷിന്റെ കൈയിലുണ്ടായിരുന്ന ചേരയെ സൂരജ് അനായസം കൈകാര്യംചെയ്തു. ശേഷം സുരേഷിന്റെ കൈയില്‍നിന്ന് ഒരു അണലിയെയും വാങ്ങി. പതിനായിരം രൂപയാണ് ഇതിനുനല്കിയത്. വീട്ടുപരിസരത്ത് എലിശല്യമുണ്ടെന്നും മറ്റും പറഞ്ഞാണ് അണലിയെ വാങ്ങിവെച്ചത്. ഈ അണലിയെ ഉപയോഗിച്ചായിരുന്നു ആദ്യ കൊലപാതകശ്രമം.
കൃത്യമായ നാടകം, പാമ്പുണ്ടെന്ന് വരുത്തിതീര്‍ത്തു...
ആദ്യത്തെ കൊലപാതകശ്രമത്തിന് മുമ്പ് അടൂരിലെ വീട്ടില്‍ പാമ്പിന്റെ ശല്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നു. അണലിയുടെ കടിയേല്‍ക്കുന്നതിന് മുമ്പേ സൂരജിന്റെ വീട്ടില്‍ ഉത്ര പാമ്പിനെ കണ്ടിരുന്നു. ഗോവണിയിലാണ് പാമ്പിനെ കണ്ടത്. ഇക്കാര്യം ഉത്ര സ്വന്തം വീട്ടുകാരോട് പറയുകയും ചെയ്തു. എന്നാല്‍ അത് ചേരയാണെന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. പക്ഷേ, ഇതെല്ലാം സൂരജ് മുന്‍കൂട്ടി ചെയ്തതാണെന്നാണ് പിന്നീട് തെളിഞ്ഞത്.
മാര്‍ച്ച് രണ്ടാം തീയതി കുഞ്ഞിന്റെ തുണി കഴുകാനിറങ്ങിയ ഉത്രയെ എന്തോ കടിച്ചെന്നാണ് സൂരജും വീട്ടുകാരും പറഞ്ഞിരുന്നത്. എന്നാല്‍ ബോധരഹിതയായ ഉത്രയ്ക്ക് ചികിത്സ നല്‍കുന്നത് സൂരജ് മനഃപൂര്‍വ്വം വൈകിപ്പിച്ചു. വീട്ടില്‍ കാറും ഓട്ടോയും ഉണ്ടായിരുന്നിട്ടും സുഹൃത്തിന്റെ കാര്‍ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സമീപത്തെ ആശുപത്രികളിലേക്ക് ആദ്യം കൊണ്ടുപോയതുമില്ല. ഇതിനിടെ, ഉത്രയെ എന്തോ കടിച്ചെന്നും തത്കാലം മാതാപിതാക്കളെ അറിയിക്കേണ്ടെന്നും ഉത്രയുടെ ബന്ധുവിനെ വിളിച്ചുപറഞ്ഞിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളേജില്‍വെച്ചാണ് ഉത്രയെ കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞത്. അവിടെ ചികിത്സ തുടര്‍ന്നു. കടിയേറ്റ കാലില്‍ പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ഇതിനുശേഷമാണ് ഉത്ര സ്വന്തംവീട്ടില്‍ വിശ്രമത്തിനെത്തിയത്. എന്നാല്‍ അണലി കടിച്ചത് സൂരജിന്റെ കൊലപാതകശ്രമമാണെന്നും ആര്‍ക്കും ഈ ഘട്ടത്തില്‍ സംശയം തോന്നിയിരുന്നില്ല. ഇതോടെ സൂരജെന്ന കൊലയാളിക്ക് ആത്മവിശ്വാസവും കൂടി.
വീണ്ടും വാങ്ങി മൂര്‍ഖനെ...
അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും പറഞ്ഞാണ് സുരേഷില്‍നിന്ന് സൂരജ് രണ്ടാമത്തെ പാമ്പിനെ വാങ്ങുന്നത്. ഏഴായിരം രൂപയാണ് മൂര്‍ഖന്‍ വേണ്ടി സൂരജ് നല്‍കിയത്. സാമ്പത്തികപ്രതിസന്ധി കാരണം കൂടുതലൊന്നും അന്വേഷിക്കാതെ പണം വാങ്ങി മൂര്‍ഖനെ നല്‍കിയെന്നായിരുന്നു സുരേഷിന്റെ മൊഴി.

മൂര്‍ഖനെ വാങ്ങിയ ശേഷം അതിവിദഗ്ധമായാണ് സൂരജ് പിന്നീടുള്ള കരുക്കള്‍ നീക്കിയത്. മൂര്‍ഖനെ കൈകാര്യ ചെയ്യേണ്ടതെന്നും എങ്ങനെയാണ് മൂര്‍ഖന്‍ കടിക്കുന്നതെന്നും ഉള്‍പ്പെടെ ഇയാള്‍ മനസിലാക്കി. തുടര്‍ന്ന് മേയ് ആറാം തീയതി ഉത്രയുടെ വീട്ടിലെത്തി. സാധാരണ കൊണ്ടുവരാറുള്ള കറുത്ത ഷോള്‍ഡര്‍ ബാഗുമായാണ് സൂരജ് അന്നും ഏറത്തെ വീട്ടില്‍ വന്നത്. എന്നാല്‍ അന്നേദിവസം ആ ബാഗിനുള്ളില്‍ ഒരു മൂര്‍ഖന്‍ പാമ്പുമുണ്ടായിരുന്നു.
മയക്കാന്‍ ഗുളിക കലര്‍ത്തിനല്‍കിയത് രണ്ട് തവണ
അണലി കടിക്കുന്നതിന് മുമ്പും മൂര്‍ഖന്‍ കടിക്കുന്നതിന് മുമ്പും ഉത്രയ്ക്ക് സൂരജ് മയക്കുമരുന്ന് കലര്ത്തിനല്കിയിരുന്നു. അണലി കടിച്ചദിവസം പായസത്തിലാണ് മയക്കുമരുന്ന് കലര്‍ത്തിയത്. അണലി കടിച്ച ആള്‍ക്ക് മയക്കംവരില്ലെന്ന് വിദഗ്ധര്‍ പിന്നീട് മൊഴി നല്‍കിയിരുന്നു.
മെയ് ആറാം തീയതി രാത്രിയും ഇതേ തന്ത്രം തന്നെയാണ് സൂരജ് പ്രാവര്‍ത്തികമാക്കിയത്. കിടക്കുന്നതിന് മുമ്പ് ഉത്രയ്ക്ക് ജ്യൂസ് നല്‍കിയാണ് മയക്കികിടത്തിയത്. സൂരജ് തന്നെയാണ് അടുക്കളയില്‍ ജ്യൂസ് തയ്യാറാക്കിയത്. ജ്യൂസുമോയി മരുമകന് കിടപ്പുമുറിയിലേക്ക് പോകുന്നത് വിജയസേനനും മണിമേഖലയും കണ്ടിരുന്നു. എന്നാല്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷമാണ് ഈ ജ്യൂസ് ഉത്രയ്ക്ക് കുടിക്കാന്‍ നല്‍കിയത്.

ജ്യൂസ് കുടിച്ച് ഉത്ര മയങ്ങിയതോടെ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ സൂരജ് പുറത്തെടുത്തു. തുടര്‍ന്ന് പാമ്പിനെ തലയില്‍പിടിച്ച് വേദനിപ്പിച്ച് ഉത്രയെ കടിപ്പിക്കുകയായിരുന്നു. രണ്ടുതവണയാണ് ഉത്രയ്ക്ക് കടിയേറ്റത്. പാമ്പിനെ തിരികെ കുപ്പിയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
മെയ് ഏഴാം തീയതി രാവിലെ പതിവില്ലാതെ സൂരജാണ് ആദ്യം എഴുന്നേറ്റത്. നേരേ അടുക്കളയിലേക്ക് പോയി. തലേദിവസം രാത്രി ഉറങ്ങിയില്ലെന്നും പറഞ്ഞു. പിന്നീട് അമ്മ മണിമേഖല ഉത്രയുടെ മുറിയില്‍ പോയസമയത്താണ് മകള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഇതോടെ ഇവര്‍ നിലവിളിച്ചു. ഉടന്‍തന്നെ സഹോദരനടക്കമുള്ളവര്‍ ഉത്രയെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.
സര്‍പ്പദോഷം, സംശയങ്ങള്‍ ഉയരുന്നു...
ഉത്രയ്ക്ക് രണ്ട് തവണ പാമ്പ് കടിയേറ്റതും സര്‍പ്പദോഷം കാരണമാണെന്നായിരുന്നു സൂരജിന്റെ വാദം. ഉത്രയുടെ മരണശേഷം ഇക്കാര്യം മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിച്ചു. വീടിനടുത്ത് സര്പ്പക്കാവുള്ളതും വിജനമായ സ്ഥലങ്ങളുള്ളതും ഇതിന് ആക്കംകൂട്ടി. എന്നാല്‍ ഓരോദിവസവും സൂരജിന്റെ പെരുമാറ്റത്തില്‍ ഉത്രയുടെ വീട്ടുകാര്‍ക്ക് സംശയം കൂടുകയായിരുന്നു.
ഉത്രയുടെ ലോക്കറില്‍നിന്ന് സൂരജ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത് വീട്ടുകാര്‍ അറിഞ്ഞിരുന്നു. മാത്രമല്ല, ഉത്രയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റവും സംശയത്തിനിടയാക്കി. മരണദിവസം ഉത്രയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ സൂരജ്, പിറ്റേദിവസം മുതല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് നടക്കുന്നതാണ് കണ്ടത്. സൂരജിനെ കാണാന്‍ ചില സുഹൃത്തുക്കള്‍ ഉത്രയുടെ വീട്ടില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം മണിക്കൂറുകളോളമാണ് സൂരജ് ചെലവഴിച്ചിരുന്നത്. ഇവര്‍ക്കൊപ്പം പൊട്ടിച്ചിരിക്കുന്നതും ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു.
ഇതിനിടെ, മകന് ധ്രുവിനെ സൂരജ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് വാക്കുതര്‍ക്കത്തിനിടയാക്കി. പിന്നാലെ ഉത്രയുടെ കുടുംബത്തിനെതിരേ സൂരജും കുടുംബവും പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് മരുമകനെതിരേ പരാതി നല്കാന് വിജയസേനനും മണിമേഖലയും തീരുമാനിച്ചത്. സൂരജിന്റെ പെരുമാറ്റവും മറ്റു ഇടപെടലുകളും ഉത്രയുടെ വീട്ടുകാരില്‍ സംശയത്തിനിടയാക്കി. ഇതോടെയാണ് മകളുടെ മരണം കൊലപാതകമാണെന്ന് ഇവര്‍ 99 ശതമാനവും ഉറപ്പിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂരജും പാമ്പ് പിടിത്തക്കാരന് സുരേഷും തമ്മില്‍ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചു. മാത്രമല്ല, സൂരജ് പാമ്പിനെ കൈകാര്യം ചെയ്തിരുന്നതായുള്ള വിവരങ്ങളും സ്ഥിരീകരിച്ചു. ഇതോടെ സൂരജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..