നിങ്ങള്‍ എങ്ങനെ ഇവിടെവരെ എത്തി? ആന്ധ്ര പോലീസ് കേരള പോലീസിനോട് ചോദിച്ചു; ബോഞ്ചി ബാബു കുടുങ്ങി


കേരള പോലീസ് സംഘം ആന്ധ്ര പോലീസിനൊപ്പം, പിടിയിലായ ബോഞ്ചി ബാബു(വലത്ത്)

കേരളത്തിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവന്‍ ബോഞ്ചി ബാബുവിനെ കേരള പോലീസ് ആന്ധ്രയില്‍നിന്ന് പിടികൂടിയത് അതിസാഹസികമായി. ആരും കടന്നുചെല്ലാന്‍ മടിക്കുന്ന നക്‌സല്‍ സാന്നിധ്യമുള്ള മേഖലകളില്‍ എത്തിയാണ് എറണാകുളം റൂറല്‍ എസ്.പി. പി. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയെ പൊക്കിയത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി.പി. ഷംസ്, ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐ. ടി.എം. സൂഫി, എ.എസ്.ഐ. ആന്റോ, എസ്.സി.പി.ഒ.മാരായ റോണി അഗസ്റ്റിന്‍, ജീമോന്‍ ജോര്‍ജ്, ശ്യാംകുമാര്‍, പ്രസാദ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ നവംബറില്‍ ബോഞ്ചി ബാബുവിന്റെ സംഘം കടത്തിക്കൊണ്ടുവന്ന 225 കിലോ കഞ്ചാവ് അങ്കമാലിയില്‍വെച്ച് പോലീസ് പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച തുടരന്വേഷണത്തിലാണ് തെക്കേ ഇന്ത്യയിലെ പ്രധാന കഞ്ചാവ് വിതരണക്കാരനായ ബോഞ്ചി ബാബുവും കുടുങ്ങിയത്. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണത്തിന്റെ വേരറുക്കാന്‍ കടത്തുകാരെ മാത്രം പിടികൂടിയിട്ട് കാര്യമില്ലെന്നും സംഘത്തിന്റെ പ്രധാനികളിലേക്ക് അന്വേഷണം നീളണമെന്നും റൂറല്‍ എസ്.പി. തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിലേക്ക് കഞ്ചാവ് വരുന്ന വഴികള്‍ ഏതെല്ലാമെന്ന് മനസിലാക്കി അവിടെയെത്തി അന്വേഷണം നടത്താന്‍ പോലീസ് സംഘം തീരുമാനിച്ചത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു.

രണ്ടാഴ്ച മുമ്പാണ് കേരള പോലീസിന്റെ പ്രത്യേകസംഘം അന്വേഷണത്തിനായി ആന്ധ്രപ്രദേശില്‍ എത്തിയത്. ആന്ധ്രയില്‍ നക്‌സല്‍ സ്വാധീന മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കൃഷിയുടെയും വിതരണത്തിന്റെയും വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഏജന്റുമാരുടെ വിവരങ്ങളും കണ്ടെത്തി. തുടര്‍ന്ന് വിശാഖപട്ടണത്തുനിന്ന് പോലീസ് സംഘം പാഡേരുവിലെത്തി. സ്വകാര്യവാഹനത്തിലാണ് കേരള പോലീസ് സംഘം പാഡേരുവിലെ മദുഗുള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ആ പോലീസ് സ്‌റ്റേഷനും അവിടെത്തെ കാഴ്ചകളും പോലീസ് സംഘത്തെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തു.

പോലീസ് സ്‌റ്റേഷന് മുന്നില്‍ കോട്ട പോലെ കാവലായി സി.ആര്‍.പി.എഫ്. ജവാന്മാര്‍ തോക്കുമേന്തി നില്‍ക്കുന്നു. പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് പോലും സി.ആര്‍.പി.എഫ്. ക്യാമ്പിനകത്തായിരുന്നു. നക്‌സല്‍ ഭീഷണി അത്രയേറെ രൂക്ഷമായതിനാലാണ് ഈ സംവിധാനങ്ങളെല്ലാം. കേരള പോലീസ് സംഘത്തെ കണ്ടയുടന്‍ 'നിങ്ങള്‍ എങ്ങനെ ഇവിടെവരെ എത്തി' എന്നായിരുന്നു ആ സ്‌റ്റേഷനിലെ പോലീസുകാരുടെ ചോദ്യം.

അവിടെയുള്ള പോലീസുകാര്‍ക്ക് യൂണിഫോം ധരിക്കാനോ പോലീസിന്റെ ഔദ്യോഗിക വാഹനം ഉപയോഗിക്കാനോ കഴിയില്ലെന്നാണ് അന്വേഷണത്തിന് പോയ കേരള പോലീസ് സംഘം പറഞ്ഞത്. ഇനി എവിടെയങ്കിലും അന്വേഷണത്തിനായി പോകണമെങ്കില്‍ സി.ആര്‍.പി.എഫിന്റെ അകമ്പടി തേടും. കഞ്ചാവ് കടത്ത് ഏജന്റുമാരുടെ വിവരങ്ങള്‍ പോലീസുകാരെ കാണിച്ചപ്പോളും ആ സ്ഥലങ്ങളിലൊന്നും പോകാന്‍ കഴിയില്ലെന്നായിരുന്നു അവിടുത്തെ പോലീസുകാരുടെ മറുപടി.

ആന്ധ്ര പോലീസിന്റെ മറുപടി കേട്ടതോടെ അന്വേഷണം വഴിമുട്ടിയെന്നാണ് കേരള പോലീസ് സംഘം കരുതിയത്. തുടര്‍ന്നാണ് തൊട്ടടുത്ത ചിന്താപള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. അവിടെയും സമാനകാഴ്ചകള്‍ തന്നെയായിരുന്നു കേരള പോലീസ് സംഘത്തെ വരവേറ്റത്. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരു മലയാളി സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ കണ്ടത് പോലീസ് സംഘത്തിന് തുണയായി. പോലീസിന്റെ കൈവശമുള്ള വിലാസങ്ങള്‍ തേടിപോകാമെന്നും അതിനുള്ള സൗകര്യം ചെയ്യാമെന്നും സി.ആര്‍.പി.എഫ് അറിയിച്ചു. ഇതോടെ കേരള പോലീസ് സംഘത്തിനും പ്രതീക്ഷ വര്‍ധിച്ചു.

മറ്റു വാഹനങ്ങളില്‍ പോകുന്നത് അപകടകരമായതിനാല്‍ ബൈക്കുകളിലാണ് പോലീസ് സംഘം ഉള്‍വനത്തിലെ ഗ്രാമങ്ങളിലേക്ക് പോയത്. ഒരുമണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം പോലീസ് സംഘം ആദിവാസി ഗ്രാമങ്ങളിലെത്തി. എന്നാല്‍ കൈവശമുള്ള വിലാസം തേടിച്ചെന്നപ്പോള്‍ 60 വയസ്സുള്ള ഒരു സ്ത്രീയെയാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവര്‍ ഗ്രാമം വിട്ട് പുറത്തുപോയിട്ടില്ലെന്നും കഞ്ചാവ് കടത്തുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. എന്നാല്‍ ഇതിനിടെ, കേരള പോലീസ് സംഘത്തിനൊപ്പം വന്ന ഒരു ആന്ധ്ര പോലീസുകാരന്‍ ഒരു യുവതിയില്‍നിന്ന് ചില വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വീണ്ടും സമീപത്തെ മറ്റൊരു പോലീസ് സ്‌റ്റേഷനായ ഹുക്കുംപേട്ടയിലെത്തി. ബോഞ്ചി ബാബുവിനെ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. തിരിച്ചറിഞ്ഞതോടെ എങ്ങനെയും ഇയാളെ പിടികൂടുക എന്നതായിരുന്നു അടുത്ത ദൗത്യം.

പ്രതി താമസിക്കുന്ന സ്ഥലം ആന്ധ്ര പോലീസ് കൃത്യമായി മനസിലാക്കിയിരുന്നു. തുടര്‍ന്ന് രാവിലെ തന്നെ പ്രതിയെ അന്വേഷിച്ചിറങ്ങാന്‍ തീരുമാനിച്ചെങ്കിലും അത് അപകടകരമാണെന്നായിരുന്നു എസ്.എച്ച്.ഒ. ആയ ഉദ്യോഗസ്ഥന്റെ അഭിപ്രായം. പ്രതിയുമായി ഗ്രാമത്തില്‍നിന്ന് തിരികെ പോരുന്നത് ഏറെ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഗ്രാമത്തില്‍ പ്രവേശിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ രാത്രിയാകുന്നത് വരെ കേരള പോലീസ് സംഘം കാത്തിരുന്നു. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ ആന്ധ്ര പോലീസിനൊപ്പം കേരള പോലീസ് സംഘവും ഗ്രാമത്തിലെത്തി.

ഗ്രാമത്തിലെ എല്ലാവരും ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തിയതോടെ രഹസ്യമായി പോലീസ് സംഘം ബോഞ്ചി ബാബുവിന്റെ വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് നിരാശരായി മടങ്ങുന്നതിനിടെയാണ് സമീപത്തെ കുറ്റിക്കാട്ടില്‍ എന്തോ ഒരു അനക്കം പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പോലീസ് സംഘം കുറ്റിക്കാട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ഒളിച്ചിരിക്കുകയായിരുന്ന ബോഞ്ചി ബാബുവിനെ കണ്ടെത്തുകയും കൈയോടെ പിടികൂടുകയുമായിരുന്നു.

ബോഞ്ചി ബാബുവിനെ പിടികൂടിയതിന്റെ ബഹളമെല്ലാം കേട്ട് ചില ഗ്രാമവാസികള്‍ ഇതിനോടകം വിവരമെല്ലാം അറിഞ്ഞിരുന്നു. ഇതോടെ കൂടുതല്‍പേര്‍ സംഘടിക്കുന്നതിന് മുമ്പ് എങ്ങനെയും ഗ്രാമത്തില്‍നിന്ന് രക്ഷപ്പെടാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍ ചില നാട്ടുകാര്‍ ഓടിയെത്തി പോലീസ് വാഹനം തടഞ്ഞു. കൂടുതല്‍പേര്‍ ഓടിക്കൂടുന്നതിന് മുമ്പ് ഇവരെയെല്ലാം ആന്ധ്ര പോലീസ് വിരട്ടിയോടിച്ചു. തുടര്‍ന്ന് അതിവേഗം ബോഞ്ചി ബാബുവുമായി പോലീസ് വാഹനം ഗ്രാമത്തില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു.

പിടിയിലായ ബോഞ്ചി ബാബു ഹോര്‍ട്ടികള്‍ച്ചര്‍ സയന്‍സില്‍ ബി.എസ്.സി. ബിരുദധാരിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. നേരത്തെ പാഡേരുവില്‍ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പില്‍ ജീവനക്കാരനായിരുന്നു. കഞ്ചാവ് ലോബിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.

ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പില്‍ ജോലിയിലിരിക്കെയാണ് ബോഞ്ചി ബാബു കഞ്ചാവ് കൃഷി നടത്തുന്ന പ്രദേശവാസികളുമായി പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് ആദിവാസികളുടെ കാര്‍ഷികോത്പ്പനങ്ങളും മറ്റും കയറ്റി അയക്കുന്നതിന്റെ മറവില്‍ കഞ്ചാവ് കടത്തും ആരംഭിക്കുകയായിരുന്നു. കഞ്ചാവ് കൃഷി ചെയ്തതിന് ഇയാളുടെ പിതാവ് ഒരുമാസം മുമ്പ് അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിലെ കഞ്ചാവ് വില്പനക്കാര്‍ ആന്ധ്രയിലെത്തി കച്ചവടം ഉറപ്പിച്ച ശേഷം ഇയാളുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വാഹനം ഇവരുടെ സംഘം തന്നെ ഉള്‍ക്കാട്ടിലേയ്ക്ക് കൊണ്ടുപോയി കഞ്ചാവ് നിറച്ച് തിരികെ എത്തിക്കും. അതുമായി കേരളത്തിലേയ്ക്ക് പോരുകയാണ് ചെയ്യുന്നത്.
രണ്ടായിരം മുതല്‍ മൂവായിരം രൂപവരെയാണ് ആന്ധ്രയില്‍ കഞ്ചാവിന്റെ വില. പത്തിരട്ടിക്കാണ് കേരളത്തിലെ വില്പന. ഇങ്ങനെ കൊണ്ടുവന്ന 800 കിലോയോളം കഞ്ചാവാണ് ഒന്നരവര്‍ഷത്തിനിടെ എറണാകുളം റൂറല്‍ പോലീസ് പിടിച്ചത്.


Content Highlights: how kerala police team nabbed main ganja dealer from andhra pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented