
അറസ്റ്റിലായ പ്രതികൾ | Photo: Kerala Police
അങ്കമാലി: കാമുകിയെ ശകാരിച്ചതിന് ആശുപത്രി മാനേജരെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കുറുപ്പംപടി മുടക്കുഴ സ്വദേശി ശ്രീജിത്ത്(23) പുല്ലുവഴി രായമംഗലം സ്വദേശി പ്രവീൺ(20) വെങ്ങോല അറക്കപ്പടി സ്വദേശി യദുകൃഷ്ണൻ(24) എന്നിവരെയാണ് അങ്കമാലി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ആശുപത്രിയിലെ ജീവനക്കാരനുമായ ജിബുവിനെയും ക്വട്ടേഷൻ സംഘാംഗങ്ങളായ മറ്റ് മൂന്ന് പേരെയും ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു.
സഹപ്രവർത്തകയായ കാമുകിയെ ആശുപത്രിയിലെ മാനേജർ ശകാരിച്ചതിന് പ്രതികാരമായാണ് ജിബു ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തത്. തുടർന്ന് ക്വട്ടേഷൻ സംഘാംഗങ്ങളായ മറ്റ് പ്രതികൾ മാനേജരെ വീട്ടിൽക്കയറി മർദിക്കുകയായിരുന്നു. മാനേജറുടെ ഏഴ് പവന്റെ സ്വർണമാലയും ഇവർ കവർന്നിരുന്നു.
വ്യാഴാഴ്ച അറസ്റ്റിലായ ശ്രീജിത്ത് അടിപിടി കേസിലും പ്രവീൺ മോഷണ കേസിലും യദുകൃഷ്ണൻ കഞ്ചാവ് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജിബുവിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തതോടെ മൂവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽപോവുകയായിരുന്നു. നാട്ടിൽനിന്നും മുങ്ങിയ മൂവരും കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വയനാട്ടിൽനിന്നാണ് പിടിയിലായത്.
മാനേജറെ ആക്രമിക്കാനായി ജിബു കള്ളക്കഥ പറഞ്ഞതായാണ് മൂവരും പോലീസിനോട് പറഞ്ഞത്. കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കാനായി മാനേജർ കാമുകിയെ പീഡിപ്പിച്ചെന്ന കള്ളക്കഥ മെനഞ്ഞാണ് ജിബു ക്വട്ടേഷൻ സംഘത്തെ സമീപിച്ചത്. അതിനിടെ, മാനേജരിൽനിന്ന് കവർന്ന സ്വർണമാല മൂന്നാറിൽ വിറ്റതായും സംഘത്തിലൊരാൾ മറ്റുള്ളവരെ കബളിപ്പിച്ച് ഇതിൽനിന്ന് കൂടുതൽ പണം സ്വന്തമാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ജിബുവിന്റെ കാമുകിയും ആശുപത്രിയിലെ ജീവനക്കാരിയുമായിരുന്ന പെരുമ്പാവൂർ സ്വദേശിനിയും കേസിൽ പ്രതിയാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐ. ടി.എം. സൂഫി, പ്രൊബേഷൻ എസ്.ഐ. കെ.ആർ. അജേഷ്, റോണി അഗസ്റ്റിൻ, ബെന്നി ഐസക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights:hospital manager attacked in angamaly three more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..