പ്രതീകാത്മക ചിത്രം | PTI
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 20 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പോലീസ്. വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന് പിതാവും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമാണ് അറസ്റ്റിലായത്. അമ്മാവനും മറ്റ് രണ്ട് ബന്ധുക്കളുമാണ് കേസിലെ മറ്റുപ്രതികള്‍. ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഓഗസ്റ്റ് രണ്ടിനാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടക്കംമുതലേ പോലീസിന് ചില സംശയങ്ങളുണ്ടായതിനാല്‍ ഫൊറന്‍സിക് വിദഗ്ധരും പരിശോധനക്കെത്തി. ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്നും പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും വ്യക്തമായത്. തുടര്‍ന്ന് പിതാവിനെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്നും സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് ലക്ഷ്യമിട്ടതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
ജൂണ്‍ അഞ്ചാം തീയതി പെണ്‍കുട്ടി വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് ജൂലായ് ഏഴാം തീയതിയാണ് പെണ്‍കുട്ടി തിരിച്ചെത്തിയത്. ഇതിനിടെ മകളെ കാണാനില്ലെന്ന് പിതാവ് പോലീസിലും പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി തിരിച്ചെത്തിയതോടെ പോലീസ് ഇവരെ മഹിളാമന്ദിരത്തിലേക്ക് അയച്ചു. ജൂലായ് 31-ന് പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങി. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ സമ്മതമാണെന്ന് പറഞ്ഞതിനാലാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. എന്നാല്‍ വീട്ടിലേക്ക് പോയി രണ്ടാംദിവസം പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
Content Highlights: honour killing in madhya pradesh girls father and brother arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..