പ്രതീകാത്മക ചിത്രം | Photo: pics4news
ബെംഗളൂരു: ഇതരമതവിഭാഗത്തില്‍പ്പെട്ട യുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കര്‍ണാടകയില്‍ യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി. സിന്ധഗി താലൂക്കിലെ ബലാഗാനൂര്‍ സ്വദേശി രവി(34)യെയാണ് കാമുകിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ അമ്മാവനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പിതാവ് അടക്കമുള്ള മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ രവിയെ കാണാതായത്. പിറ്റേദിവസം യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ, വെള്ളിയാഴ്ച രാവിലെ രവിയുടെ കാമുകിയും പോലീസിനെ വിവരമറിയിച്ചു. തന്റെ കാമുകന്റെ ജീവന്‍ അപകടത്തിലാണെന്നും ബന്ധുക്കള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയേക്കുമെന്നും രക്ഷിക്കണമെന്നുമാണ് 24-കാരി വിജയപുരയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് പോലീസ് വ്യാപകമായ അന്വേഷണം നടത്തുകയും യുവതിയുടെ അമ്മാവനെയും ഇളയ സഹോദരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് യുവാവിനെ കൊന്ന് കുളത്തില്‍ തള്ളിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ കുളത്തില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
കൊല്ലപ്പെട്ട രവിയും യുവതിയും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ രവിയുമായുള്ള പ്രണയത്തെ എതിര്‍ത്തിരുന്നു. ബന്ധം ഉപേക്ഷിക്കാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കടയിലേക്ക് പോയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ശേഷം മൃതദേഹം ഗ്രാമത്തിലെ കുളത്തില്‍ തള്ളുകയായിരുന്നു. രവിയുടെ ചെരിപ്പുകളും വസ്ത്രങ്ങളും കുളത്തിന് സമീപത്തെ വയലില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനായി രവിയുടെ കാമുകിയെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
യുവതിയുടെ പിതാവിനും സഹോദരങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പിതാവും മൂത്തസഹോദരനും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും ആരെല്ലാമാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പും കര്‍ണാടകയില്‍ ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെല്‍ഗാവിയിലെ 24 വയസ്സുകാരനെയാണ് കാമുകിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം റെയില്‍വേപാളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതരമതക്കാരനുമായുള്ള പ്രണയമായിരുന്നു കൊലപാതകത്തിന് കാരണം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: honour killing in karnataka 34 year old youth killed by girlfriends family members


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..