പോലീസ് കസ്റ്റഡിയിലെടുത്ത കാറുകൾ. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ
മീനങ്ങാടി(വയനാട്): സ്വര്‍ണവും പണവുമായി വരുന്നവരെ വാഹനത്തില്‍ പിന്തുടര്ന്ന് കവര്‍ച്ചനടത്തുന്ന സംഘത്തിലെ അഞ്ചുപേരെ മീനങ്ങാടി പോലീസ് അറസ്റ്റുചെയ്തു.
കോഴിക്കോട് സ്വദേശികളായ കൊയിലാണ്ടി അരീക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന് (29), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22), ഉള്ളിയേരി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (27), വയനാട് സ്വദേശികളായ മൂപ്പൈനാട് നെടുങ്കരണ കുയിലന്‍വളപ്പില്‍ സക്കറിയ (29), തോമാട്ടുചാല്‍ വേലന്‍മാരിത്തൊടിയില്‍ പ്രദീപ് കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചുപേരെകൂടി പിടികൂടാനുണ്ട്. ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. രണ്ടു കാറുകളും കത്തികളും കമ്പിപ്പാരയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാര്യമ്പാടിയില്‍ സംശയാസ്പദമായി കണ്ടെത്തിയ കാറിനെ പിന്തുടര്ന്നുള്ള അന്വേഷണമാണ് കവര്‍ച്ചാ സംഘത്തിലെത്തിയത്.
മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടര്ന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു.
സംഘത്തില്‍ കൂടുതല്‍പേര്‍ പിടിയിലാവാനുണ്ട്. സുല്‍ത്താന്‍ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പാതിരാപ്പാലത്ത് കാര്‍ മിനി ലോറികൊണ്ട് തടഞ്ഞ് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഇപ്പോള്‍ നടത്തിയ കവര്‍ച്ചാ ആസൂത്രണത്തിലും പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒരേനിറത്തില്‍ രണ്ടുകാറുകള്‍, വ്യാജ നമ്പര്‍
കവര്‍ച്ചാസംഘങ്ങളെ പിടികൂടിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ടുകാറുകളും ഒരേ മോഡലും കടുംനീല നിറത്തിലുള്ളവയുമാണ്. കാറുകളില്‍ പിടിയിലായവര്‍ വ്യാജനമ്പര്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വ്യാജ നമ്പര്‍പ്ലേറ്റ് മാറ്റിയാണ് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കവര്‍ച്ച പിടിക്കപ്പെടാതിരിക്കാനും പെട്ടെന്ന് തിരിച്ചറിയാതിരിക്കാനുമാണ് സംഘം ഒരുപോലത്തെ കാറുകളും വ്യാജ നമ്പര്‍പ്ലേറ്റുകളും ഉപയോഗിക്കുന്നത്. പണവുമായി വരുന്നവരെ പിന്തുടരാന് ഒരു വാഹനവും പണം കവര്‍ന്ന് രക്ഷപ്പെടാന്‍ മറ്റൊരു വാഹനവും സംഘം ഉപയോഗപ്പെടുത്തി. ഹവാലപ്പണം ഉള്‍പ്പെടെ കൊണ്ടുവരുന്നവരെ കണ്ടെത്തി കവര്‍ച്ച നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
വാഹനങ്ങള്‍ വേറെയും ഉണ്ടാകാമെന്നും പിന്നില്‍ വലിയ സംഘമാണെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. ആദ്യം പിടികൂടിയ കാറില്‍നിന്ന് രണ്ടുകത്തിയും കമ്പിപ്പാരയുമാണ് കണ്ടെടുത്തത്. രണ്ടുകാറുകളില്നിന്ന് വ്യാജ നമ്പര്‍പ്ലേറ്റും കിട്ടിയിട്ടുണ്ട്.
മൂന്നുദിവസമായി രണ്ടുകാറുകള്‍ സ്ഥലത്ത് നിര്‍ത്തിയിടുകയും ഏഴുപേര്‍ സ്ഥലത്ത് വന്നുപോവുകയും ചെയ്യുന്നതായി തിങ്കളാഴ്ച ഉച്ചയ്ക്കാണ് മീനങ്ങാട് പോലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന്, പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കാറുകള്‍ അവിടെനിന്ന് ഓടിച്ചുപോയി. പിന്തുടര്‍ന്ന പോലീസ് കൊളവയലില്വെച്ച് ഒരു കാര്‍ പിടികൂടി. മൂന്നുപേരാണ് ഈ കാറിലുണ്ടായിരുന്നത്. ഇവരെ പിടികൂടിയപ്പോള്‍ തന്നെ പോലീസ് ചോദ്യംചെയ്തു. ഇതോടെയാണ് സംഘത്തിന്റെ ഒരു കാറുംകൂടി മുന്നില്പോയിരുന്നതായി വ്യക്തമായത്. ആര്.സി. ഉടമസ്ഥനെ കണ്ടെത്തി, ജി.പി.എസ്. സംവിധാനം ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയാണ് ഈ കാര്‍ കല്പറ്റയില്നിന്ന് കണ്ടെത്തിയത്.
കല്പറ്റയില് നിര്‍ത്തിയിട്ട കാറെടുക്കാനായി വന്നവരാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്. കാറില്‍ സഞ്ചരിച്ചിരുന്ന നാലുപേരെക്കുറിച്ച് സൂചനകള്‍ ലഭിച്ചെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു.
പാതിരിപ്പാലം ഹൈവേ കവര്‍ച്ചാക്കേസ് പ്രതികള്‍ക്കും പങ്ക്...
മീനങ്ങാടി: പാതിരിപ്പാലത്ത് കാര്‍ മിനിലോറികൊണ്ട് തടഞ്ഞ് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മീനങ്ങാടിയിലെ കവര്‍ച്ചാ ആസൂത്രണത്തിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. 2021 ജനുവരി 13-നായിരുന്നു പാതിരിപ്പാലം കവര്‍ച്ചശ്രമം. മൈസൂരുവില്‍നിന്ന് പണവുമായി വരുകയായിരുന്ന കോഴിക്കോട് സ്വദേശികളാണ് കവര്‍ച്ചയ്ക്കിരയായത്.
കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മിനിലോറി ഉപയോഗിച്ച് തടഞ്ഞ് പണം കവരാനായിരുന്നു ശ്രമം. ഈ കേസില്‍ കുറച്ചുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മീനങ്ങാടിയില്‍ വീണ്ടും സമാനരീതിയില്‍ കവര്‍ച്ച ആസൂത്രണംചെയ്യുന്നതിനിടെ അഞ്ചുപേരെ പിടികൂടുന്നത്. പാതിരിപ്പാലം കവര്‍ച്ചക്കേസിലെ പ്രധാനപ്രതിക്ക് അടക്കം ഇപ്പോഴുള്ള കേസിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
അന്വേഷണം നടത്തും
ഹവാലപ്പണം ഉള്‍പ്പെടെ ലക്ഷ്യമാക്കിയുള്ള കവര്‍ച്ചസംഘം ഉണ്ടെന്നാണ് കരുതുന്നത്. ഇതിലെ കുറച്ച് കണ്ണികളെയാണ് ഇപ്പോള്‍ പിടികൂടിയത്. ഇത്തരത്തിലുള്ള കവര്ച്ചസംഘങ്ങളെ കണ്ടെത്താനായി അന്വേഷണം തുടരും. സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ ഒരാള്‍ മുമ്പും കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായവരുടെ പേരില്‍ വേറെയും കേസുകളുണ്ട്.
ഡോ. അര്‍വിന്ദ് സുകുമാര്‍
ജില്ലാ പോലീസ് മേധാവി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..