താലിബാന്‍വിഹിതം ഒഴിവാക്കാന്‍ മാഫിയകളുടെ വിറ്റഴിക്കല്‍; മുന്ദ്രയിലെ ഹെറോയിന്‍, ഒരു കണ്ടെയ്‌നര്‍ കൂടി?


ഇ.ജി. രതീഷ്/ കെ.ആര്‍. അമല്‍

പ്രതീകാത്മക ചിത്രം | ANI

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് പിടികൂടിയതോടെ, ഇതേ കമ്പനിയുടെ പേരില്‍ മൂന്നു മാസം മുമ്പുവന്ന മറ്റൊരു കണ്ടെയ്നര്‍ കൂടി സംശയത്തിന്റെ നിഴലിലായി.

അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് എന്ന കമ്പനി നിമ്രൂസ് പ്രവിശ്യയില്‍നിന്ന് ഇന്ത്യയിലേക്ക് കയറ്റിയയച്ച ടാല്‍ക്കം കല്ലുകളുടെ മറവിലാണ് ഹെറോയിന്‍ ഒളിച്ചു കടത്തിയത്. വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയാണ് കാണ്ഡഹാര്‍ കമ്പനിയുമായി ഇടപാട് നടത്തിയിരുന്നത്.

ആഷി ട്രേഡിങ് കമ്പനി കാണ്ഡഹാറില്‍നിന്ന് കഴിഞ്ഞ ജൂണില്‍ നടത്തിയ മറ്റൊരു ഇറക്കുമതിയാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.

25 ടണ്‍ ടാല്‍ക്കം ബ്‌ളോക്കുകളായിരുന്നു കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഡല്‍ഹിയിലേക്കുള്ളതായിരുന്നു ചരക്ക്. എന്നാല്‍, മുന്ദ്രയില്‍ നിന്ന് ഡല്‍ഹി വരെ ട്രക്ക് പോയതിന്റെ രേഖകളൊന്നും ടോള്‍ ഗേറ്റുകളില്‍ നിന്ന് ലഭിച്ചില്ല. ഡല്‍ഹിയിലെ ബിസിനസുകാരന്റെ വിലാസവും വ്യാജമായിരുന്നു. രണ്ട് കണ്ടെയ്‌നറുകള്‍കൂടി എത്താനുമുണ്ട്.

മയക്കുമരുന്നുവേട്ടയുടെ അന്വേഷണത്തില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥരും സഹകരിക്കുന്നുണ്ട്. ഏതാനും അഫ്ഗാന്‍ പൗരന്‍മാരെയും പിടികൂടിയിട്ടുണ്ട്. അഹമ്മദാബാദിലെ ഒരു കമ്പനിയിലും റെയ്ഡ് നടത്തി. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ അറബിക്കടല്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് കൂടിയിട്ടുണ്ടെന്നാണ് നര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. താലിബാനു നല്‍കേണ്ട വിഹിതം ഒഴിവാക്കാനാണ് നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാന്‍ മാഫിയാ സംഘങ്ങള്‍ ശ്രമിക്കുന്നത്.

തെറ്റായ പ്രചാരണം നിര്‍ത്തണം -അദാനി ഗ്രൂപ്പ്

തങ്ങളുടെ കമ്പനിക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന അപവാദങ്ങളില്‍ മുന്ദ്ര തുറമുഖത്തിന്റെ ഉടമകളായ അദാനി ഗ്രൂപ്പ് പ്രതിഷേധിച്ചു. രാജ്യത്തെ ഒരു തുറമുഖ നടത്തിപ്പുകാര്‍ക്കും കണ്ടെയ്‌നര്‍ പരിശോധിക്കാനാവില്ല. അത് സര്‍ക്കാര്‍ ഏജന്‍സികളുടെ ചുമതലയാണ്. മയക്കുമരുന്ന് കണ്ടെത്തിയ അന്വേഷണ ഏജന്‍സിയെ അഭിനന്ദിക്കുന്നു. തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു.

അഫ്ഗാന്‍-ശ്രീലങ്ക മയക്കുമരുന്ന് റൂട്ടിലെ ഇടത്താവളമായി കേരളം

കൊച്ചി: തീരം വഴി വലിയ അളവില്‍ ലഹരി ഇന്ത്യയിലേക്ക് ഒഴുകുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് 21,000 കോടി രൂപയുടെ ഹെറോയിന്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഡി.ആര്‍.ഐ. പിടിച്ചത്. അറബിക്കടലിലൂടെ ആയുധങ്ങളും മയക്കുമരുന്നും കേരള തീരത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിയാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

എല്‍.ടി.ടി.ഇ.യുടെ പുനരുജ്ജീവനത്തിനായി പ്രധാനമായി ഫണ്ടിങ് നടക്കുന്നത് ലഹരിമരുന്ന് വ്യാപാരത്തിലൂടെയാണ്. അഫ്ഗാനില്‍നിന്ന് ശ്രീലങ്കയിലേക്ക് ഇതിനായി ഇന്ത്യയുടെ തീരംവഴി ജലഗതാഗത റൂട്ട് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്.

വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ തകര്‍ന്ന എല്‍.ടി.ടി.ഇ, പഴയ ലഹരി മരുന്ന് വ്യാപാരത്തിലേക്ക് തിരിച്ചെത്തി ശക്തരാകാന്‍ ശ്രമിക്കുന്നതാണ് അറബിക്കടലിലൂടെയുള്ള മയക്കുമരുന്ന് കടത്ത് ശക്തമാകാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അഫ്ഗാനിസ്താനില്‍ വന്‍ തോതില്‍ പോപ്പി കൃഷി നടത്തുകയും ഇതില്‍ നിന്ന് ഹെറോയിന്‍ വേര്‍തിരിച്ച് എടുക്കുകയും ചെയ്യുന്നുണ്ട്. ഇത് ബോട്ടുകള്‍ വഴി അറബിക്കടലിലൂടെ ഇന്ത്യയുടെ അതിര്‍ത്തിയിലെത്തിക്കും. ഇതിന് പ്രധാനമായും തിരഞ്ഞെടുക്കുന്നത് കേരള തീരമാണ്.

മാലദ്വീപിലേക്കും മലേഷ്യയിലേക്കും കടത്ത്

കേരളത്തില്‍നിന്ന് വ്യോമ മാര്‍ഗവും കടല്‍മാര്‍ഗവും മാലിദ്വീപിലേക്ക് ലഹരി വസ്തുക്കള്‍ ഒഴുകുന്നുണ്ട്. മലേഷ്യയിലേക്ക് ചെന്നൈയില്‍നിന്ന് കാര്‍ഗോ പാഴ്സലായി സിന്തറ്റിക് ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് എം.ഡി.എം.എ. നെതര്‍ലാന്‍ഡ്സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്ന് കൂറിയറായി എത്തിക്കുകയാണ്.

ഇന്ത്യയെ ലക്ഷ്യംവെച്ച് മയക്കുമരുന്ന് മാഫിയ

പരമ്പരാഗതമായി പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ വഴിയാണ് മയക്കുമരുന്ന് എത്തിയിരുന്നത്. ഇവകൂടാതെ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴിയും എത്തിയിരുന്നു. ഇപ്പോള്‍ കനത്ത സുരക്ഷ കാരണം മറ്റ് പല വഴികളും തേടിയിരിക്കുകയാണ്.

drugs
കടപ്പാട്: യു.എന്‍.ഒ.ഡി.സി. റിപ്പോര്‍ട്ട്, തയ്യാറാക്കിയത് വരുണ്‍ പി.മാവേലില്‍

ഗുജറാത്ത്, മുംബൈ തീരങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുമാണ് ഇപ്പോള്‍ കടത്ത്. കഴിഞ്ഞ ആറുമാസത്തിനിടെ ഡല്‍ഹി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 86 കിലോഗ്രാമോളം ഹെറോയിന്‍ അധികൃതര്‍ പിടിച്ചെടുത്തു. വിദേശികള്‍ ഉള്‍പ്പെടെ 20 പേരെ അറസ്റ്റ് ചെയ്തു.

അഫ്ഗാനിലെ കറുപ്പ് പാടങ്ങള്‍...

ലോകത്ത് 80 ശതമാനവും കറുപ്പ് ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്താനിലാണ്. ഒരുലക്ഷത്തിലധികം ഹെക്ടര്‍ സ്ഥലത്താണ് അഫ്ഗാന്‍ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടി കൃഷി ചെയ്യുന്നത്. ഒരുലക്ഷത്തിലധികം പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. കറുപ്പും അതില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹെറോയിനും വില്‍പ്പന നടത്തുന്നതാണ് അഫ്ഗാന്റെ പ്രധാന വരുമാന സ്രോതസ്സ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented