19-ാം വയസില്‍ കൂട്ടുകാരനെ കൊന്ന് കുഴിച്ചുമൂടിയ റോക്കി; ഒരാഴ്ച ബൈക്കില്‍ കറങ്ങിയത് 3000 കിലോമീറ്റര്‍


പിടിയിലായ നിശാന്ത്, റോക്കി റോയി

ഹരിപ്പാട്: സ്ത്രീകളെ ആക്രമിക്കുകയും മാലപൊട്ടിച്ചെടുക്കുകയുംചെയ്ത കേസുകളില്‍ പിടിയിലായ നിശാന്ത് സ്റ്റാലിനും റോയി റോക്കിയും ഒരാഴ്ചയ്ക്കകം ബൈക്കില്‍ യാത്രചെയ്തത് 3,000 കിലോമീറ്ററോളം. ചിറയിന്‍കീഴില്‍നിന്ന് ആലപ്പുഴയിലൂടെയും കോട്ടയം വഴിയും എറണാകുളത്തേക്കും തിരിച്ചും ബൈക്കോടിച്ചു. ഇതിനൊപ്പം നെടുമങ്ങാട് വഴി തിരുനെല്‍വേലിയിലേക്കും പിന്നീട് കോയമ്പത്തൂര്‍ വഴി ബെംഗളൂരുവിലേക്കും പോയി മടങ്ങിയെത്തി. സെപ്റ്റംബര്‍ 20 മുതല്‍ പിടിയിലാകുന്ന ദിവസംവരെയുള്ള പ്രതികളുടെ യാത്രയുടെ കണക്കെടുപ്പു നടത്തിയപ്പോഴാണ് 3,000 കിലോമീറ്ററോളമായതായി പോലീസ് കണ്ടെത്തിയത്.

18-ന് ഉച്ചയ്ക്ക് തിരുവനന്തപുരം കല്ലമ്പലത്ത് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചതോടെയാണ് പ്രതികളുടെ ആക്രമണപരമ്പര തുടങ്ങിയത്. തുടര്‍ന്ന് ബൈപ്പാസ് വഴി ചവറയിലെത്തി. കൊല്ലം ജില്ലാ പോലീസ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയെ അവിടെ വെച്ച് ആക്രമിച്ചാണ് മാലപൊട്ടിച്ചത്. തുടര്‍ന്ന് എറണാകുളത്തേക്കു ബൈക്കില്‍ പോയ പ്രതികള്‍ ആലപ്പുഴ ഭാഗത്തുവെച്ച് വഴിയാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തു. ദേശീയപാതയിലെ അരൂരില്‍ വെച്ച് പോലീസ് സംഘം ഈ ഫോണ്‍ പിന്തുടര്‍ന്ന് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

Read Also: ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ പിടിയില്‍...

അടുത്തദിവസം നാട്ടില്‍ മടങ്ങിയെത്തി. 20-നു രാത്രി വീണ്ടും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിലെ തോട്ടപ്പള്ളിയില്‍ വെച്ചാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്സിങ് അസിസ്റ്റന്റായ സുബിന തീരദേശറോഡിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതു കണ്ടത്. സുബിനയെ പിന്തുടര്‍ന്ന് ആക്രമിച്ചശേഷം ഇവര്‍ എറണാകുളത്തേക്കുപോയി. അടുത്തദിവസം വീണ്ടും നാട്ടിലെത്തി നെടുമങ്ങാട് വഴി തിരുനെല്‍വേലിയിലേക്കു ബൈക്കോടിച്ചു പോയി.

alappuzha woman attack
സുബിന വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍(ഇടത്ത്) സുബിനയ്ക്ക് തലയ്ക്കടിയേറ്റതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ടു വൈദ്യുതിത്തൂണില്‍ ഇടിച്ചുതകര്‍ന്ന സ്‌കൂട്ടര്‍(വലത്ത്)

24-ന് കൊല്ലം ബീച്ചിലെ വഴിയോരക്കച്ചവടക്കാരന്റെ ബൈക്ക് അപഹരിച്ചു. അന്നുതന്നെ ഈ ബൈക്കില്‍ കോട്ടയം നഗരത്തിലെത്തി യുവതിയുടെ മാലപൊട്ടിച്ച് വൈക്കംവഴി വീണ്ടും എറണാകുളത്തെത്തി. അവിടെ മാലവിറ്റു കിട്ടിയ പണവുമായി ബെംഗളൂരുവിലേക്കു പോയി. മടങ്ങിവരുന്നതിനിടെ ഉദുമല്‍പേട്ടയില്‍ വെച്ച് ബൈക്കപകടത്തില്‍പ്പെട്ടു. ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ഈ ബൈക്കില്‍ തിരികെവരുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആലുവയ്ക്കടുത്തുനിന്ന് വീണ്ടും മാലപൊട്ടിച്ചു. ഇതിനു പിന്നാലെ ബൈക്ക് കേടായി. ബൈക്ക് അവിടെ ഉപേക്ഷിച്ച് ബസില്‍ മടങ്ങുന്നതിനിടെയാണ് നിശാന്തിനെ പോലീസ് പിടികൂടുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. യാത്രയ്ക്കിടെ ഫോണ്‍ ഓഫാക്കിയതിനാല്‍ റോക്കിയെ പോലീസിനു പിന്തുടരാന്‍ കഴിഞ്ഞിരുന്നില്ല. നിശാന്തില്‍നിന്നു ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് റോക്കിയെ വീട്ടില്‍നിന്നു പിടികൂടിയത്.

ആദ്യം സ്വന്തം ബൈക്കില്‍, പിന്നെ മോഷ്ടിച്ച ബൈക്കില്‍ കറക്കം

തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിക്കാനെത്തിയത് റോക്കിയുടെ പേരിലുള്ള ബൈക്കിലാണ്. ഒന്നരലക്ഷം രൂപയോളമാണ് ഇതിന്റെ വില. ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണിത്.

സ്ത്രീകളെ ആക്രമിക്കാനും മാലപൊട്ടിക്കാനും ഇറങ്ങുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ഊരിവെക്കുകയാണ് പതിവ്. തൃക്കുന്നപ്പുഴ ആക്രമണത്തിനുശേഷം മൂന്നുദിവസംകൂടി മാത്രമാണ് പ്രതികള്‍ ഈ ബൈക്ക് ഉപയോഗിച്ചത്. തൃക്കുന്നപ്പുഴ സംഭവത്തിനുശേഷം പോലീസ് സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ചതായി സംശയം തോന്നിയതോടെയാണ് റോക്കി സ്വന്തം ബൈക്ക് വീട്ടില്‍വെച്ചത്. പിന്നീടുള്ള യാത്രയെല്ലാം കൊല്ലം ബീച്ചില്‍നിന്നു മോഷ്ടിച്ച ബൈക്കിലായിരുന്നു.

Read Also: ബൈക്കില്‍ പിന്തുടര്‍ന്നെത്തി തലയ്ക്കടിച്ചു,തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പോലീസ് ജീപ്പ് വന്നത് രക്ഷയായി....

നിശാന്തിന്റെ ബന്ധുവീട് കൊല്ലം ബീച്ചിനു സമീപമാണ്. ഇവിടെയെത്തിയപ്പോഴാണ് കച്ചവടക്കാരന്റെ ആഡംബര ബൈക്ക് കണ്ണില്‍പ്പെട്ടത്. ഇത് കൗതുകത്തിന് ഓടിച്ചുനോക്കാന്‍ എന്നപേരിലാണ് നിശാന്ത് വാങ്ങുന്നത്. തുടര്‍ന്ന് അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. റോക്കിയാണ് മോഷണത്തിനിറങ്ങുമ്പോഴെല്ലാം ബൈക്ക് ഓടിക്കുന്നത്. തോള്‍സഞ്ചിയും തൂക്കി പിന്നിലിരിക്കുന്ന നിശാന്തിന്റെ ദൃശ്യങ്ങളാണ് പല സ്ഥലങ്ങളില്‍നിന്നായി പോലിസിനു ലഭിച്ചത്. ഷൂസും മൊബൈല്‍ ചാര്‍ജറുമാണ് ഈ സഞ്ചിയില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.

സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചു; കുടുങ്ങി

കോട്ടയത്തുനിന്നു മോഷ്ടിച്ചസ്വര്‍ണം എറണാകുളം ബ്രോഡ്വേയിലെ സ്വര്‍ണക്കടകളില്‍ വില്‍ക്കാന്‍ ശ്രമിച്ചതാണു പ്രതികളുടെ കുടുക്കിയത്. ഇവിടെ മൂന്നുകടകളില്‍ കയറിയിറങ്ങി. കടക്കാര്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറായില്ല. മോഷണമുതലാണെന്നു സംശയം പറഞ്ഞാണു കടക്കാര്‍ ഒഴിവാക്കാന്‍ ശ്രമിച്ചത്. ഇതില്‍ ഒരു കടയില്‍ റോക്കി ഫോണ്‍നമ്പര്‍ കൊടുത്തിരുന്നു. എന്നിട്ടും അവര്‍ സ്വര്‍ണം വാങ്ങിയില്ല. ഇവിടെ കടകളില്‍ ചിലര്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചതായി ഒരു കടയുടമ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആലപ്പുഴ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ബിനുകുമാറിന്റെ നേതൃത്വത്തിലെ പോലീസ്സംഘം അന്‍പതോളം സ്വര്‍ണക്കടകളില്‍ പരിശോധന നടത്തി. ഇതിനിടെയാണ് ഒരുകടയില്‍നിന്നു പ്രതികളുടെ മുഖം വ്യക്തമാകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ കിട്ടുന്നത്.

കടയ്ക്കുള്ളില്‍ കയറിയപ്പോള്‍ ഇരുവരും മുഖാവരണം ധരിച്ചിരുന്നു. എന്നാല്‍, കടയ്ക്കുപുറത്തുനിന്നു സംസാരിച്ചപ്പോള്‍ ഏതാനും സെക്കന്‍ഡുകള്‍ നേരത്തേക്കു റോക്കി മുഖാവരണം മാറ്റിയിരുന്നു. ഈ ചിത്രമാണ് കേസില്‍ വഴിത്തിരിവായത്. വിവിധജില്ലകളിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ഈ ചിത്രം ഇട്ടപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ഒരു ഉദ്യോഗസ്ഥനാണ് റോക്കിയെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ തമിഴ്നാട്ടിലാണെന്നു തിരിച്ചറിഞ്ഞു. ഉച്ചയോടെ സേലത്തുവച്ച് ഈ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ പോലീസ് സംഘം ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണു നിശാന്താണ് ഒപ്പമുള്ളതെന്നു തിരിച്ചറിയുന്നത്. പിന്നീട് നിശാന്തിന്റെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണു നീണ്ടകരപ്പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി ഇയാളെ പിടികൂടുന്നത്.

തൃക്കുന്നപ്പുഴയിലെ ആക്രമണത്തിനുശേഷം എറണാകുളത്തെത്തിയ പ്രതികള്‍ അവിടെ ലിസി ജങ്ഷനില്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഇവിടെ റോക്കിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി പിന്നീട് പോലീസിനു വിവരം ലഭിച്ചു. ഈ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൂട്ടുകാരനെ കൊന്നു കുഴിച്ചുമൂടിയ ക്രൂരത; റോക്കി കൊടുംക്രിമിനലെന്നു പോലീസ്

കൂട്ടുകാരനായ ഡിക്സനെ കൊന്നുകുഴിച്ചുമൂടിയ കേസിലാണ് റോക്കി റോയി ആദ്യം അറസ്റ്റിലാകുന്നത്. അതും 19 വയസ്സുള്ളപ്പോള്‍. ആറ്റിങ്ങലില്‍ വെച്ച് 13 വയസ്സുള്ള പെണ്‍കുട്ടിയുടെ മാലപൊട്ടിച്ച കേസില്‍ ഇയാളെ പിടികൂടിയ വനിതാ എസ്.ഐ.യെ ആക്രമിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ കേസുണ്ട്. കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ രണ്ടു കേസുകളും ചിറയിന്‍കീഴില്‍ മൂന്നു കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതിലൊന്ന് പോക്‌സോ കേസാണ്.

റോക്കി പ്രതിയായ 13 കേസുകളാണുള്ളത്. സ്ത്രീകളെ ആക്രമിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവക്കാരനാണു പ്രതിയെന്ന് പോലീസ് പറഞ്ഞു. മാലപൊട്ടിച്ചെടുക്കുന്നതിനെക്കാള്‍ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നതിനാണ് ഇയാള്‍ ബൈക്കോടിച്ച് ഇറങ്ങുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented