അക്രമികൾ ഉപേക്ഷിച്ച കാർ വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു(ഇടത്ത്) കാറിലെ രഹസ്യഅറ(വലത്ത്) ഫോട്ടോ: മാതൃഭൂമി
കോയമ്പത്തൂർ: കാറും പണവും നഷ്ടമായെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ പരാതിക്കാരുടെ വാഹനത്തിൽനിന്ന് 90ലക്ഷം രൂപ കണ്ടെത്തി. മലപ്പുറം സ്വദേശികളെ ആക്രമിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തെത്തുടർന്നുള്ള പോലീസ് അന്വേഷണത്തിലാണ് 90ലക്ഷം കണ്ടെത്തിയത്.
ഇതോടെ കണ്ടെത്തിയ പണവും കവർച്ചചെയ്ത പണവുമെല്ലാം ഹവാല സംഘങ്ങളുടെയാണെന്നാണ് പോലീസ് നിഗമനം. മലപ്പുറം പൂക്കോട്ടൂർ അബ്ദുൽസലാം (50), ഡ്രൈവർ പൂക്കോട്ടൂർ പാണക്കാടൻ ഷംസുദ്ദീൻ (42) എന്നിവരെയാണ് 25-ന് പുലർച്ചെ കോയമ്പത്തൂർ-പാലക്കാട് റോഡിൽ നവക്കരയിൽ അഞ്ചുപേർ ചേർന്ന് ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറും മൊബൈൽഫോണുകളും അക്രമികൾ കൊണ്ടുപോയിരുന്നു.
ബെംഗളൂരുവിൽനിന്ന് മലപ്പുറത്തേക്ക് കാറിൽ വരികയായിരുന്നു ഇരുവരും. പുലർച്ചെ നാലരയ്ക്ക് മറ്റൊരുകാറിൽ പിന്തുടർന്നുവന്ന സംഘം ഇവരുടെ കാറിന് പിറകിൽ ഇടിച്ചതായും തൊട്ടുമുമ്പിൽ ഒരു ലോറി വഴിമുടക്കിനിന്നതായും അബ്ദുൽസലാം കെ.ജി. ചാവടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇടിച്ചിട്ട കാറുകാരോട് സംസാരിക്കുന്നതിനിടെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി തള്ളിയിട്ടശഷം അക്രമികൾ കാറുമായി തമിഴ്നാട് ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു.
ഉടൻതന്നെ ഐ.ജി. പെരിയയ്യ സംഭവസ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തുകയും ജില്ലയിൽ വാഹനപരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തു. ശനിയാഴ്ച കാർ മാതംപട്ടി ഗ്രാമഭാഗത്ത് കണ്ടെത്തുകയും കെ.ജി. ചാവടി പോലീസെത്തി കാർ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പരാതി നൽകിയവർ കാറുമായി നാട്ടിലേക്ക് മടങ്ങാൻ തീവ്രശ്രമം ആരംഭിച്ചതോടെ പോലീസുകാർ കാർ പരിശോധനതുടങ്ങി. തുടർന്നാണ് നാല് അറകളിലായി 90 ലക്ഷം കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റിൽ സമ്പാദിച്ച തുകയാണ് ഇതെന്നാണ് അബ്ദുൽസലാം പോലീസിന് നൽകിയ മൊഴി. കോയമ്പത്തൂർ ജില്ലാ പോലീസ് മേധാവി ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഈ കേസ് ഇ.ഡി. ആദായനികുതി വകുപ്പുകൾക്ക് വിവരം നൽകിയതായി അറിയിച്ചു.
പ്രത്യേക പോലീസ് സംഘം മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു. വിദേശത്തുനിന്ന് അനധികൃതമായി മുംബൈവഴി ബെംഗളൂരുവിലേക്ക് എത്തിക്കുന്ന പണം കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
ഇത്തരത്തിൽ കണ്ണൂർ കേന്ദ്രീകരിച്ച് എട്ട് സംഘങ്ങളും മലപ്പുറം കേന്ദ്രീകരിച്ച് അഞ്ച് സംഘങ്ങളും ഹവാല പണമിടപാട് നടത്തുന്നതായി കേസന്വേഷണസംഘം പറയുന്നു.
Content Highlights:hawala money seized from coimbatore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..