ന്യൂഡല്‍ഹി പെഗാസസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജികളില്‍ നിലപാട് തയ്യാറാക്കാന്‍ വെള്ളിയാഴ്ച വരെ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തവര്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ ഇന്ന് നടന്ന വാദ പ്രതിവാദങ്ങള്‍ ഇങ്ങനെ
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാറിന് എല്ലാവരും കൈമാറിയോ?
ശ്യാം ദിവാന് (ഹര്‍ജിക്കാര്‍ക്ക് വേണ്ടി) : ഞാന്‍ 10.6 നാണ് ഹാജരാകുന്നത്. പകര്‍പ്പ് കേന്ദ്രത്തിന് കൈമാറിയിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആരെങ്കിലും ഹാജരായിട്ടുണ്ടോ?
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത : ഞാനാണ് ഹാജരാകുന്നത്. ഒന്ന് ഒഴികെ എല്ലാ ഹര്‍ജികളുടെയും പകര്‍പ്പ് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചിരുന്നു. യശ്വന്ത് സിന്‍ഹയുടെ ഹര്‍ജി മാത്രം ലഭിച്ചിട്ടില്ല. അതില്‍ പരാതി ഇല്ല. ഈ ഹര്‍ജികളില്‍ സര്‍ക്കാരിന്റെ മറുപടി ലഭിക്കാന്‍ കുറച്ച് സമയം കൂടി ആവശ്യമാണ്.
(പശ്ചാത്തലത്തില്‍ പലരുടെയും ശബ്ദങ്ങള്‍ കേള്‍ക്കുന്നു)
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : എത്ര പേരെയാണ് കണക്ട് ചെയ്തിരിക്കുന്നത്? തുഷാര്‍ മേത്ത ഒഴികെ എല്ലാവരുടെയും മൈക്ക് ഓഫ് ചെയ്യണം.
എം എല്‍ ശര്‍മ്മ (ഹര്ജിക്കാരന്) : ഞാന്‍ ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : മിസ്റ്റര്‍ ശര്‍മ്മ നിങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കു. ഞങ്ങള്‍ തുഷാര്‍ മേത്തയെ കേള്‍ക്കുകയാണ്.
തുഷാര്‍ മേത്ത : ഹര്‍ജികളില്‍ മറുപടി നല്കാന് കുറച്ച് സമയം വേണം. ചുരുങ്ങിയത് രണ്ട് പ്രവൃത്തി ദിവസങ്ങളെങ്കിലും. കോടതിക്ക് ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റണം.
സി. യു സിങ് (ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്) : വെള്ളിയാഴ്ചത്തേക്ക് മാറ്റുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. കോടതി ഹര്‍ജികളില്‍ നോട്ടീസ് അയക്കണം.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : വെള്ളിയാഴ്ച എനിക്ക് അസൗകര്യം ഉണ്ട്. തിങ്കളാഴ്ച പരിഗണിക്കാം.
സി. യു സിങ് : നോട്ടീസ് അയക്കണം
ചീഫ് ജസ്റ്റിസ് എന്‍ വി രമണ :തിങ്കളാഴ്ച അക്കാര്യത്തില്‍ തീരുമാനം എടുക്കാം.
ശ്യാം ദിവാന് (ഹര്‍ജിക്കാര്‍ക്ക് വേണ്ടി) : കപില്‍ സിബലിന്റെ മൈക്ക് ഓണ്‍ ചെയ്യണം. അദ്ദേഹം എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : സിബലിന്റെ മൈക്ക് ഓണ്‍ ചെയ്യൂ.
തുഷാര്‍ മേത്ത : സിബല്‍ നാലാം നമ്പര്‍ കോടതിയില്‍ മറ്റൊരു കേസില്‍ വാദിച്ച് കൊണ്ടിരിക്കുകയാണ്. എനിക്ക് അത് കാണാം.
(സിബൽ പെട്ടെന്ന് ഒന്നാം നമ്പര്‍ കോടതിയില്‍ എത്തുന്നു. ചീഫ് ജസ്റ്റിസ് എന്തോ പറയാന്‍ ശ്രമിക്കുന്നു. പക്ഷെ ശബ്ദം വ്യക്തമല്ല. തുടര്‍ന്ന് അഭിഭാഷകര്‍ അക്കാര്യം ചൂണ്ടിക്കാട്ടി)
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : ഞങ്ങള്‍ മൂന്ന് പേര്‍ക്കും നിങ്ങളോടായി ഒരു കാര്യം പറയാനുണ്ട്. ഇത് ഞങ്ങളുടെ സന്ദേശമാണ്. കോടതിയില്‍ ഒരു സംവാദമാണ് നടക്കുന്നത് എന്ന ബോധ്യം വേണം. ചില ചോദ്യങ്ങള്‍ കോടതി ചോദിക്കും. ചിലത് നിങ്ങള്‍ക്ക് സൗകര്യ പ്രദമായിരിക്കും. ചിലത് ബുദ്ധിമുട്ടുള്ളതായിരിക്കും. ചിലത് സര്‍ക്കാരിന് ബുദ്ധിമുള്ളതാകും. പക്ഷേ ഉത്തരങ്ങള്‍ ലഭിക്കാനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതിന് ഉത്തരം ഉണ്ടാകണം. പെഗാസസ് ഹര്‍ജിയുമായി കോടതിയില്‍ എത്തുന്നവര്‍ മാധ്യമ അഭിമുഖങ്ങളിലും, സമൂഹ മാധ്യമങ്ങളിലും അഭിപ്രായം പറയുന്നത് ശ്രദ്ധയില്‍ പെട്ടു. പക്ഷെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഉണ്ടാകണം. വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകണം. നിങ്ങളുടെ അഭിഭാഷകരിലൂടെ വിഷയം കോടതിയെ അറിയിക്കു.
കപില്‍ സിബല്‍ : കഴിഞ്ഞ തവണ റാമിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കാലിഫോര്‍ണിയ കോടതിയിലെ നടപടികളെ കുറിച്ച് ചീഫ് ജസ്റ്റിസ് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഞാന്‍ അക്കാര്യം പരിശോധിച്ചു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : ഞാന്‍ ഒരു ചോദ്യമാണ് ചോദിച്ചത്. ഞാന്‍ മുഴുവന്‍ വായിച്ചിരുന്നില്ല. പക്ഷേ എന്റെ ചോദ്യത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. എല്ലാ ചര്‍ച്ചകള്‍ക്കും പരിധിയുണ്ട്. അത് പരിധി കടക്കരുത്.
കപില്‍ സിബല്‍ : ശരിയാണ്. റാമിന് എതിരെ വലിയ തോതിലുള്ള ആക്രമണം ആ പരാമര്‍ശത്തിന്റെ പേരില്‍ ഉണ്ടായി.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : കോടതിയെ നിങ്ങള്‍ ആശ്രയിക്കുകയാണെങ്കില്‍ ആ വ്യവസ്ഥയില്‍ വിശ്വാസം വേണം. അച്ചടക്കം വേണം.
കപില്‍ സിബല്‍ : ഇവിടെ കേസ് നടക്കുമ്പോള്‍, പുറത്ത് ചര്‍ച്ച നടക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : ഇക്കാര്യം നിങ്ങളുടെ കക്ഷികളോട് പറയു.
മീനാക്ഷി അറോറ, ശ്യാം ദിവാന്, സീനിയര്‍ അഭിഭാഷകന് രാകേഷ് ദ്വിവേദി എന്നിവര്‍ ചീഫ് ജസ്റ്റിസ് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.
വികാസ് സിംഗ് ( കെ എന്‍ ഗോവിന്ദ് ആചാര്യക്ക് വേണ്ടി) : ഞങ്ങള്‍ ഒരു ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അത് കൂടി ഇതോടൊപ്പം കേള്‍ക്കണം. 2018 ല്‍ നല്കിയിരുന്നപ്പോള് പാര്‍ലമെന്ററി സമിതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : ആ ഹര്‍ജി കൂടി ഈ ഹര്‍ജികള്‍ക്കൊപ്പം ഒപ്പം ടാഗ് ചെയ്യൂ.
ശ്യാം ദിവാന് : ഇന്ന് എല്ലാ അഭിഭാഷകരുടെയും മുഖം കൃതമായി കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ജഡ്ജിമാരുടെ മുഖം വ്യക്തമല്ല.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ : (ചിരിച്ച് കൊണ്ട്) അങ്ങനെ പറയരുത്. ചിലര്‍ അതിനെ തെറ്റായി എടുക്കും. മുന്നൂറില്‍ അധികം പേരാണ് ഇന്നത്തെ ഓണ്‍ലൈന്‍ വാദത്തില്‍ ലോഗ് ഇന്‍ ചെയ്തിരിക്കുന്നത്. അത് കൊണ്ടാണ്. ഈ സംവിധാനം മെച്ചപ്പെടുത്താനുളള ശ്രമം ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ എല്ലാം അടുത്ത തിങ്കളാഴ്ച കേള്‍ക്കാം.
content highlights: have faith in the system and not take part in parallel debates on social media, says SC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..