സിറാജുദ്ദീൻ
ശാസ്താംകോട്ട: ഹജ്ജിനു കൊണ്ടുപോകാമെന്ന് പറഞ്ഞുപറ്റിച്ച് 1.18 കോടി രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ചെന്നൈയിൽനിന്നാണ് പ്രതി പിടിയിലായത്. കന്യാകുമാരി തക്കല ഞാനിയാർ സ്ട്രീറ്റിൽ ആദം ലൈല അപ്സ്റ്റെയറിൽ സിറാജുദ്ദീനെ(44)യാണ് ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ കന്നിമേൽ മുബാറക് മൻസിലിൽ (ഇടയില വീട്) നജിമുദ്ദീനെയും സുഹൃത്തുക്കളായ 77 പേരെയും ഹജ്ജിനു കൊണ്ടുപോകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2018-ലായിരുന്നു സംഭവം. സിറാജുദ്ദീൻ തക്കലയിൽ ട്രാവൽ ഏജൻസി നടത്തിയിരുന്നു. പുരോഹിതനായ നജിമുദ്ദീന്റെ നേതൃത്വത്തിൽ സംഘമായി ഹജ്ജിന് പോകാനായി ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് വിസയ്ക്കായി പാസ്പോർട്ടും തുകയും നൽകി. എന്നാൽ യാത്ര നടത്താതെ പണം തട്ടുകയായിരുന്നെന്ന് സി.ഐ. അനൂപ് പറഞ്ഞു.
തക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടന്നില്ല. പലതവണ നടത്തിയ മധ്യസ്ഥശ്രമങ്ങളും ഫലിച്ചില്ല. ഇതിനിടയിൽ പാസ്പോർട്ട് തിരികെ നൽകിയെങ്കിലും പണം മടക്കിക്കൊടുത്തില്ല. തുടർന്ന് ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്നു നടത്തിയ അന്വേഷണമാണ് സഹായകമായത്. ശാസ്താംകോട്ട എസ്.ഐ. അനീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ വിനയൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ചെന്നൈയിലെത്തി പ്രതിയെ പിടികൂടിയത്. റൂറൽ എസ്.പി. ഹരിശങ്കറിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചിരുന്നു.
Content Highlights:hajj visa fraud case accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..