പ്രതീകാത്മക ചിത്രം | PTI
ഗുരുഗ്രാം: തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ ഭാര്യയില്‍നിന്ന് പണം കൈക്കലാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗുരുഗ്രാമിലെ രാജീവ്‌നഗര്‍ സ്വദേശി അനൂപ് യാദവിനെയാണ് ഭാര്യയുടെ പരാതിയില്‍ പോലീസ് പിടികൂടിയത്. ജനുവരി രണ്ടാം തീയതിയായിരുന്നു സംഭവം.
അനൂപ് യാദവും ഭാര്യ ദീപികയും ഒരേ കമ്പനിയില്‍ ജോലിചെയ്യുന്നവരാണ്. രണ്ടാം തീയതി വൈകിട്ട് കമ്പനിയുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അനൂപ് വീട്ടില്‍നിന്ന് സെക്ടര്‍ 29-ലേക്ക് പോയത്. എന്നാല്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല. ഇതിനിടെ ഒരു അജ്ഞാത നമ്പറില്‍ നിന്ന് ദീപികയുടെ ഫോണിലേക്ക് വാട്‌സാപ്പ് സന്ദേശം ലഭിച്ചു. അനൂപിനെ തട്ടിക്കൊണ്ടുപോയതാണെന്നും രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നുമായിരുന്നു സന്ദേശം. ഇതോടെ പരിഭ്രാന്തിയിലായ ദീപിക ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സെക്ടര്‍ 29 പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ദീപികയുടെ പരാതി ലഭിച്ചയുടന്‍ വാട്‌സാപ്പ് സന്ദേശം വന്ന നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം അനൂപിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ മനേസറാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവിടെ നടത്തിയ തിരച്ചിലില്‍ ഐ.എം.ടി. മനേസര്‍ ചൗക്കില്‍നിന്ന് അനൂപിനെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അനൂപിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കള്ളക്കഥയായിരുന്നുവെന്നും ഭാര്യയില്‍നിന്ന് പണം കൈക്കലാക്കാനാണ് നാടകം കളിച്ചതെന്നും വ്യക്തമായത്. ഒട്ടേറെപേരില്‍നിന്നായി അനൂപ് നേരത്തെ പണം കടം വാങ്ങിയിരുന്നു. ഇവര്‍ പണം തിരിച്ചുചോദിച്ചതോടെ യുവാവ് സമ്മര്‍ദത്തിലായി. തുടര്‍ന്നാണ് കടം വീട്ടാനുള്ള പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിനായി നേരത്തെ മറ്റൊരു സിം കാര്‍ഡ് വാങ്ങിയിരുന്നു. ഈ നമ്പറില്‍നിന്നാണ് ഭാര്യയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. ഭാര്യ പണവുമായി വരുമെന്നാണ് കരുതിയതെന്നും ഒരിക്കലും പോലീസില്‍ പരാതി നല്‍കുമെന്ന് വിചാരിച്ചില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.
Content Highlights: gurugram man fakes his own kidnapping seeks ransom from wife, arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..