Screengrab: Youtube.com|Aaj Ki Khabar
ഗാസിയാബാദ്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ വധുവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം കഴിച്ചതായും ആരോപണമുണ്ട്.
വെള്ളിയാഴ്ച രാത്രി സാഹിബാബാദിലെ ഒരു ഹാളില്‍നടന്ന വിവാഹചടങ്ങാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പണം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍നിന്ന് പിന്മാറുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വധുവിന്റെ കൂട്ടര് കുപിതരാവുകയും വരനെയും മറ്റും സംഘംചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷെര്‍വാണി ധരിച്ച വരനെ ഒരുകൂട്ടമാളുകള്‍ വലിച്ചിഴച്ച് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് ബന്ധുവായ ഒരു സ്ത്രീയാണ് വരനെ മര്‍ദനത്തില്‍നിന്ന് രക്ഷിച്ചത്.
വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ വജ്രമോതിരവും വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനുപിന്നാലെയാണ് വരന്റെ പിതാവ് പത്ത് ലക്ഷം രൂപ കൂടെ ആവശ്യപ്പെട്ടത്. അതേസമയം, വരനായ യുവാവ് നേരത്തെ മൂന്ന് വിവാഹം കഴിച്ചതായും വധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: groom thrashed at marriage function bride relative alleges groom asked more dowry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..